

ഒരു യാത്രക്ക് ഇറങ്ങുമ്പോൾ, സ്കൂൾ, കോളേജ്, ജോലി എന്നുവേണ്ട എവിടേക്ക് പോകുമ്പോഴും അഞ്ചോ പത്തോ മിനിട്ട് മുന്നേ ഇറങ്ങുക എന്നത് സർവ്വ സാധാരണമാണ്. എന്നാൽ ഈ യാത്രകൾ ചെയ്യാൻ വേണ്ടി ദിവസേന മണിക്കൂറുകൾക്ക് മുന്നേ തന്നെ വീട്ടിൽ നിന്നും ഹോസ്റ്റലുകളിൽ നിന്നും ഇറങ്ങേണ്ടി വരുന്നത് എന്തൊരു ദുരിതമാണല്ലേ!
ബെംഗളൂരുലെ ഗതാഗതകുരുക്കിനെ കുറിച്ച് അറിയാത്ത ഇന്ത്യക്കാർ ഉണ്ടാകില്ല. എന്നാൽ കുറച്ച് വർഷങ്ങളായി ഈ ഗതാഗത കുരുക്ക് ലോകശ്രദ്ധ നേടിയിരിക്കുകയാണ്. 2025ലെ കണക്കനുസരിച്ച് ഏറ്റവും കൂടുതൽ ഗതാഗതകുരുക്ക് അനുഭവപ്പെടുന്ന ലോകത്തിലെ തന്നെ രണ്ടാമത്തെ നഗരമാണ് ബെംഗളൂരു. 2024ൽ ബെംഗളൂരു മൂന്നാം സ്ഥാനത്തായിരുന്നു. അതായത്, ബെംഗളൂരുലെ തിരക്ക് വർഷം തോറും കൂടുന്നു എന്ന് സാരം. നഗരങ്ങളിലെ ഗതാഗത കുരുക്കളെ കുറിച്ച് പഠനം നടത്തുന്ന ടോംടോം ട്രാഫിക് ഇൻഡക്സ് ആണ് ഈ കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്.
ഇന്ത്യയുടെ 'ടെക് ക്യാപിറ്റൽ' എന്നാണ് ബെംഗളൂരു അറിയപ്പെടുന്നത്. ലോകത്തിലെ പ്രമുഖ കമ്പനികൾ പോലും തങ്ങളുടെ ശാഖകൾ സ്ഥാപിക്കാൻ ധൈര്യം കാണിച്ച നഗരമാണ് ബെംഗളൂരു. അതുകൊണ്ടുതന്നെ അനേകം ടെക്കികളുടെ നഗരമായി ബെംഗളൂരു മാറിയിട്ട് കാലങ്ങളായി. പക്ഷെ ഈ ഗതാഗത കുരുക്ക് ഒരു ശാപമായി ബെംഗളൂരുവിനെ പിന്തുടരുകയാണ്.
ഇതൊരു ശാപമാകുന്നത് എങ്ങനെ എന്നാണോ ചിന്തിക്കുന്നത്? കണക്കുകൾ സഹിതം പറഞ്ഞുതരാം. ബെംഗളൂരുലെ രാവിലെകളിൽ 10 കിലോമീറ്റർ യാത്ര ചെയ്യണമെങ്കിൽ എടുക്കുന്ന സമയം 41 മിനുട്ടും 6 സെക്കൻഡുമാണ്. അതായത് 94.2 ശതമാനം തിരക്കാണ് ഈ സമയം അനുഭവപ്പെടുക. അതുകൊണ്ട് തന്നെ വാഹനങ്ങളുടെ പരമാവധി സ്പീഡ് മണിക്കൂറിൽ 14.6 കിലോമീറ്റർ ആണ്.

വൈകുന്നേരത്തെ അവസ്ഥയും ഒട്ടും മോശമല്ല. വൈകുന്നേരം 10 കിലോമീറ്റർ പിന്നിടാൻ എടുക്കുന്ന സമയം 45 മിനിട്ടും 27 സെക്കൻഡുമാണ്. തിരക്ക് 115.2 ശതമാനം. വാഹനങ്ങളുടെ സ്പീഡ് ഒരു മണിക്കൂറിൽ 13.2 കിലോമീറ്റർ. ഇത് 2025 കാലഘട്ടത്തിലെ കണക്കാണ്. ഈ കണക്കുകൾ താരതമ്യം ചെയ്യുമ്പോൾ മനസിലാകുന്ന ഒരു കാര്യമുണ്ട്. ബെംഗളൂരുകാർ അവരുടെ ജീവിതത്തിലെ 168 മണിക്കൂറാണ് ഗതാഗത കുരുക്കുമൂലം റോഡിൽ ചിലവഴിച്ചത്. അതായത് 7 ദിവസവും 40 മിനിട്ടും. 2024ലെ കണക്കിനെ അപേക്ഷിച്ച് 12 മണിക്കൂറിന്റെയും 46 മിനിട്ടിന്റെയും വർധനവ്.
ബെംഗളൂരുവിൽ ചെറു യാത്രകളെപ്പോലും ഈ ഗതാഗത കുരുക്ക് വലിയ രീതിയിലാണ് ബാധിക്കുന്നത്. ഉദാഹരണത്തിന് ബെംഗളൂരുവിൽ ഇപ്പോഴത്തെ സാഹചര്യത്തിൽ 15 മിനുട്ടിൽ പിന്നിടാൻ സാധിക്കുക വെറും 4.2 കിലോമീറ്റർ മാത്രമാണ്. ഇപ്പോൾ മനസിലായില്ലേ ഈ ഗതാഗത കുരുക്ക് വെറുമൊരു കുരുക്കല്ല ഒരു ഒന്നൊന്നര കുരുക്കാണെന്ന്!
ടോം ടോം ട്രാഫിക് ഇൻഡക്സിൻ്റെ കണക്കനുസരിച്ച് 2025ൽ ഏറ്റവും കൂടുതൽ ഗതാഗത കുരുക്ക് ബെംഗളൂരുവിൽ നേരിട്ടത് മെയ് 17ന് ആയിരുന്നു. അന്ന് ബെംഗളൂരുലെ തിരക്ക് 101 ശതമാനമായി ഉയർന്ന ദിവസമായിരുന്നു.

