മൂന്ന് പതിറ്റാണ്ടിന് ശേഷം ആദ്യമായിയൊരു കുഞ്ഞു ജനിച്ച ഗ്രാമം! എന്താണ് ഇവിടെ സംഭവിച്ചത്?

വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് ഒരു കുഞ്ഞു പിറന്നത്

മൂന്ന് പതിറ്റാണ്ടിന് ശേഷം ആദ്യമായിയൊരു കുഞ്ഞു ജനിച്ച ഗ്രാമം! എന്താണ് ഇവിടെ സംഭവിച്ചത്?
dot image

വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് ഒരു കൊച്ചുഗ്രാമത്തില്‍ ഒരു കുഞ്ഞ് ജനിക്കുന്നത്. പറഞ്ഞു വരുന്നത് നമ്മുടെ നാട്ടിലെ കാര്യമല്ല. സംഭവം അങ്ങ് ഇറ്റലിയിലാണ്. ഇറ്റലിയിലെ പാല്‍ഗിയാരാ ഡേ മാര്‍സിയെന്ന ഗ്രാമത്തില്‍ ഇപ്പോഴും ശേഷിക്കുന്ന കുടുംബങ്ങള്‍ ലാറാ ബുസി ട്രാബുക്കോ എന്ന പെണ്‍കുഞ്ഞിന്റെ ജനനം ആഘോഷമാക്കുകയാണ്. ഈ ഗ്രാമത്തിലുണ്ടായിരുന്ന കൊച്ചു കുടുംബങ്ങളെല്ലാം ഇവിടം ഉപേക്ഷിച്ച് പോയി, സ്‌കൂളുകള്‍ പൂട്ടി. ബാക്കിയുള്ള കുടുംബങ്ങള്‍ക്ക് ഇവിടുത്തെ ആളുകളുടെ എണ്ണം വര്‍ഷാവര്‍ഷം കുറയുന്നത് നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളു.

സിന്‍സിയ ട്രാബുക്കോ - പാവോല ബുസി ദമ്പതികള്‍ക്കാണ് ലാറ എന്ന മകള്‍ ജനിച്ചത്. വ്യക്തിപരമായി ഈ ദമ്പതികള്‍ക്ക് ഇതൊരു വലിയ സന്തോഷമാകുമ്പോള്‍, ഈ ഗ്രാമത്തിനും അതിപ്രധാനമാണ് കുഞ്ഞ് ലാറയുടെ ജനനം. ഗ്രാമവാസികള്‍ മുഴുവന്‍ ലാറയുടെ മാമോദീസ ചടങ്ങില്‍ പങ്കെടുത്തു. ഒരിക്കല്‍ ഈ ഗ്രാമം വിട്ടുപോയവര്‍ പോലും ചടങ്ങില്‍ പങ്കെടുക്കാന്‍ ഓടിയെത്തി. ഈ കഥ പ്രചരിച്ചതോടെ പരിചയമില്ലാത്തവര്‍ പോലും ചടങ്ങില്‍ സംബന്ധിച്ചുവത്രേ. ഒരു കുഞ്ഞിന്റെ ജനനം ഒരു ഗ്രാമത്തിന്റെ മൂഡാകേ മാറ്റിയെന്ന് പറയാം.

പാല്‍ഗിയാരാ ഡേ മാര്‍സിയെന്നൊരു ഗ്രാമം ഭൂലോകത്ത് ഉണ്ടെന്ന് അറിയാത്തവര്‍ പോലും മകളുടെ ചടങ്ങിനെത്തിയെന്നാണ് ആശ്ചര്യവും സന്തോഷവും അടക്കാനാവാതെ ലാറയുടെ അമ്മ പറയുന്നത്. ഒമ്പത് മാസം മാത്രം പ്രായമുള്ള തന്റെ മകളെ കുറിച്ച് കേട്ടിട്ടാണ് അവര്‍ എത്തിയതെന്ന് അഭിമാനത്തോടെ ദ ഗാര്‍ഡിയന്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറയുന്നു.

