

അപ്ഡേറ് ചെയ്ത പുത്തൻ പുതിയ ഹൈപ്പർസോണിക് മിസൈലുകളും ജെറ്റുകളും പുറത്തിറക്കാൻ തിടുക്കം കൂട്ടുന്ന രാജ്യമാണ് ചൈന. എയ്‌റോസ്‌പേസ് സുരക്ഷയുടെ കാര്യവും അങ്ങനെ തന്നെ. ഒട്ടും വിട്ടുവീഴ്ചയില്ലാതെ, തങ്ങളുടെ സൈനിക, വ്യോമ, നാവിക പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ശ്രമിക്കുന്ന ചൈന ഈ മേഖലയിൽ അടുത്തൊരു അപ്ഡേറ്റ് നടത്തിയിരിക്കുകയാണ്. 'എജക്ടബിൾ കോക്ക്പിറ്റ് സിസ്റ്റം' -അതായത് അത്യാവശ്യ ഘട്ടത്തിൽ പെട്ടെന്ന് പുറത്തു കടക്കാവുന്ന ഒരു കോക്ക്പിറ്റ് സിസ്റ്റം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ് ചൈന. സൂപ്പർസോണിക് യുദ്ധവിമാനങ്ങൾക്കായാണ് ചൈന ഒരു ഇജക്ടബിൾ കോക്ക്പിറ്റ് സിസ്റ്റം വികസിപ്പിക്കുന്നത്. അപകടമുണ്ടായാൽ പൈലറ്റിനെ വിമാനത്തിൽ നിന്ന് സുരക്ഷിതമായി വേർപെടുത്താൻ ഇത്തരം കോക്ക്പിറ്റുകൾ സഹായിക്കും, ഇത് സുരക്ഷിതമായ ലാൻഡിംഗ് സാധ്യമാക്കും. ഈ ഇജക്ടബിൾ കോക്ക്പിറ്റ് സിസ്റ്റത്തിൻ്റെ വികസനവുമായി ബന്ധപ്പെട്ട ഗവേഷണ പ്രബന്ധങ്ങളും നിരവധി പരീക്ഷണ പറക്കൽ ഫോട്ടോകളും പുറത്തുവന്നിട്ടുണ്ട്.
യാത്രാ വിമാനങ്ങളിലും ഇത്തരത്തിൽ ഉള്ള സംവിധാനം സാധ്യമാകുമെന്നും, ചൈന അതിനായും ശ്രമം നടത്തുന്നുണ്ടെന്നുമാണ് റിപ്പോർട്ട്. പറക്കുമ്പോൾ പൈലറ്റിനെ വിമാനത്തിൽ നിന്ന് വേർപെടുത്താൻ രൂപകൽപ്പന ചെയ്ത ഒരു മോഡുലാർ എസ്കേപ്പ് സിസ്റ്റം വികസിപ്പിക്കുക എന്നതാണ് ഈ സാങ്കേതിക വിദ്യയുടെ ലക്ഷ്യം. സാധാരണയായി ഒരു അപകടം ഉണ്ടായാൽ, സീറ്റിൽ നിന്ന് എണീറ്റ് പൈലറ്റുമാർ വിമാനത്തിന് പുറത്ത് ഇറങ്ങുക എന്നതായിരുന്നു പതിവ്. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി, ഒരു കോക്ക്പിറ്റ് കാപ്സ്യൂളിനെ മുഴുവനായി വേർപെടുത്തുന്ന സംവിധാനമാണ് ചൈനയുടേത്. ക്രൂവിനെ ഒരു സീൽ ചെയ്ത പോഡിനുള്ളിൽ ഉൾപ്പെടുത്തി സുരക്ഷിതമായി നിലത്തേക്ക് പാരച്യൂട്ട് വഴി ഇറങ്ങാൻ സഹായിക്കുന്നു.
അമേരിക്ക, ബ്രിട്ടൻ, റഷ്യ, സ്വിറ്റ്സർലൻഡ്, ഫ്രാൻസ്, ചൈന എന്നിവിടങ്ങളിലെ കമ്പനികൾ മാത്രമാണ് എജക്ഷൻ സീറ്റുകൾ നിർമ്മിച്ച് വരുന്നത്. അതിൽ യുകെയാണ് ഉത്പാദനത്തിൽ മുന്നിട്ട് നിൽക്കുന്ന രാജ്യം. അതുകൊണ്ട് തന്നെ ചൈനയുടെ പുതിയ നീക്കം ബ്രിട്ടന് ഒരു ഭീഷണിയാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.
പരിമിതികൾക്കിടയിലും, വ്യോമയാനത്തിലെ ഏറ്റവും വലിയ സുരക്ഷാ കണ്ടുപിടുത്തങ്ങളിൽ ഒന്നായി എജക്ഷൻ സീറ്റുകൾ ഇന്നും തുടരുകയാണ്. ഒരുപാട് ജീവനുകൾ രക്ഷിക്കാൻ ഉതകുന്നതാണീ സംവിധാനം. ഇത്തരത്തിലുള്ള പവർ സീറ്റുകൾക്ക് രണ്ട് സെക്കൻഡിനുള്ളിൽ വിമാനങ്ങളിൽ നിന്ന് പൈലറ്റുമാരെ രക്ഷപ്പെടുത്താൻ കഴിയും. പൈലറ്റുമാരുടെ കഴുത്ത്, തല എന്നീ പ്രധാന ഭാഗങ്ങളുടെ സംരക്ഷണം അപകട സാഹചര്യങ്ങളിൽ ഉറപ്പാക്കാൻ ഈ സംവിധാനത്തിന് സാധിക്കും. അപകടങ്ങളിൽ നിന്നും അതിവേഗം രക്ഷ നേടാൻ ലക്ഷ്യമിട്ടുള്ള വ്യത്യസ്തമായ ഒരു പാതയാണ് ചൈനയുടെ നിർദ്ദിഷ്ട എജക്ടബിൾ കോക്ക്പിറ്റ് സിസ്റ്റം എന്നാണ് വിദഗ്ദ്ധർ പറയുന്നത്. ഇത് ഭാവിയിലെ സൂപ്പർസോണിക് സിവിലിയൻ ജെറ്റുകളുടെ പ്രവർത്തനത്തിലും ഉപയോഗിക്കാൻ സാധിക്കുമെന്നാണ് പറയപ്പെടുന്നത്.

യുകെ ആസ്ഥാനമായുള്ള മാർട്ടിൻ-ബേക്കർ ആണ് നിലവിലെ പൈലറ്റ് രക്ഷപ്പെടൽ സംവിധാനങ്ങളുടെ ഉദ്പാദനത്തി. മുന്നിൽ. ആ സംവിധാനമുപയോഗിച്ച് 93 വ്യോമസേനകൾക്ക് 90,000-ത്തിലധികം സീറ്റുകൾ വിതരണം ചെയ്യുകയും ഏകദേശം 7,800 ജീവൻ രക്ഷിക്കുകയും ചെയ്തതോടെ, റഷ്യയ്ക്കും ചൈനയ്ക്കും അപ്പുറത്ത് ലോക വിപണിയുടെ 50% വും ഇവരുടെ പക്കൽ ആണിന്ന്. ചൈനയുടെ പുത്തൻ സംവിധാനം പ്രവർത്തനക്ഷമമായാൽ ബ്രിട്ടന്റെ ആധിപത്യം കുറയുമോ എന്ന ചോദ്യമാണ് ഉയരുന്നത്.
Content Highlights :