

മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ സിനിമയാണ് പേട്രിയറ്റ്. 19 വർഷത്തിന് ശേഷമാണ് മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒരു സിനിമയ്ക്കായി ഒരുമിക്കുന്നത്. ചിത്രത്തിൽ ഫഹദ് ഫാസിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സിനിമയുടെ ഒരൂ അപ്ഡേറ്റും ആരാധകർ ആഘോഷിക്കുകയാണ്.
പേട്രിയറ്റിലെ ആദ്യഗാനം സംഗീത സംവിധായകൻ സുഷിൻ ശ്യാമിന്റെ യുറ്റ്യൂബ് ചാനലിലൂടെ മാർച്ച് 12ന് റിലീസ് ചെയ്യും. ചിത്രത്തിലെ ഗാനങ്ങളും ഒറിജിനൽ സ്കോറും ഒരുക്കിയിരിക്കുന്നത് സുഷിൻ ആണ്. അൻവർ അലിയാണ് ഗാനരചന നിർവഹിച്ചിരിക്കുന്നത്. മൂന്ന് ഗാനങ്ങളുള്ള ചിത്രത്തിലെ 'കാറ്റു തൊട്ടപ്പോൾ' എന്ന പ്രണയഗാനമാണ് ആദ്യം പുറത്തിറങ്ങുന്നത്. കപിൽ കപിലനും സായ് പ്രഭയും ആലപിച്ച ഈ ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത് കുഞ്ചാക്കോ ബോബനും ദർശനാ രാജേന്ദ്രനുമാണ്.
ഒരുപാട് സർപ്രൈസുകൾ ഉള്ള ഒരു കൊമേഴ്സ്യല്‍ സിനിമ ആണ് പേട്രിയറ്റ് എന്നും സിനിമയിൽ ഫാൻ മോമെന്റുകൾ ഉറപ്പായും ഉണ്ടാകുമെന്നും സംവിധായകൻ മഹേഷ് നാരായണൻ നേരത്തെ പറഞ്ഞിരുന്നു. ഏപ്രിൽ 23 നാണ് ആഗോളതലത്തിൽ പേട്രിയറ്റ് റിലീസിന് എത്തുന്നത്. 'വിമത ശബ്ദങ്ങൾ ദേശസ്നേഹത്തിന്‍റേതാണ്.. ദേശദ്രോഹികൾ നിറയുന്ന ഈ ലോകത്ത് ഒരു ദേശസ്നേഹിയാകൂ', എന്ന കുറിപ്പോടെയാണ് സിനിമയിലെ അഭിനേതാക്കളുടെ ക്യാരക്ടർ പോസ്റ്ററുകൾ പുറത്തുവിട്ടിരുന്നത്. വെക്കേഷൻ റിലീസായതുകൊണ്ട് തന്നെ സിനിമയ്ക്ക് വലിയ കളക്ഷനുകൾ നേടാനാകും എന്നുതന്നെയാണ് പ്രതീക്ഷ. ചിത്രം നിർമ്മിക്കുന്നത് ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ്.
Content Highlights:The first song from the film Patriot will be released soon. The track will premiere on the official YouTube channel of music composer Sushin Shyam. The release marks the beginning of the film’s music promotions.