

ന്യൂഡല്‍ഹി: ആര്‍എസ്എസ് അനുകൂല സംഘടനയായ എച്ച്ആര്‍ഡിഎസിന്റെ പ്രഥമ സവര്‍ക്കര്‍ പുരസ്‌കാരവുമായി ബന്ധപ്പെട്ട് കൂടുതല്‍ വ്യക്തത വരുത്തി ശശി തരൂര്‍ എംപി. മാധ്യമങ്ങളിലൂടെയാണ് പുരസ്‌കാര വിവരം അറിഞ്ഞതെന്ന് ശശി തരൂര്‍ വ്യക്തമാക്കി. ഇത്തരമൊരു പുരസ്‌കാരത്തെ കുറിച്ച് അറിയില്ലെന്നും അത് സ്വീകരിച്ചിട്ടില്ലെന്നും ഇന്നലെ തന്നെ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നുവെന്നും ശശി തരൂര്‍ എക്‌സില്‍ കുറിച്ചു.
'എന്റെ അനുവാദം ചോദിക്കാതെ എന്റെ പേര് പ്രഖ്യാപിച്ചത് സംഘാടകരുടെ ഭാഗത്തുനിന്നുള്ള നിരുത്തരവാദപരമായ നടപടിയാണെന്നും ഞാന്‍ പറഞ്ഞിരുന്നു. പുരസ്‌കാരത്തിന്റെ സ്വഭാവം, അത് നല്‍കുന്ന സംഘടന, അല്ലെങ്കില്‍ അതുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങള്‍ എന്നിവയെക്കുറിച്ചൊന്നും യാതൊരു വ്യക്തതയുമില്ലാത്ത സാഹചര്യത്തില്‍, ഇന്ന് നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കുന്നതിനെക്കുറിച്ചോ പുരസ്‌കാരം സ്വീകരിക്കുന്നതിനെക്കുറിച്ചോ ഉള്ള ചോദ്യമേ ഉദിക്കുന്നില്ല', ശശി തരൂര്‍ പറഞ്ഞു.
പുരസ്‌കാരവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ പുരസ്‌കാരം സ്വീകരിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. മറ്റൊരു പരിപാടിയുമായി ശശി തരൂര്‍ കൊല്‍ക്കത്തയിലേക്ക് പോകുമെന്നും എംപിയുടെ അടുത്ത വൃത്തങ്ങള്‍ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസിനുള്ളില്‍ തന്നെ പുരസ്‌കാരവുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു.
സവര്‍ക്കറിന്റെ പേരിലുള്ള ഒരു അവാര്‍ഡും പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്വീകരിക്കാന്‍ പാടില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ പറഞ്ഞു. ശശി തരൂര്‍ അവാര്‍ഡ് നിരസിക്കണമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താനും ആവശ്യപ്പെട്ടിരുന്നു. ഇന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ശശി തരൂരിന് പുരസ്‌കാരം സമ്മാനിക്കുമെന്നായിരുന്നു എച്ച്ആര്‍ഡിഎസ് അറിയിച്ചത്. പുരസ്‌കാരം ഏറ്റുവാങ്ങാന്‍ ശശി തരൂര്‍ സന്നദ്ധത അറിയിച്ചതായും സംഘടന പറഞ്ഞിരുന്നു.
Content Highlights: Shashi Tharoor explanation on Savarkar award controversy