വന്ദേ ഭാരത് സ്ലീപ്പറിലെ മെനു വിവാദത്തിൽ; ലഭിക്കുന്നത് വെജ് ഭക്ഷണം മാത്രം, ഒഴിവാക്കാൻ ഓപ്ഷനുമില്ല

വന്ദേ ഭാരത് സ്ലീപ്പറിൽ നോൺ-വെജ് വിഭവങ്ങൾ ലഭ്യമല്ല, ഭക്ഷണം വേണ്ടെന്ന് വെക്കാനും പറ്റില്ല

വന്ദേ ഭാരത് സ്ലീപ്പറിലെ മെനു വിവാദത്തിൽ; ലഭിക്കുന്നത് വെജ് ഭക്ഷണം മാത്രം, ഒഴിവാക്കാൻ ഓപ്ഷനുമില്ല
dot image

നിങ്ങള്‍ ഒരു ട്രെയിന്‍ യാത്രയിലാണെന്ന് സങ്കല്‍പ്പിക്കുക. ട്രെയിനില്‍ ലഭ്യമാകുക സസ്യാഹാരം മാത്രം. എന്നാല്‍ 'ഭക്ഷണം വേണ്ട' എന്ന ഓപ്ഷന്‍ ഇല്ലതാനും. അതായത് നിങ്ങള്‍ക്ക് മുന്നില്‍ ആകെയുള്ളത് രണ്ട് വഴികള്‍ മാത്രം. ഒന്നെങ്കില്‍ നിര്‍ബന്ധപൂർവം ആ സസ്യാഹാരം കഴിക്കുക അല്ലെങ്കില്‍ ആഹാരം കളയുക. ഇത്തരം ഒരു സന്ദർഭം ഏതെങ്കിലും ട്രെയിനിൽ ഉണ്ടാകുമോ? അതെ, ഇന്ത്യയിലെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിൻ ഇപ്പോൾ ഇത്തരമൊരു പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്.

ജനുവരി 17ന് ആണ് ആദ്യമായി വന്ദേ ഭാരത് സ്ലീപ്പര്‍ ഇന്ത്യയിൽ സർവീസ് ആരംഭിക്കുന്നത്. ഹൗറ - കാമാഖ്യ റൂട്ടിലായിരുന്നു ആദ്യ സർവീസ്. വന്ദേഭാരത് സ്ലീപ്പറിലെ യാത്രക്കാർക്ക് ഭക്ഷണവും റെയില്‍വെ ഉറപ്പ് വരുത്തുന്നുണ്ട്. എന്നാൽ സസ്യാഹാരം മാത്രമാണ് ലഭ്യമാകുക. അതേസമയം ആഹാരം വേണ്ട എന്ന് വെക്കാനുള്ള ഓപ്ഷൻ റെയിൽവേ നൽകുന്നുമില്ല. ഇത് സംബന്ധിച്ച് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രതിഷേധം ഉയരുകയാണ്.

സംഭവം ബംഗാളില്‍ ബിജെപി-തൃണമൂൽ കോൺഗ്രസ് സംഘർഷത്തിനാണ് വഴിതെളിച്ചിരിക്കുന്നത്. ബിജെപി ഗവണ്മെന്റ് വിവിധ പോളിസികളിലൂടെ രാജ്യത്ത് സസ്യാഹാര സംസ്കാരം വളർത്തിയെടുക്കാൻ ശ്രമിക്കുന്നു എന്ന ആരോപണമാണ് ടിഎംസി ഉന്നയിക്കുന്നത്. ഇത്തരം നടപടികൾ വഴി ബംഗാളിന്റെ സാംസ്കാരിക സ്വത്വത്തെയും ഭക്ഷ്യ സംസ്കാരത്തെയും അവഗണിക്കുക കൂടി ചെയ്യുന്നു എന്ന വാദവും ടിഎംസി മുന്നോട്ട് വെക്കുന്നുണ്ട്.

സസ്യാഹാരം ആണെങ്കിൽ എന്താ കുഴപ്പം എന്ന് ചിന്തിക്കുന്നവർ ബംഗാളിലെ ഭക്ഷ്യ സംസ്കാരത്തെ കുറിച്ച് ഒന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണെന്നും ആളുകള്‍ പറയുന്നു. മത്സ്യം ധാരാളമായി ലഭ്യമാകുന്ന ഒരിടമാണ് ബംഗാൾ. അതുകൊണ്ടുതന്നെ ഇവരുടെ ഭക്ഷ്യ വിഭവങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് മത്സ്യം. ചോറും മത്സ്യവുമാണ് ബംഗാളിലെ ഇഷ്ടവിഭവം. വന്ദേ ഭാരത് സ്ലീപ്പറിൽ സസ്യാഹാരം മാത്രം ലഭ്യമാക്കിയപ്പോൾ അത് വൻ പ്രതിഷേധത്തിന് വഴിതെളിച്ചതിന്റെ അടിസ്ഥാന കാരണവും ഈ ഭക്ഷണരീതി തന്നെയാണ്.

വന്ദേ ഭാരത് സ്ലീപ്പറിൽ മെനു തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കണം എന്ന ആവശ്യമാണ് യാത്രക്കാർ ഉയർത്തുന്നത്. നോൺ വെജ് വിഭവങ്ങൾ കൂടി മെനുവിൽ ഉൾപ്പെടുത്തുക, ട്രെയിനിലെ ആഹാരം വേണ്ട എന്ന് വെക്കാനുള്ള സൗകര്യം ക്രമീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് യാത്രക്കാർ മുന്നോട്ടിവെക്കുന്നത്. മാത്രമല്ല മറ്റ് വന്ദേ ഭാരത് സർവ്വീസുകളിൽ ആഹാരം വേണ്ട എന്ന് വെക്കാനുള്ള സൗകര്യം ഉണ്ടെന്നും യാത്രക്കാർ ചൂണ്ടിക്കാണിക്കുന്നുണ്ട്.

Content Highlights: Vande Bharat sleeper service provides a veg-only menu and no option for passengers to skip the food.

dot image
To advertise here,contact us
dot image