

ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ ശരീരം അതിന്റെ ലക്ഷണങ്ങള്‍ പല വിധത്തില്‍ കാട്ടിത്തരാറുണ്ട്. നിങ്ങള്‍ ശ്രദ്ധിച്ചിട്ടില്ലേ അസുഖവുമായി ഡോക്ടറുടെ അടുത്ത് ചെല്ലുമ്പോള്‍ നാവ് പുറത്തേക്ക് നീട്ടാന്‍ ആവശ്യപ്പെടുന്നത്. ഇത് വെറുതെയല്ല. നാവിലെ നിറവ്യത്യാസം, വിള്ളലുകള്‍ വ്രണങ്ങള്‍ എന്നിവയെല്ലാം പലതരം ആരോഗ്യ പ്രശ്‌നങ്ങളെ സൂചിപ്പിക്കുന്നു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിന്റെ (NIH) ന്റെ ഒരു റിപ്പോര്‍ട്ട് പ്രകാരം നാക്കിലെ ലക്ഷണങ്ങള്‍ കാന്‍സര്‍ ഉള്‍പ്പടെ പലതരം രോഗങ്ങളെയും പോഷകാഹാരക്കുറവിനെയും എങ്ങനെ പ്രതിഫലിപ്പിക്കുന്നു എന്ന് വെളിപ്പെടുത്തുന്നു.

ഉറക്കമുണരുമ്പോള്‍ നാവില്‍ വെളുത്ത പാളി കാണുന്നത് സാധാരണമാണ്. പല്ല് തേച്ച് നാവ് വൃത്തിയാക്കുമ്പോള്‍ ഇത് സാധാരണയായി വൃത്തിയാകാറുണ്ട്. എന്നാല്‍ ഈ വെളുത്ത ആവരണം കട്ടിയുള്ളതാകുമ്പോള്‍ അത് സൂക്ഷിക്കേണ്ട സംഗതിയാണ്. വായിലെ വൃത്തിക്കുറവ്, നിര്‍ജലീകരണം,അല്ലെങ്കില്‍ ഓറല്‍ ത്രഷ് പോലെയുള്ള ഫംഗസ് അണുബാധകള്‍ എന്നിവമൂലവും നാവില്‍ വെളുത്ത ആവരണം ഉണ്ടാവാം. 'കാന്‍ഡിഡ' എന്ന യീസ്റ്റ് വായില്‍ അമിതമായി വളരുമ്പോഴാണ് ഓറല്‍ ത്രഷ് ഉണ്ടാകുന്നത്. രോഗ പ്രതിരോധശേഷി കുറഞ്ഞവര്‍, പ്രമേഹം, ആന്റിബയോട്ടിക്കുകള്‍ കഴിക്കുന്നവര്‍ എന്നിവരിലും ഈ അവസ്ഥ ഉണ്ടാകാറുണ്ട്. ചെറിയ കുട്ടികളിലും പ്രായമായവരിലും ചില ആരോഗ്യ പ്രശ്‌നങ്ങളുള്ളവരിലും ഓറല്‍ ത്രഷ് കൂടുതലായി കാണപ്പെടാമെന്ന് യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്‍(DCC) വെളിപ്പെടുത്തുന്നു. പതിവായി വൃത്തിയാക്കിയിട്ടും ഈ കോട്ടിംഗ് മാഞ്ഞുപോയില്ല എങ്കില്‍ ഡോക്ടര്‍മാര്‍ മെഡിക്കല്‍ വിലയിരുത്തല്‍ വേണമെന്ന് പറയുന്നു.

അസാധാരണമായി ചുവപ്പോ വീര്‍ത്തതോ ആയി കാണപ്പെടുന്ന നാവ് പോഷകാഹാരക്കുറവിന്റെ സൂചനയായിരിക്കാം. ഡോക്ടര്‍മാര്‍ ഈ ലക്ഷണത്തെ വിറ്റാമിന്‍ ബി 12 അല്ലെങ്കില്‍ ഫോളിക് ആസിഡിന്റെ കുറവായി കണക്കാക്കുന്നു. ഇതോടൊപ്പം ക്ഷീണം,ബലഹീനത,കൈകളില്‍ മരവിപ്പ് എന്നീ ലക്ഷണങ്ങളും ഉണ്ടാവാം. ചില സന്ദര്‍ഭങ്ങളില്‍ 'സ്‌കാര്‍ലെറ്റ് പനി' പോലുള്ള അണുബാധകള്‍കൊണ്ട് ഇങ്ങനെ സംഭവിക്കാം.
ചിലരുടെ നാവില്‍ ആഴത്തിലുള്ള വരകളോ ദ്വാരങ്ങളോ കാണപ്പെടുന്നു. നാക്കിലെ വിള്ളലുകളോ ആഴത്തിലുള്ള ദ്വാരങ്ങളോ സാധാരണയായി ദോഷകരമല്ലെങ്കിലും ഇത് ചില പോഷകാഹാരക്കുറവുമായി ബന്ധപ്പെട്ടിരിക്കുന്നു. ചിലപ്പോള്‍ ഈ ദ്വാരങ്ങളില്‍ ഭക്ഷണാവശിഷ്ടങ്ങള്‍ അടിഞ്ഞുകൂടാനും വായ്‌നാറ്റം ഉണ്ടാവുകയയും ചെയ്യാം. നല്ലതുപോലെ വെള്ളം കുടിച്ച് ജലാംശം നിലനിര്‍ത്തുന്നത് ആശ്വാസം നല്‍കും. ഇത് നിരുപദ്രവകരമാണെങ്കിലും പെട്ടെന്ന്പ്രത്യക്ഷപ്പെടുന്നതോ വേദനാജനകമോ ആണെങ്കില്‍ ഒരു ഡോക്ടറുടെ സേവനം തേടേണ്ടതാണ്.

