യുഎസിൽ ഹിമക്കാറ്റ് ; മഞ്ഞുനീക്കാൻ ഷവലുമായി തെരുവിലിറങ്ങി മംദാനി, വീഡിയോ

മഞ്ഞുനീക്കം ചെയ്യുന്ന തന്റെ ദൃശ്യങ്ങൾ മംദാനി തന്നെ എക്‌സിൽ റീഷെയർ ചെയ്തിട്ടുണ്ട്

യുഎസിൽ ഹിമക്കാറ്റ് ; മഞ്ഞുനീക്കാൻ ഷവലുമായി തെരുവിലിറങ്ങി മംദാനി, വീഡിയോ
dot image

അമേരിക്കയിലുടനീളം ആഞ്ഞടിക്കുന്ന ശക്തമായ ഹിമക്കാറ്റിൽ ന്യൂയോർക്ക് നഗരത്തിൽ കെട്ടിക്കിടക്കുന്ന മഞ്ഞുനീക്കാൻ നേരിട്ടെത്തിയിരിക്കുകയാണ് മേയർ സൊഹ്‌റാൻ മംദാനി. ശക്തമായ മഞ്ഞുവീഴ്ചയിൽ കുടുങ്ങിപ്പോയ കാറുകൾക്ക് സമീപമുള്ള മഞ്ഞു നീക്കം ചെയ്യുന്ന മംദാനിയുടെ ദൃശ്യങ്ങൾ ഇപ്പോൾ എക്‌സിലടക്കം വൈറലാണ്. ഹിമക്കാറ്റിനെ തുടർന്ന് ജനങ്ങൾക്ക് കർശനമായി മുന്നറിയിപ്പുകളാണ് നൽകിയിരിക്കുന്നത്. പത്തോളം പേർ മരിച്ചതായാണ് വിവരം. വർഷങ്ങൾക്ക് ശേഷം ഉണ്ടായ ശക്തമായ ഹിമക്കാറ്റിൽ വൻതോതിലാണ് ന്യൂയോർക്ക് നഗരത്തിൽ മഞ്ഞുമൂടിക്കിടക്കുന്നത്. ഗതാഗത സൗകര്യങ്ങളെല്ലാം അവതാളത്തിലാണ്.

മഞ്ഞുനീക്കം ചെയ്യുന്ന തന്റെ ദൃശ്യങ്ങൾ മംദാനി തന്നെ എക്‌സിൽ റീഷെയർ ചെയ്തിട്ടുണ്ട്. ഒരു പ്രവർത്തിയും വലുതോ ചെറുതോ അല്ലെന്നും ന്യൂയോർക്ക് നിവാസികൾക്കായി ഒരു കൈ സഹായം നൽകുന്നതിൽ താൻ സന്തോഷവാനാണ് എന്നുമാണ് മംദാനി എക്‌സിൽ കുറിച്ചത്. നിലവിലെ സാഹചര്യത്തിൽ കാലാവസ്ഥയിലെ ചെറിയമാറ്റങ്ങൾ പോയും കൃത്യമായി അദ്ദേഹം നഗരവാസികൾക്കായി അപ്പ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. അതേസമയം പബ്ലിക്ക് സ്‌കൂൾ വിദ്യാർത്ഥികൾക്കായി ഓൺലൈൻ ക്ലാസുകളും സജ്ജീകരിച്ചിട്ടുണ്ട്.

വാരാന്ത്യത്തിൽ മാത്രം ഏഴോളം പേരെയാണ് ഹിമക്കാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് മംദാനി അറിയിച്ചു. ഇതിൽ ഭവനരഹിതനായ ഒരു വ്യക്തിയെ ക്യൂൻസിലെ പാർച്ച് ബഞ്ചിലാണ് മരിച്ച നിലയിൽ കണ്ടെത്തിയതെന്നും അദ്ദേഹം അറിയിച്ചു. ജനങ്ങളോട് വീടിന് പുറത്തിറങ്ങരുതെന്നാണ് കർശനമായി നിർദേശിച്ചിരിക്കുന്നത്. തെരുവോരങ്ങളിൽ മഞ്ഞുനീക്കം ചെയ്യാനുള്ള പ്രവർത്തനങ്ങളെല്ലാം പുരോഗമിക്കുന്നുണ്ടെന്ന് ഡിപ്പാർട്ട്‌മെന്റ് ഒഫ് സാനിറ്റേഷൻ വക്താവ് ജോഷ്വാ ഗോഡ്മാനും വ്യക്തമാക്കിയിട്ടുണ്ട്.

ശക്തമായ മഞ്ഞുവീഴ്ചയെ തുടർന്ന് അഞ്ഞൂറോളം വിമാനങ്ങളാണ് റദ്ദാക്കിയത്. ഹിമക്കാറ്റ് മൂലമുള്ള അതിശക്തമായ മഞ്ഞുവീഴ്ച യുഎസിലെ പകുതിയോളം ഇടങ്ങളെയാണ് ബാധിച്ചിരിക്കുന്നത്. ആലിപ്പഴത്തെക്കാൾ ചെറിയ വലിപ്പമുള്ള മഞ്ഞുക്കട്ടകൾ വീണ് കൂമ്പാരം കൂടുന്ന അവസ്ഥയാണിത്. ഹിമക്കാറ്റ് മൂലമുള്ള കെടുതികൾ ചുഴലിക്കാറ്റിനെ വെല്ലുന്നതാണെന്നാണ് മുന്നറിയിപ്പുകൾ ചൂണ്ടിക്കാട്ടുന്നത്.

Content Highlights: Zohran Mamdani personally helped New york residents by shoveling snow

dot image
To advertise here,contact us
dot image