

കാലം 21-ാം നൂറ്റാണ്ട്. സ്ത്രീ ശാക്തീകരണ പദ്ധതികൾ പുതിയ മാനം കൈവരിക്കുകയാണ്. ഇന്ത്യയിൽ മാറി വരുന്ന ഓരോ സംസ്‌ഥാന സർക്കാരുകളും സ്ത്രീ ശാക്തീകരണത്തിനായി നൂതന ആശയങ്ങളാണ് മുന്നോട്ട് വെക്കുന്നത്. അതിൽ സ്ത്രീകൾക്ക് ഏറെ പ്രയോജനപ്പെട്ട ഒരു പദ്ധതിയാണ് സൗജന്യ ബസ് യാത്ര. ഇന്ത്യയിലെ 8 സംസ്ഥാനങ്ങൾ നിലവിൽ സ്ത്രീകൾക്കായി സൗജന്യ ബസ് യാത്ര ക്രമീകരിച്ചുകഴിഞ്ഞു.
സ്ത്രീകളുടെ ജീവിതനിലാവരം ഉയർത്താൻ സൗജന്യ ബസ് യാത്ര പദ്ധതികൾക്ക് സാധിച്ചു എന്നത് തർക്കമില്ലാത്ത വസ്തുതയാണ്. ജോലിക്കും പഠനത്തിനും മറ്റുമായി സ്ഥിരം യാത്രചെയ്യേണ്ടി വരുന്ന സ്ത്രീകൾക്ക് പ്രസ്തുത പദ്ധതികൾ ഏറെ ഉപകാരപ്പെട്ടിട്ടുണ്ട്. പദ്ധതി, സ്ത്രീകളുടെ ആത്മവിശ്വാസം വർധിപ്പിക്കാനും സാമ്പത്തിക സ്വാതന്ത്ര്യം കൈവരിക്കാനും ഏറെ സഹായിച്ചു. സ്ത്രീകൾക്കായി സൗജന്യ ബസ് യാത്ര ക്രമീകരിച്ച ഇന്ത്യയിലെ ആ 8 സംസ്‌ഥാനങ്ങൾ ഒന്ന് പരിചയപ്പെട്ടാലോ?

ഡൽഹി
സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര എന്ന വിപ്ലവകരമായ ആശയം ആദ്യം നടപ്പിലാക്കിയത് ഡൽഹി സർക്കാരാണ്. 2019ൽ ആരംഭിച്ച 'pink ticket' സംവിധാനം ലക്ഷക്കണക്കിന് സ്ത്രീകൾക്ക് വലിയൊരു സാമ്പത്തിക ആശ്വാസമായി മാറി. ഇപ്പോൾ ഈ പദ്ധതി കൂടുതൽ digitalise ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. 'പിങ്ക് സഹേലി സ്മാർട്ട് കാർഡുകൾ' ഉപയോഗിച്ച് ഡൽഹിയിൽ സ്ത്രീകൾക്ക് സുഗമമായി യാത്ര ചെയ്യാം.
തമിഴ്‌നാട്
സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര ലഭ്യമാക്കുന്നതിനായി തമിഴ്‌നാട് സർക്കാർ 2021ൽ ആരംഭിച്ച 'വിടിയൽ പയണം' പദ്ധതി വൻ വിജയമായിരുന്നു. തമിഴ് സ്ത്രീകളുടെ ജീവിതശൈലി തന്നെ മാറ്റിമറിച്ച വിപ്ലവകരമായ ഒരു പദ്ധതിയായിരുന്നു 'വിടിയൽ പയണം'. ചെന്നൈ, മധുര, കോയമ്പത്തൂർ തുടങ്ങിയ നഗരങ്ങളിലെ സാധാരണക്കാരായ സ്ത്രീകൾക്ക് ഈ പദ്ധതി വലിയ സാമ്പത്തിക ലാഭമാണ് നൽകിയത്. ക്ഷേത്ര നഗരങ്ങളിലേക്കും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും സ്ത്രീകൾക്ക് ഇപ്പോൾ കുറഞ്ഞ ചിലവിൽ എത്തിച്ചേരാൻ സാധിക്കും.
പഞ്ചാബ്
പഞ്ചാബിൽ സ്ത്രീകൾക്ക് സർക്കാർ ബസുകളിൽ സൗജന്യ യാത്ര ലഭ്യമായി തുടങ്ങിയത് 2021 ഏപ്രിൽ മുതലാണ്. ആധാർ കാർഡോ വോട്ടർ ഐഡിയോ കാണിച്ച് പഞ്ചാബിലെ സ്ത്രീകൾക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം. പഞ്ചാബ് സർക്കാരിന്റെ ഈ തീരുമാനം അമൃത്സർ, പട്യാല തുടങ്ങിയ നഗരങ്ങളിലേക്കുള്ള സ്ത്രീകളുടെ യാത്ര കൂടുതൽ എളുപ്പമാക്കി.
കർണാടക
കർണാടകയിൽ 2023 ജൂണിൽ ആരംഭിച്ച 'ശക്തി' പദ്ധതി ദേശീയതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ലക്ഷ്വറി അല്ലാത്ത സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് സംസ്ഥാനത്തുടനീളം സൗജന്യമായി യാത്ര ചെയ്യാം. മൈസൂരു, ഹംപി, കൂർഗ് തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പോകാൻ ആഗ്രഹിക്കുന്ന സോളോ ട്രാവലേഴ്സിന് (Solo Travellers) ഈ പദ്ധതി ഏറെ ഉപകാരപ്പെടുന്നു.

