ചൈനയുടെ വാവെയ്‌യെ പടിക്ക് പുറത്താക്കണം; അംഗങ്ങളായ രാജ്യങ്ങളോട് കടുപ്പിക്കാനൊരുങ്ങി യൂറോപ്യൻ യൂണിയൻ

അമേരിക്ക നേരത്തെ വാവെയ്‌യെ, ഇസഡ്ടിഇ എന്നീ കമ്പനികളെ രാജ്യത്ത് വിലക്കിയിരുന്നു

ചൈനയുടെ വാവെയ്‌യെ പടിക്ക് പുറത്താക്കണം; അംഗങ്ങളായ രാജ്യങ്ങളോട് കടുപ്പിക്കാനൊരുങ്ങി യൂറോപ്യൻ യൂണിയൻ
dot image

ചൈനീസ് ടെക് കമ്പനികളെ യൂറോപ്പിൽ നിന്നും പടിയടച്ചു പുറത്താക്കാനൊരുങ്ങി യൂറോപ്യൻ യൂണിയൻ(EU). ചൈനീസ് ടെക് ഭീമന്മാരായ വാവെയ്‌ (Huawei), ഇസഡ് ടി ഇ( ZTE) എന്നീ കമ്പനികളുടെ ഉപകരണങ്ങൾ ടെലി കമ്യൂണിക്കേഷൻ മേഖലകളിൽ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് അംഗങ്ങളായ രാജ്യങ്ങളോട് ആവശ്യപ്പെടാനൊരുങ്ങുകയാണ് യൂറോപ്യൻ കമ്മീഷൻ എന്നാണ് പുറത്തുവരുന്ന സൂചനകൾ.

അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ബ്ലൂംബർഗാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ആരോപിച്ച് അമേരിക്ക രണ്ട് കമ്പനികളെയും നേരത്തെ വിലക്കിയിരുന്നു. ഇതേ പാത പിന്തുടരാനാണ് യൂറോപ്യൻ യൂണിയനും ആഗ്രഹിക്കുന്നത്.

ZTE company logo

യൂറോപ്യൻ യൂണിയനും ചൈനയും തമ്മിലുള്ള ബന്ധങ്ങൾക്ക് വലിയ ഉലച്ചിൽ സംഭവിച്ചിരിക്കുന്നതിന്റെ പിന്നാലെയാണ് ഇപ്പോൾ കമ്പനികളെ വിലക്കാനുള്ള നടപടികളും പരിഗണിക്കപ്പെടുന്നത്. രാജ്യത്തെ സുപ്രധാന മേഖകളിൽ ചൈനീസ് കമ്പനി ഉപകരണങ്ങൾ കടന്നുവരുന്നത് വിവരങ്ങൾ ചോരുന്നതിന് ഇടയാക്കുമെന്നാണ് യൂറോപ്യൻ യൂണിയന്റെ ഭയം.

2020ൽ 5ജി ടൂൾബോക്‌സ് എന്ന പേരിൽ ഇ യു പുറത്തിറക്കിയ നിർദേശങ്ങളിൽ രാജ്യസുരക്ഷയെ അപകടത്തിലാക്കാൻ സാധ്യതയുള്ള കമ്പനികളെ ഒഴിവാക്കണമെന്ന് പറഞ്ഞിരുന്നു. ഈ നിർദേശം കർശനമായി നടപ്പിലാക്കാൻ അംഗ രാജ്യങ്ങൾക്ക് മേൽ സമ്മർദം ചെലുത്താനാണ് യൂണിയൻ ആഗ്രഹിക്കുന്നത്. എന്നാൽ അടിസ്ഥാന സൗകര്യ വികസനം പൂർണമായും രാജ്യങ്ങളുടെ അധികാര പരിധിയിൽ വരുന്ന കാര്യമായതിനാൽ യൂറോപ്യൻ യൂണിയന് ഇവ എളുപ്പത്തിൽ നടപ്പിലാക്കാനാകില്ല എന്നാണ് വിലയിരുത്തലുകൾ.

Huawei company logo

യൂറോപ്യൻ യൂണിയനിലെ സ്വീഡൻ മാത്രമായിരുന്നു നേരത്തെ വാവെയ്‌ കമ്പനിയ്ക്ക് വിലക്കേർപ്പെടുത്തിയത്. ഇതിനോട് രൂക്ഷമായിട്ടായിരുന്നു ചൈനയുടെ പ്രതികരണം. നിലവിൽ ജർമനിയും ഫിൻലാൻഡും ചൈനീസ് കമ്പനികൾക്ക് മേൽ കടുത്ത നിയന്ത്രണം കൊണ്ടുവന്നിട്ടുണ്ട്. എന്നാൽ ഗ്രീസും സ്‌പെയിനും അവരുടെ ടെലികമ്മ്യൂണിക്കേഷൻ നെറ്റ് വർക്കുകളിൽ വാവെയ്‌യുടെ ഉപകരണങ്ങൾ തന്നെയാണ് പ്രധാനമായും ഉപയോഗിക്കുന്നത്.

European Communion

വാവെയ്‌യെ വിലക്കിയാൽ അത് ദോഷകരമായി ബാധിക്കുമെന്ന് കരുതുന്ന രാജ്യങ്ങളുമുണ്ട്. നെറ്റ്‌വര്‍ക്കിംഗിൻ്റെ തുക ഏറെ വർധിക്കുമെന്നും സാങ്കേതിക വിദ്യയിൽ തങ്ങൾ പിറകിലാകുമെന്നും ഇവർ അഭിപ്രായപ്പെടുന്നു. അതേസമയം, അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് യൂറോപ്യൻ യൂണിയനും അമേരിക്കയും ഉന്നയിക്കുന്നത് എന്നാണ് ചൈനയുടെ പ്രതികരണം. വാവെയ്‌യെയും, ഇസഡ്ടിഇയെയും അപകട ഭീഷണിയായി ചിത്രീകരിക്കുന്നത് രാഷ്ട്രീയപ്രേരിതം മാത്രമാണെന്നും വസ്തുതകളുടെ പിൻബലമില്ലെന്നും ചൈന പറയുന്നു.

Content Highlights: EU urges union countrires to black Huawei and ZTE in thier member countries

dot image
To advertise here,contact us
dot image