

അന്തർവാഹിനികൾ, മിസൈലുകൾ, യുദ്ധക്കപ്പലുകൾ, ജെറ്റ് എഞ്ചിനുകള്‍ എന്നിങ്ങനെ തദ്ദേശീയമായി നിർമ്മിക്കുന്ന ഇന്ത്യയുടെ കരുത്തുറ്റ പ്രതിരോധ മുന്നേറ്റം നാം കണ്ടു കൊണ്ടിരിക്കുകയാണ്. അതിനിടെ മറ്റൊരു ചുവടു വെപ്പുകൂടി ഇന്ത്യ നടത്തിയിരിക്കുന്നു. INS ആന്ദ്രോത്, INS മാഹി എന്നിവക്ക് പുറമെ ഇന്ത്യൻ നാവികസേനയ്ക്ക് മുതൽ കൂട്ടായി ഒരു പുത്തൻ അത്യാധുനിക, ഇന്ത്യന്‍ നിർമ്മിത പായ്ക്കപ്പൽ കൂടി പര്യവേക്ഷണങ്ങൾക്കായി നിർമ്മിച്ചെടുത്തിരിക്കുകയാണ് ഇന്ത്യ. തദ്ദേശീയമായി നിർമ്മിച്ച കപ്പലായ ഇന്ത്യൻ നേവൽ സെയിലിംഗ് വെസൽ കൗണ്ടിനിയ ദിവസങ്ങൾക്ക് മുൻപ് ഗുജറാത്തിലെ പോർബന്തറിൽ നിന്ന് ഒമാനിലെ മസ്‌കറ്റിലേക്ക് കന്നി യാത്ര ആരംഭിച്ചു.
ഇന്ത്യൻ നാവികസേനയ്ക്ക് അത്യാധുനിക വിമാനവാഹിനിക്കപ്പലുകൾ, അന്തർവാഹിനികൾ, യുദ്ധക്കപ്പലുകൾ എന്നിവ ഉണ്ടെന്ന് നമുക്കറിയാം. അവയുടെ കൂട്ടത്തിലേക്ക് ചേർക്കാൻ ആകില്ലെങ്കിലും അഞ്ചാം നൂറ്റാണ്ടിലെ രീതികളില്‍ നിര്‍മിച്ചെടുത്ത പായ്കപ്പല്‍ ഇന്ന് വിജയകരമായി
യാത്ര നടത്തുന്നു എന്നതിൽ ഇന്ത്യ അഭിമാനിക്കുകയാണ്. പരമ്പരാഗത രീതികളുമായി നിര്‍മിച്ചെടുത്ത ഇന്ത്യൻ നേവൽ സെയിലിംഗ് വെസൽ കൗണ്ടിനിയ, ഗുജറാത്തിലെ പോർബന്തറിൽ നിന്ന് ഒമാനിലെ മസ്‌കറ്റിലേക്ക് കന്നി യാത്ര ആരംഭിച്ചത് സ്ലംഡോഗ് മില്യണയറിലെ "ജയ് ഹോ" എന്ന ഗാനത്തിന്റെ ബാൻഡിനൊപ്പം ആണ്.

'പുരാതന ഇന്ത്യൻ തുന്നൽ രീതിയില്‍ നിർമ്മിച്ച ഈ കപ്പൽ ഇന്ത്യയുടെ സമ്പന്നമായ സമുദ്ര പാരമ്പര്യങ്ങളെ എടുത്തുകാണിക്കുന്നു. ഈ കപ്പലിന് ജീവൻ നൽകിയതിന് ഡിസൈനർമാർ, കരകൗശല വിദഗ്ധർ, കപ്പൽ നിർമ്മാതാക്കൾ, ഇന്ത്യൻ നാവികസേന എന്നിവരുടെ സമർപ്പിത ശ്രമങ്ങളെ ഞാൻ അഭിനന്ദിക്കുന്നു. ഗൾഫ് മേഖലയുമായും അതിനപ്പുറത്തുമുള്ള നമ്മുടെ ബന്ധങ്ങളെ കൂടുതൽ ദൃഢപ്പെടുത്താൻ ഈ യാത്രയിലൂടെ സാധിക്കട്ടെ എന്ന് ക്രൂവിന് ആശംസകൾ നേരുന്നു," കപ്പലിന്റെ കന്നിയാത്രക്ക് ശേഷം പ്രധാനമന്ത്രി മോദി എക്‌സിലെ ഒരു പോസ്റ്റിൽ കുറിച്ചത് ഇങ്ങനെയാണ്.
മിസൈലുകൾ, അന്തർവാഹിനികൾ , യുദ്ധക്കപ്പലുകൾ എന്നിവ നിർമ്മിക്കുന്ന ഈ വേളയിൽ എന്തുകൊണ്ട് ഒരു പായ്ക്കപ്പലിന് ഇത്രെയേറെ പ്രാധാന്യമേറുന്നു എന്നാണ് അടുത്ത ചോദ്യം.