വായിലുണ്ടാകുന്ന വൃണങ്ങള്‍ സാധാരണമാണ്. ഇവ സാധാരണയായി ഒന്നോ രണ്ടോ ആഴ്ചകള്‍ക്കുള്ളില്‍ സുഖപ്പെടും.എന്നാല്‍ അതില്‍ കൂടുതല്‍ കാലം വൃണങ്ങള്‍ നീണ്ടുനിന്നാല്‍ ശ്രദ്ധിക്കേണ്ടതാണ്. രണ്ടാഴ്ചയ്ക്കുളളില്‍ സുഖപ്പെടാത്ത ഇത്തരം അള്‍സര്‍ അണുബാധകള്‍ അല്ലെങ്കില്‍ ഓറല്‍ കാന്‍സര്‍ പോലുളള ഗുരുതരമായ പ്രശ്‌നങ്ങള്‍കൊണ്ടുമാകാം. പുകവലിക്കുന്നവരിലോ പതിവായി മദ്യം കഴിക്കുന്നവരിലോ ആണ് അപകട സാധ്യത കൂടുതലുള്ളത്. വായിലെ കാന്‍സര്‍ പലപ്പോഴും ചെറിയ അള്‍സറോ പാടുകളോ ആയിട്ടാണ് തുടങ്ങുന്നത് എന്നതുകൊണ്ട് നേരത്തെയുള്ള കണ്ടെത്തല്‍ നിര്‍ണായകമാണ്.
നിറവ്യത്യാസങ്ങള്‍ പലപ്പോഴും രക്തക്കുറവുമായി ബന്ധപ്പെട്ടിരിക്കുന്നു. അസാധാരണമായ വിളറിയതായി കാണപ്പെടുന്ന നാവ് വിളര്‍ച്ചയുടെ സൂചനയാണ്. രക്തത്തില്‍ ചുവന്ന രക്താണുക്കളുടെ കുറവുകൊണ്ടാണ് വിളര്‍ച്ച ഉണ്ടാകുന്നത്.നാവിലെ വിളര്‍ച്ചയ്‌ക്കൊപ്പം ക്ഷീണം,തലകറക്കം, ശ്വാസതടസം എന്നിവ അനുഭവപ്പെടാം.

വായില്‍ ബാക്ടീരിയ അടിഞ്ഞുകൂടുമ്പോള്‍ ചിലപ്പോള്‍ നാവില്‍ ഒരു മഞ്ഞ പാട പ്രത്യക്ഷപ്പെടാം. ഇത് നിര്‍ജലീകരണം പുകവലി, അല്ലെങ്കില്‍ ദഹന സംബന്ധമായ തകരാറുകള്‍ എന്നിവയുമായി ബന്ധപ്പെട്ടിരിക്കാം. അതോടൊപ്പം വായിലെ ശുചിത്വക്കുറവ്, വരള്‍ച്ച, ചില മരുന്നുകള്‍ ഇവയും ഈ മാറ്റത്തിന് കാരണമാകുന്നു. നിറവ്യത്യാസം നീണ്ടുനില്‍ക്കുകയോ മറ്റ് ലക്ഷണങ്ങള്‍ ഉണ്ടാവുകയോ ചെയ്താല്‍ ഡോക്ടറുടെ സേവനം തേടേണ്ടതാണ്.
ആധുനിക വൈദ്യശാസ്ത്രം സ്‌കാനിംഗിനെയും രക്തപരിശോധനയേയും വളരെയധികം ആശ്രയിക്കുന്നു. എങ്കിലും ശാരീരിക പരിശോധന ഇപ്പോഴും പ്രാധാന്യമാണ്. രോഗങ്ങളുടെ മുന്നറിയിപ്പ് സൂചനകള്‍ കണ്ടെത്താന്‍ ഡോക്ടര്‍മാര്‍ ഉപയോഗിക്കുന്ന ലളിതമായ മാര്‍ഗ്ഗങ്ങളിലൊന്നാണ് നാവിന്റെ പരിശോധന.
Content Highlights :