

ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരം ഇഞ്ചോടിഞ്ചെന്ന് ആക്‌സിസ് മൈ ഇന്‍ഡ്യ എക്‌സിറ്റ് പോള്‍ ഫലം. എന്‍ഡിഎ 121 മുതല്‍ 141 വരെ സീറ്റുകള്‍ നേടുമെന്നും ആര്‍ജെഡിയും കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ഉള്‍പ്പെടുന്ന ഇൻഡ്യാ സഖ്യം 98 മുതൽ 118 സീറ്റുകൾ വരെ നേടുമെന്നാണ് സർവ്വെ ഫലം. ആര്‍ജെഡി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നും സർവ്വെ ഫലം ചൂണ്ടിക്കാട്ടുന്നു. ഒബിസി, എസ്‌സി, ജനറല്‍ വിഭാഗങ്ങളുടെ വോട്ടുകള്‍ എന്‍ഡിഎ മുന്നണിക്ക് ലഭിക്കുമെന്നാണ് പ്രവചിക്കുന്നത്.
തൊഴില്‍രഹിതര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരുടെ പിന്തുണ മഹാസഖ്യത്തിനാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സര്‍ക്കാര്‍ പദ്ധതികളുടെ പ്രയോജനം ലഭിച്ച സ്ത്രീകള്‍, സ്വകാര്യ ജീവനക്കാര്‍ തുടങ്ങിയവരുടെ പിന്തുണ എന്‍ഡിഎക്കാണെന്നാണ് ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നത് ഇന്‍ഡ്യ സഖ്യത്തിന് യാദവ, മുസ്ലീം സമുദായങ്ങളുടെ പിന്തുണ ലഭിക്കും. എന്‍ഡിഎക്ക് 43 ശതമാനം വോട്ടുവിഹിതവും ഇന്‍ഡ്യ സഖ്യത്തിന് 41 ശതമാനം വോട്ടുവിഹിതവും പ്രവചിക്കപ്പെടുന്നു. പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടി വലിയ ചലനമുണ്ടാക്കില്ലെന്നും എക്സിറ്റ് പോള്‍ ഫലം പറയുന്നു.
130ലേറെ സീറ്റുകളാണ് മറ്റ് പല എക്‌സിറ്റ് പോളുകളും എന്‍ഡിഎ സഖ്യത്തിന് പ്രവചിക്കുന്നത്. 122 സീറ്റാണ് ബിഹാറില്‍ കേവലഭൂരിപക്ഷത്തിന് ആവശ്യം. ഇൻഡ്യ സഖ്യം 100ലേറെ സീറ്റ് കടക്കുമെന്നു പ്രവചിക്കുന്നത് നാല് എക്സിറ്റ് പോളുകള്‍ മാത്രമാണ്. ചില എക്സിറ്റ് പോളുകള്‍ ജന്‍ സുരാജിന് പരമാവധി 5 സീറ്റ് പ്രവചിക്കുമ്പോള്‍ മറ്റു ചിലത് ഓരു സീറ്റ് പോലും ലഭിക്കില്ലെന്ന പോള്‍ ഫലമാണ് പുറത്തുവിടുന്നത്.
ചാണക്യ സ്ട്രാറ്റജീസ്, ദൈനിക് ഭാസ്‌കര്‍, ഡി വി റിസേര്‍ച്ച്, ജെവിസി, മാട്രിസ്, പി മാര്‍ക്, പീപ്പിള്‍ ഇന്‍സൈറ്റ്, പീപ്പിള്‍സ് പള്‍സ്, എന്‍ഡിടിവി പോള്‍ ഓഫ് പോള്‍സ്, ന്യൂസ് 18 മെഗാ എക്‌സിറ്റ് പോള്‍ അടക്കം പുറത്തുവന്ന സര്‍വ്വേ ഫലങ്ങളെല്ലാം പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി നിതീഷ് കുമാറും മുഖമായ എന്‍ഡിഎ സഖ്യത്തിന് 130 ല്‍ കുറയാത്ത സീറ്റ് നിലയാണ് പ്രവചിക്കുന്നത്.
ബിഹാറിൽ രണ്ടാംഘട്ടങ്ങളിലായി 122 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. നവംബർ ആറിന് നടന്ന ആദ്യഘട്ട വോട്ടെടുപ്പിൽ 65.08 ശതമാനം പോളിംഗ് രേഖപ്പെടുത്തിയപ്പോൾ രണ്ടാംഘട്ടത്തിൽ 64.14 ശതമാനമായിരുന്നു പോളിംഗ്. നവംബർ 14-നാണ് ഫലപ്രഖ്യാപനം.
Content Highlights: Axis My India exit poll predicts NDA to win 121 to 141 seats in Bihar elections