ഇറ്റലിയിലെ അബ്‌റുസോ പ്രദേശത്താണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഇവിടെ വിരലിലെണ്ണാവുന്ന താമസക്കാര്‍ മാത്രമാണ് ഇപ്പോഴുള്ളത്. ഇറ്റലിയിലെ മലയോര ഗ്രാമങ്ങളിലൊന്നായ പാല്‍ഗിയാരാ ഡേ മാര്‍സിയില്‍ ജനസംഖ്യ വര്‍ഷങ്ങളായി കുറഞ്ഞുവരികയാണ്. ജോലികള്‍ വിരളം, പൊതുഗതാഗതവും കുറവ്, യുവാക്കളെല്ലാം നഗരങ്ങളിലേക്ക് കുടിയേറി. സമയം പോയതോടെ ഗ്രാമത്തിലെ പള്ളി, ബാര്‍, ആളുകള്‍ ഒത്തുചേരുന്ന ചെറിയ സ്‌ക്വയറുകള്‍ എന്നിവയെല്ലാം മുതിര്‍ന്ന പൗരന്മാര്‍ മാത്രം ഒത്തുകൂടുന്ന ഇടമായി മാറി.

ദേശീയ ഏജന്‍സിയായ Istat പറയുന്നത്, ഇറ്റലിയിലെ ജനനനിരക്കില്‍ കഴിഞ്ഞ 16 വര്‍ഷത്തോളമായി കാണുന്ന നെഗറ്റീവ് ട്രന്‍ഡ് ഇപ്പോഴും തുടരുകയാണെന്നാണ്. 2024ല്‍ രാജ്യത്ത് ജനിച്ചത് 369,944 പേരാണ്. ഇറ്റലി സര്‍ക്കാര്‍ സാമ്പത്തിക സഹായ സ്‌കീമുകള്‍ പ്രഖ്യാപിച്ചു. ഇതില്‍ ബേബി ബോണസ്, മാസമാസം കുട്ടികള്‍ക്കുള്ള സഹായം എന്നിവയെല്ലാമുണ്ട്.

പാല്‍ഗിയാരാ ഡേ മാര്‍സിയില്‍ ലാറയുടെ ജനനത്തോടെ ആഘോഷം നടക്കുമ്പോഴും, കുഞ്ഞിന്റെ മാതാപിതാക്കള്‍ പറയുന്നത് സ്വന്തം നാട് എന്ന് പറയാന്‍ കഴിയുന്നിടത്ത് തങ്ങളുടെ കുഞ്ഞ് ജനിക്കണമെന്ന വൈകാരികമായ ഒരു തീരുമാനമാണ് തങ്ങളെടുത്തതെന്നാണ്. ഇറ്റലിയിലെ യുവാക്കള്‍ വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുകയാണ്. ജീവിത ചിലവ് വര്‍ധിച്ചതോടെ കുട്ടികള്‍ പതിയെ മതിയെന്ന ചിന്തയിലാണ് ഭൂരിഭാഗം ദമ്പതിമാരും. സ്ഥിര വരുമാനം ഇല്ലാത്തതാണ് മറ്റൊരു പ്രശ്‌നം. ഇറ്റലിയിലെ ചില നഗരങ്ങള്‍ അവരുടെ കമ്മ്യൂണിറ്റിയുടെ നിലനില്‍പ്പിനായി വീടുകള്‍ കുറഞ്ഞ വാടകയ്ക്കു പോലും നല്‍കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ലാറയുടെ ജനനം ദേശീയതലത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരില്ലെങ്കിലും പാല്‍ഗിയാരാ ഡേ മാര്‍സിയില്‍ എല്ലാവരും ഒത്തുചേരാനും സന്തോഷം പങ്കിടാനും ഇതൊരു കാരണമായി. ഒരിക്കല്‍ വളരെ മൂകമായി കിടന്നൊരിടത്ത് പള്ളി മണികള്‍ നിര്‍ത്താതെ അടിച്ചു, ആളുകള്‍ ഒത്തുചേര്‍ന്നു. കൂടുതല്‍ ആളുകള്‍ ഇവിടേക്ക് എത്താന്‍ ഇത് കാരണമാകുമോ എന്നതില്‍ ഉറപ്പില്ലെങ്കിലും ലാറയുടെ കുടുംബം ഇപ്പോള്‍ ഹാപ്പിയാണ്. ഒപ്പം ഒരു ഗ്രാമവും.

Content Highlights: An italian village where a baby born after three decades

dot image
To advertise here,contact us
dot image