അജന്ത ഗുഹാചിത്രങ്ങളിൽ ചിത്രീകരിച്ചിരിക്കുന്ന CE അഞ്ചാം നൂറ്റാണ്ടിലെ ഒരു കപ്പലിന്റെ മാതൃകയിൽ നിർമ്മിച്ച ഒരു കപ്പലാണ് INSV കൗണ്ടിനിയ. സാംസ്കാരിക മന്ത്രാലയം, ഇന്ത്യൻ നാവികസേന, ഹോഡി ഇന്നൊവേഷൻസ് എന്നിവ തമ്മിലുള്ള ത്രികക്ഷി കരാർ പ്രകാരം, സാംസ്കാരിക മന്ത്രാലയത്തിന്റെ ധനസഹായത്തോടെ 2023 ജൂലൈയിൽ ഈ കപ്പലിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. പുരാതന കാലത്ത് ഇന്ത്യയിൽ നിന്ന് തെക്കുകിഴക്കൻ ഏഷ്യയിലേക്ക് കപ്പൽ കയറിയതായി വിശ്വസിക്കപ്പെടുന്ന ഇതിഹാസ നാവികൻ കൗണ്ടിനിയയുടെ പേരിലാണ് ഈ കപ്പൽ അറിയപ്പെടുന്നത്.
ഇത്തരത്തിൽ പുരാതന രീതിയില്‍ നിര്‍മിച്ച കപ്പലില്‍ ഒമാനിലേക്കുള്ള യാത്ര അത്ര എളുപ്പമുള്ള ഒന്നല്ല. കാരണം കപ്പലിന്റെ നിർമാതാക്കൾ ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ചല്ല, മറിച്ച് പരമ്പരാഗത കപ്പൽ നിർമ്മാണ രീതികളിൽ മാത്രം ഉപയോഗിച്ചാണ് നിർമ്മിച്ചിട്ടുള്ളത്. തുന്നിച്ചേർത്ത ഒരു പുരാതന കപ്പൽ പുനർനിർമ്മിക്കുക എന്ന ആശയത്തിന് തുടക്കമിട്ടത് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗം സഞ്ജീവ് സന്യാൽ ആണ്. 'സുരക്ഷയും ആശയവിനിമയവും ഒഴികെ ആധുനിക സൗകര്യങ്ങൾ ഐഎൻഎസ്‌വി കൗണ്ടിനിയയിൽ വളരെ കുറവാണ്. ക്യാബിനുകളില്ല, സാധനങ്ങൾ സൂക്ഷിക്കുന്നതിനുള്ള ഒരു ഹോൾഡ് മാത്രമാണ് കപ്പലിൽ ഉള്ളത്', കപ്പലിലെ സൗകര്യങ്ങളുടെ ഫോട്ടോകൾ പങ്കിട്ടുകൊണ്ട് സഞ്ജീവ് സന്യാൽ X-ൽ കുറിച്ചു.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ഈ യാത്രക്ക് അത്രയേറെ പ്രത്യേകതകൾ ഉണ്ട്. ഇന്ത്യക്കാർ മികച്ച കടൽ യാത്രക്കാരായിരുന്നില്ല എന്നോ പുരാതന ഇന്ത്യയിൽ മെച്ചപ്പെട്ട കപ്പൽ യാത്രയ്ക്കുള്ള സൗകര്യങ്ങൾ ഉണ്ടായിരുന്നില്ല എന്നോ ഒക്കെയുള്ള ധാരണകളെ പൊളിച്ചെഴുതുക കൂടിയാണ് ഈ യാത്രയുടെ ലക്ഷ്യം.
Content Highlights : INSV Kaundinya embarks on maiden voyage. What are the specialities ?