

സ്വര്‍ണത്തിന്റെ വില ഓരോദിവസവും മാറിയും മറിഞ്ഞും പുതിയ റെക്കോര്‍ഡുകള്‍ തീര്‍ത്തുകൊണ്ടിരിക്കുകയാണ്. സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വിലയുടെ കയറ്റിറക്കങ്ങള്‍ തിരിച്ചടിയായി മാറുന്നുണ്ട്. 2025 ല്‍ സ്വര്‍ണത്തെ സംബന്ധിച്ചിടത്തോളം അസാധാരണമായ വിലമാറ്റങ്ങളാണ് ഉണ്ടായത്.52 തവണ സ്വര്‍ണം വിലയുടെ കാര്യത്തില്‍ റെക്കോര്‍ഡ് ഇടുകയും ചെയ്തു. ഇന്ന് സുരക്ഷിത നിക്ഷേപമായി പലരും സ്വര്‍ണത്തെ കണ്ടുകഴിഞ്ഞു. സ്വര്‍ണത്തിന്റെ വിലയെക്കുറിച്ചല്ലാതെ അതിനെക്കുറിച്ചുള്ള മറ്റ് ചില അറിവുകള്‍ ഇതാ…

ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണശേഖരം എവിടെയാണെന്നറിയാമോ?. മറ്റെവിടെയും അല്ല അതങ്ങ് അമേരിക്കയിലാണുളളത്. ജര്‍മനി രണ്ടാം സ്ഥാനത്തും ഇറ്റലിയും ഫ്രാന്‍സും തൊട്ടടുത്ത സ്ഥാനത്തും ഉണ്ട്. എന്നാല്‍ സ്വര്‍ണത്തിന്റെ കാര്യത്തില്‍ ഇന്ത്യയുടെ സ്ഥാനം എത്രയാണെന്നറിയാമോ?. ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണശേഖരം എവിടെയാണെന്നറിയാമോ?.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണം ഉത്പാദിപ്പിക്കുന്ന സംസ്ഥാനമാണ് കര്‍ണാടക. കര്‍ണാടകയിലെ റായ്ചൂര്‍ ജില്ലയില്‍ സ്ഥിതിചെയ്യുന്ന ഹുട്ടി ഗോള്‍ഡ് മൈന്‍സ് ആണ് ഇന്ന് ഇന്ത്യയില്‍ ഏറ്റവും വലുതും പ്രവര്‍ത്തനക്ഷമവുമായിട്ടുളള ഏറ്റവും വലിയ സ്വര്‍ണഖനി. മുന്‍പ് കര്‍ണാടകയിലെ തന്നെ കോലാര്‍ ഗോള്‍ഡ് ഫീല്‍ഡ്‌സ്(കെ ജി എഫ്), ഹുട്ടി ഗോള്‍ഡ് മൈന്‍സ് എന്നീ സ്വര്‍ണ ഖനികളായിരുന്നു ഏറ്റവും വലുതും ആഴമേറിയതുമായ ഖനികള്‍. എന്നാല്‍ സ്വര്‍ണവിലയിലെ ഇടിവും മറ്റ് ചില കാരണങ്ങളുംകൊണ്ട് 2001ല്‍ ഇത് അടച്ചുപൂട്ടുകയായിരുന്നു.
രാജ്യത്തെ സ്വര്‍ണത്തിന്റെ ഭൂരിഭാഗവും ഒരു സംസ്ഥാനത്തുനിന്നാണ് വരുന്നതെന്നത് ശ്രദ്ധേയമായ കാര്യമാണ്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ പ്രാഥമിക സ്വര്‍ണ ഉത്പാദനത്തിന്റെ ഏകദേശം 99 ശതമാനവും തെക്കന്‍ സംസ്ഥാനമായ കര്‍ണാടകയിലാണ്.
Content Highlights :Which state has the majority of gold deposits in India?