എന്താണ് പ്രതിവിധി?
ബെംഗളൂരുവിൽ ഗതാഗത കുരുക്ക് ഓരോ വർഷം കഴിയുംതോറും കൂടി വരുന്നത് സങ്കീർണ്ണമായ പല പ്രശ്നങ്ങൾക്കും വഴി തെളിക്കും. അതുകൊണ്ടുതന്നെ ഫലപ്രദമായ ഒരു പരിഹാരം ഇക്കാര്യത്തിൽ അനിവാര്യമാണ്. ആദ്യ ഘട്ടത്തിൽ നഗരാസൂത്രകർ കാലങ്ങളായി ആവശ്യപ്പെടുന്ന രണ്ട് കാര്യങ്ങൾ പ്രാവർത്തികമാക്കുന്നത് ഒരു പരിധിവരെ ഗതാഗത കുരുക്ക് കുറക്കാൻ സഹായിച്ചേക്കും. ഒന്ന് സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം കുറച്ചുകൊണ്ട് പൊതു ഗതാഗത സംവിധാനം പ്രോത്സാഹിപ്പിക്കുക; രണ്ട് ഗതാഗത കുരുക്ക് കുറക്കാൻ ഗ്രോനിംഗൻ, എർഫർട്ട്, കാസൽ, വിന്നിപെഗ്, ബേൺ തുടങ്ങിയ നഗരങ്ങൾ അവലംബിച്ചിരിക്കുന്ന റോഡ് നിർമ്മാണ പദ്ധതികൾ മാതൃകയാക്കി ബെംഗളൂരുവിലും ഇത്തരം പദ്ധതികൾ വിഭാവനം ചെയ്ത് നടപ്പിലാക്കുക. അല്ലാത്തപക്ഷം ഗതാഗത കുരുക്ക് മാറ്റമില്ലാതെ തുടരുകയും നഗരവാസികളുടെ ഉത്പാദനക്ഷമതയെയും ഉപജീവനത്തെയും സാരമായി ബാധിക്കും. കൂടാതെ വായുമലിനീകരണം പോലെയുള്ള പാരിസ്ഥിതിക പ്രശ്നങ്ങൾ രൂക്ഷമാകാനും കാരണമാകും.
ഗതാഗതക്കുരുക്ക് ബെംഗളൂരുവിൽ മാത്രമോ?
ഗതാഗതക്കുരുക്കിന്റെ കാര്യത്തിൽ ടോം ടോം ട്രാഫിക് ഇൻഡക്സിൽ ഇടം പിടിച്ച ഇന്ത്യയിലെ ഏക സ്ഥലം ബെംഗളൂരു മാത്രമല്ല കേട്ടോ. ഇന്ത്യയിലെ 7 നഗരങ്ങളാണ് പട്ടികയിലെ ആദ്യ 35 സ്ഥാനങ്ങളിൽ സാന്നിധ്യം അറിയിച്ചിരിക്കുന്നത്. പട്ടികയിലെ അഞ്ചാം സ്ഥാനം പൂനക്കാണ്. തൊട്ടുപിന്നിൽ 18-ാം സ്ഥാനത്ത് മുംബൈ, 23 ന്യൂ ഡൽഹി, 29 കൊൽക്കത്ത, 30 ജയ്‌പൂർ, 32 ചെന്നൈ. മെട്രോ സാന്നിധ്യം അറിയിച്ചതോടെ ഗതാഗതക്കുരുക്ക് എറണാകുളത്തും അഹമ്മദാബാദും കുറഞ്ഞതായും റിപ്പോർട്ടുകളുണ്ട്. പട്ടികയിൽ എറണാകുളം 52-ാം സ്ഥാനത്തും അഹമ്മദാബാദ് 100-ാം സ്ഥാനത്തുമാണ് സ്ഥാനം പിടിച്ചിരിക്കുന്നത്.
Content Highlights: Bengaluru has been ranked the world’s second worst city for traffic congestion, according to a global report. The study found that residents lose nearly seven days each year stuck in traffic, highlighting the severe impact of congestion on daily commuting and overall productivity in the city.