രാജ്യത്തെ മികച്ച പൊലീസ് സ്റ്റേഷനുകളിലൊന്നെന്ന അംഗീകാരം, പിന്നാലെ 18കാരനെ കള്ളക്കേസിൽ കുടുക്കി പൊലീസുകാർ

മയക്കുമരുന്ന് കേസുകളുമായി ബന്ധപ്പെട്ട് പ്രധാന അറസ്റ്റ് നടത്തിയെന്ന അവകാശവാദമായിരുന്നു പൊലീസിന്‍റേത്

രാജ്യത്തെ മികച്ച പൊലീസ് സ്റ്റേഷനുകളിലൊന്നെന്ന അംഗീകാരം, പിന്നാലെ 18കാരനെ കള്ളക്കേസിൽ കുടുക്കി പൊലീസുകാർ
dot image

ഇന്ത്യയിലെ ഏറ്റവും മികച്ച പൊലീസ് സ്റ്റേഷനുകളിൽ ഒമ്പതാം സ്ഥാനം കരസ്ഥമാക്കിയ മധ്യപ്രദേശിലെ മൽഹാർഗർ പൊലീസ് സ്റ്റേഷൻ ഇപ്പോൾ നാണംക്കെട്ട് തലകുനിക്കേണ്ട സാഹര്യത്തിലാണ്. ഈ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ നിരപരാധിയായ ഒരു പ്ലസ് ടു വിദ്യാർഥിയെ ബസിൽ നിന്നും പിടിച്ചിറക്കി വ്യാജ മയക്കുമരുന്ന് കേസിൽ പ്രതിയാക്കിയെന്ന വിവരമാണ് പുറത്ത് വരുന്നത്. ഹൈക്കോടതിയിൽ ഈ കേസ് കെട്ടിച്ചമച്ചതാണെന്ന് പൊലീസ് സൂപ്രണ്ടിന് സമ്മതിക്കേണ്ടി വന്നിരിക്കുകയാണ്. മയക്കുമരുന്ന് കേസുകളുമായി ബന്ധപ്പെട്ട് പ്രധാന അറസ്റ്റ് നടത്തിയെന്ന അവകാശവാദമായിരുന്നു ഇതുവരെ നടത്തിവന്നിരുന്നത്.

ഇക്കഴിഞ്ഞ ഓഗസ്റ്റ് 29നാണ് ബസിൽ യാത്ര ചെയ്യുകയായിരുന്ന 18കാരനായ വിദ്യാർഥിയെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റിലാക്കിയത്. മണിക്കൂറുകൾക്ക് ശേഷം കുട്ടിയുടെ പക്കൽ നിന്നും 2.7 കിലോഗ്രാം കറുപ്പ് പിടിച്ചെടുത്തെന്ന് പൊലീസ് അവകാശപ്പെട്ടു. അടുത്ത ദിവസം കുട്ടിയെ കോടതിയിൽ ഹാജരാക്കുകയും ജയിലിൽ അയക്കുകയും ചെയ്തു. എന്നാൽ സിസിടിവി ദൃശ്യങ്ങൾ, മൊബൈൽ ദൃശ്യങ്ങൾ, ദൃക്‌സാക്ഷികൾ എന്നിങ്ങനെ ലഭിച്ച വിവരങ്ങൾ ഇതിൽ നിന്നും വ്യത്യസ്തമായിരുന്നു. ഇവയിലൊന്നും മയക്കുമരുന്നിന്റെയോ കുട്ടിയെ പിന്തുടർന്ന് കസ്റ്റഡിയിലെടുക്കുന്നതിന്റെയോ മയക്കുമരുന്ന് പിടിച്ചെടുക്കുന്നതിന്റെയോ ഒരു തെളിവുകളുമില്ലായിരുന്നു. സാധാരണ വേഷത്തിലെത്തിയ ഉദ്യോഗസ്ഥർ ഒരു കുട്ടിയെ പിടിച്ചുകൊണ്ടു പോകുന്നത് മാത്രമാണ് ദൃശ്യങ്ങളിലുള്ളത്.

ഇതിന് പിന്നാലെ കുട്ടിയുടെ കുടുംബം മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തട്ടിക്കൊണ്ടുപോകൽ, അനധികൃതമായ അറസ്റ്റ്, വ്യാജ തെളിവുകൾ നിർമിക്കൽ എന്നീ ആരോപണങ്ങൾ കുടുംബം ഉന്നയിച്ചിരുന്നു. ചൊവ്വാഴ്ച നടന്ന വാദത്തിൽ മന്ദ്‌സോർ പൊലീസ് സൂപ്രണ്ട് ഹാജരാകണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് എഫ്‌ഐആറിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളും വീഡിയോയിൽ കുട്ടിയെ കസ്റ്റഡിയിലെടുക്കുന്ന സമയവും തമ്മിൽ ബന്ധമില്ലെന്നും ഇത് കെട്ടിചമച്ച കേസാണെന്നും സൂപ്രണ്ടിന് കോടതിക്ക് മുന്നിൽ സമ്മതിക്കേണ്ടി വന്നത്.

മൽഹാർഗർ പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിളാണ് ഈ ഗൂഢാലോചനയ്ക്ക് പിന്നിലെന്നാണ് വിവരം. നിയമപരമായ പ്രക്രിയകളൊന്നും നടക്കാതെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും കോടതിക്ക് ബോധ്യമായിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് ആറു പൊലീസുകാരെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. കുട്ടിയെ ബസിൽ നിന്നും വലിച്ചിറക്കി കൊണ്ടുവന്ന ഉദ്യോഗസ്ഥനും ഇതിൽ ഉൾപ്പെടും. നന്നായി പഠിക്കുന്ന പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥിയെയാണ് പൊലീസ് വ്യാജ കേസിൽ കുടുക്കിയത്.

Content Highlights: Madhya Pradesh Police fabricated case against Student

dot image
To advertise here,contact us
dot image