

24 കുട്ടികളുടെ ജീവനെടുത്ത കോൾഡ്രിഫ് ദുരന്തത്തിന്റെ ഞെട്ടലിൽ നിന്നും രാജ്യം ഇനി മുക്തമായിട്ടില്ല. മധ്യപ്രദേശിലെ ചിന്ത്വാരയിൽ ഈ ദുരന്തത്തിനിരയായി മരണത്തോട് മല്ലടിച്ച അഞ്ചു വയസുകാരൻ പതിയെ ജീവിതത്തിലേക്ക് പിച്ച വയ്ക്കുകയാണ്. കുനാൽ യദുവൻഷിയുടെ കണ്ണുകളുടെ കാഴ്ച പൂർണമായും നഷ്ടപ്പെട്ട നിലയിലാണ്. ചിന്ത്വാരയിലെ ജതാചാപ്പർ ഗ്രാമവാസിയായ കുനാലും കോൾഡ്രിഫ് കുടിച്ച് ഗുരുതരാവസ്ഥയിലായിരുന്നു. 24 കുടുംബങ്ങൾക്ക് കുഞ്ഞുങ്ങളെ നഷ്ടപ്പെട്ടപ്പോൾ, മാസങ്ങളോളം ഇന്റൻസീവ് കെയർ യുണിറ്റിൽ ഡയാലിസിസ് അടക്കമുള്ള ചികിത്സയിലായിരുന്നു കുനാൽ.
കഴിഞ്ഞ മൂന്നുമാസമായി അവന്റെ കളിചിരികൾ നിലച്ച വീട്ടിലേക്ക് കുനാൽ തിരികെയെത്തി. മരുന്നിലെ വിഷാംശങ്ങൾ കുനാലിന്റെ കാഴ്ചയെ കവർന്നെടുത്തു. കാഴ്ച പൂർണമായും നഷ്ടപ്പെട്ട കുനാലിന് നടക്കുമ്പോഴും ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. ഡോക്ടർമാർ പറയുന്നത് കുനാൽ പൂർണമായും ആരോഗ്യവാനാകാൻ ഇനിയും ദീർഘകാലം വേണ്ടിവരുമെന്നാണ്. എന്നാൽ അതെപ്പോഴാണെന്ന് അവർക്ക് പറയാനും കഴിയുന്നില്ല.
ചെറിയൊരു പനി വന്നതിന് പിന്നാലെ ഇക്കഴിഞ്ഞ ഓഗസ്റ്റ് 24നാണ് കുനാലിന് വയ്യാതെയായത്. കുടുംബം തൊട്ടടുത്തുള്ള ഡോ പ്രവീൺ സോണിയുടെ അടുത്തെത്തി കുട്ടിയ്ക്ക് ചികിത്സ തേടി. ഡോക്ടറാണ് കുട്ടിക്ക് കോള്‍ഡ്രിഫ് മരുന്ന് നല്‍കിയത്. അസുഖം മാറുന്നതിന് പകരം കുനാലിന്റെ അവസ്ഥ വളരെ മോശമായി തീർന്നു. മെഡിക്കൽ പരിശോധനയ്ക്ക് പിന്നാലെയാണ് കുട്ടിയുടെ രണ്ട് വൃക്കകളും പ്രവർത്തനരഹിതമാകുന്ന നിലയിലേക്ക് എത്തിയെന്ന് വ്യക്തമായത്.
ആരോഗ്യം വഷളായതിനെ തുടർന്ന് കുനാലിനെ ഓഗസ്റ്റ് 30ന് നാഗ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റി. നാഗ്പൂർ AIIMSൽ പ്രവേശിപ്പിച്ച കുനാൽ ഒന്നരമാസത്തോളം ഡയാലിസിസിന് വിധേയനായി. വൃക്കകൾ രണ്ടും മോശമായ അവസ്ഥയിലായതിനാൽ കുനാലിനെ ജീവിതത്തിലേക്ക് മടക്കി കൊണ്ടു വരിക അസാധ്യമാണെന്ന് ഡോക്ടർമാർ വിധിയെഴുതി. എന്നാൽ കുനാൽ എല്ലാത്തിനെയും അതിജീവിച്ചു. 115 ദിവസം ഐസിയുവിൽ ചികിത്സയിൽ കഴിഞ്ഞ കൊച്ചു കുനാൽ കഴിഞ്ഞ ദിവസമാണ് ഗ്രാമത്തിലേക്ക് തിരികെ എത്തിയത്.
സിറപ്പിലുണ്ടായിരുന്ന മാരകമായ വിഷം കുനാലിന്റെ കണ്ണുകളെ സാരമായി ബാധിച്ചു. കണ്ണിലെ ഫ്‌ളൂയിഡ് മുഴുവനും നഷ്ടമായി. ഇതോടെ കണ്ണിന്റെ കാഴ്ച നഷ്ടമായി. ന്യൂറോളജിക്കൽ പ്രശ്‌നം ചലനശേഷിയെയും ബാധിച്ചു. മകനെ തിരികെ ലഭിച്ചത് തന്നെ വലിയ അത്ഭുതമായാണ് കുനാലിന്‍റെ മാതാപിതാക്കൾ കാണുന്നത്.
നഷ്ടപ്പെട്ടു പോകുമെന്ന് കരുതിയതാണ്. എല്ലാ പ്രതീക്ഷയും ഇല്ലാതായിരുന്നു. പക്ഷേ ഇന്ന് അവൻ ഒപ്പമുണ്ട്. ഒരിക്കൽ അവൻ പൂർണ ആരോഗ്യവാനാകുമെന്നാണ് പ്രതീക്ഷയെന്ന് കുനാലിന്റെ മാതാപിതാക്കൾ പറയുന്നു.
Content Highlights: Kunal 5 year old survive coldriff toxic, lost eyesight