കടം വാങ്ങിയ 1കിലോ സ്വർണവും 2ലക്ഷം രൂപയും തിരികെ ചോദിച്ചു; ബിസിനസുകാരന്‍റെ ഭാര്യയെ കൊലപ്പെടുത്തി ദമ്പതികൾ

പാൽ വാങ്ങാൻ പോയ ശാന്തി ബെൻ മടങ്ങിവന്നില്ല, മൃതദേഹം കത്തിച്ചനിലയിലാണ് കണ്ടെത്തിയത്

കടം വാങ്ങിയ 1കിലോ സ്വർണവും 2ലക്ഷം രൂപയും തിരികെ ചോദിച്ചു; ബിസിനസുകാരന്‍റെ ഭാര്യയെ കൊലപ്പെടുത്തി ദമ്പതികൾ
dot image

ഗുജറാത്തിൽ ബിസിനസുകാരന്റെ ഭാര്യയെ സാമ്പത്തിക തർക്കത്തെ തുടർന്ന കുടുംബ സുഹൃത്തുക്കളായ ദമ്പതികൾ മയക്കുമരുന്ന് നൽകി ബോധരഹിതയാക്കിയ ശേഷം കൊലപ്പെടുത്തി. വസന്ത് അഖേഡിവാലയുടെ ഭാര്യ ശാന്തിബെൻ ആണ് കൊല്ലപ്പെട്ടത്. രേഖ റാത്തോഡ് എന്ന സ്ത്രീ ശാന്തി ബെന്നിന്റെ പക്കൽ നിന്നും ഒരു കിലോഗ്രാം സ്വർണവും പണമായി 2 ലക്ഷം രൂപം വാങ്ങിയിരുന്നു. ഇത് തിരിച്ച് നൽകണമെന്ന് ആവശ്യപ്പെട്ടതാണ് പ്രകോപനമായത്.

ഫർണീച്ചർ ബിസിനസിനും മൃഗസംരക്ഷണ പ്രവർത്തനങ്ങൾക്കുമായിട്ടാണ് രേഖയും ഭർത്താവും ശാന്തി ബെന്നിൽ നിന്നും സ്വർണവും പണവും വാങ്ങിയത്. ഇത് തിരിച്ച് ചോദിച്ചതോടെ ശാന്തി ബെന്നിനെ കൊല്ലാൻ ഇവർ പദ്ധതിയിട്ടു.

മാർച്ച് 23ന് രാത്രി പാൽ വാങ്ങാനായി പുറത്തുപോയതാണ് ശാന്തി ബെൻ. ഇവർ മടങ്ങിവരാത്തതിനെ തുടർന്ന് ഭർത്താവും മകനും അന്വേഷിച്ചുപോയി. ഒരു വിവരവും ലഭിക്കാതായതോടെ പൊലീസിൽ വിവരം അറിയിച്ചു. അന്വേഷണത്തിനിടെ പൊലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ഇതിലാണ് ഹനുമാൻ തേക്ക്‌രിയിലുള്ള പ്രതികളുടെ കടയിലേക്ക് കയറി പോകുന്ന ശാന്തി ബെന്നിന്റെ ദൃശ്യങ്ങൾ ലഭിച്ചത്. എന്നാൽ ഇവർ പുറത്തേക്ക് വരുന്ന ദൃശ്യങ്ങളൊന്നും ലഭിച്ചതുമില്ല. സംശയത്തെ തുടർന്ന് പൊലീസ് നടത്തിയ നീക്കത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ഇതോടെ രേഖ റാത്തോഡിനെ പൊലീസ് ചോദ്യം ചെയ്തു.

ശാന്തിബെന്നിന്റെ വീടുമായി അടുത്ത ബന്ധമുണ്ടായിരുന്ന വ്യക്തിയാണ് രേഖ. സഹോദരിയെ പോലെയാണ് വസന്തും അവരെ കണ്ടിരുന്നത്. ഈ ബന്ധം വഴിയാണ് ഇവർ പണവും സ്വർണവും വാങ്ങിയെടുത്തതും. ശാന്തി പണം തിരികെ ചോദിച്ചതോടെ രേഖയും ഭർത്താവും മറ്റ് രണ്ടുപേരെ ഒപ്പം കൂട്ടിയാണ് കൊലപാതകത്തിന് പദ്ധതിയിട്ടത്.

പണം തിരികെ തരാമെന്ന് പറഞ്ഞ് രേഖ ശാന്തിബെന്നിനെ വിളിച്ചുവരുത്തി. കടയിലെത്തിയ ശാന്തിക്ക് പ്രസാദത്തിൽ മയക്കുമരുന്ന് കലർത്തി നൽകിയ ശേഷം വയർ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. സഹായികൾക്കൊപ്പം ആളൊഴിഞ്ഞ സ്ഥലത്തെ ഒരു ട്രാക്ടർ ഷോറൂം ബേസ്‌മെന്റിൽ വച്ച് മൃതദേഹം കത്തിച്ച ശേഷം ഉപേക്ഷിക്കുകയാണ് ഉണ്ടായത്.

രേഖയെയും ഭർത്താവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ സഹായികൾ ഒളിവിലാണ്. പൊലീസ് ഇവർക്കായി തെരച്ചിൽ തുടരുകയാണ്.

Content Highlights: The incident occurred in Gujarat, where a businessman’s wife was allegedly murdered by family friends over a financial dispute

dot image
To advertise here,contact us
dot image