തെലങ്കാന
2023 ഡിസംബറിലാണ് തെലങ്കാന സർക്കാർ മഹാലക്ഷ്മി പദ്ധതിക്ക് തുടക്കമിട്ടത്. സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും എസി ഇല്ലാത്ത സ്റ്റേറ്റ് ബസുകളിൽ സൗജന്യമായി യാത്ര ചെയ്യാൻ ഈ പദ്ധതി അവസരമൊരുക്കി. സംസ്ഥാനത്തെ പൈതൃക കേന്ദ്രങ്ങൾ സന്ദർശിക്കാൻ എത്തുന്ന വനിതകൾക്ക് ഈ തീരുമാനം ഏറെ സഹായകരമാണ്.
ആന്ധ്രാ പ്രദേശ്
'സ്ത്രീ ശക്തി' പദ്ധതി എന്ന പേരിലാണ് 2025 ഓഗസ്റ്റിൽ ആന്ധ്രാ പ്രദേശ് സർക്കാർ സ്ത്രീകൾക്കായി സൗജന്യ ബസ് യാത്ര നടപ്പിലാക്കിയത്. തിരിച്ചറിയൽ രേഖ കാണിക്കുന്ന പക്ഷം സംസ്ഥാന നിവാസികളായ സ്ത്രീകൾക്ക് എസി ഇല്ലാത്ത സർക്കാർ ബസുകളിൽ സൗജന്യ യാത്ര സർക്കാർ ഏർപ്പെടുത്തി.
ജമ്മു കശ്മീർ
2025ലെ അന്താരാഷ്ട്ര വനിത ദിനത്തിലാണ് ജമ്മു കശ്മീരിൽ സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രക്ക് തുടക്കം കുറിച്ചത്. ജമ്മു കശ്മീരിലെ പ്രധാന നഗരങ്ങളായ ജമ്മു, ശ്രീനഗർ എന്നിവിടങ്ങളിൽ സ്മാർട്ട് സിറ്റി ഇ-ബസുകളിലും JKRTC ബസുകളിലും സ്ത്രീകൾക്ക് സൗജന്യമായി യാത്ര ചെയ്യാം. മലയോര മേഖലകളിലെ സ്ത്രീകളുടെ യാത്രാ ദുരിതത്തിന് പദ്ധതി വലിയൊരു പരിഹാരമായി.
പശ്ചിമ ബംഗാൾ
ഏറ്റവും ഒടുവിലായി സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര ക്രമീകരിച്ച സംസ്ഥാനമാണ് പശ്ചിമ ബംഗാൾ. 2026 ജൂൺ 1 മുതൽ സംസ്ഥാനത്തെ സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യമായി യാത്ര ചെയ്യാം. 'അന്നപൂർണ ഭണ്ഡാർ' പദ്ധതിയുടെ ഭാഗമായാണ് ഈ തീരുമാനം. വിദ്യാർത്ഥികൾക്കും ജോലിക്ക് പോകുന്നവർക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ ഉപകാരപ്രദമാകുന്ന നീക്കമാണിത്. പ്രത്യേകിച്ച് കൊൽക്കത്ത പോലുള്ള തിരക്കേറിയ നഗരങ്ങളിൽ ഈ സൗകര്യം സ്ത്രീകളുടെ സുരക്ഷിത യാത്രയും സാമ്പത്തിക സ്വാതന്ത്ര്യവും വർദ്ധിപ്പിക്കും എന്ന കാര്യം തീർച്ചയാണ്.
ഇന്ത്യയിൽ കേരളം ഉൾപ്പെടെയുള്ള മറ്റ് പല സംസ്ഥാനങ്ങളും ഈ 8 സംസ്ഥാനങ്ങളെ അനുകരിച്ചുകൊണ്ട് സ്ത്രീകൾക്ക് സൗജന്യ യാത്ര സൗകര്യം നല്കുന്നതിനുള്ള പദ്ധതികൾ വിഭാവനം ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു. സ്ത്രീ സുരക്ഷയും സ്ത്രീ ശാക്തീകരണവും സാമ്പത്തിക സ്വാതന്ത്ര്യവും വർദ്ധിപ്പിക്കാൻ ഈ പദ്ധതിക്ക് സാധിക്കും.
Content Highlights: Eight Indian states provide free bus travel for women, enhancing their social empowerment, financial independence, and safe public transportation access.