ട്രെയിനിടിച്ച് തരിപ്പണമായ കാർ, ചിതറിത്തെറിച്ച ജീവനുകൾ! ലോക്കോപൈലറ്റിന്റെ അനുഭവങ്ങളിലൂടെ

ആഞ്ഞ് ഹോണടിച്ചു, എല്ലാം വിഫലം പൊലിഞ്ഞത് നാല് ജീവനുകൾ

ട്രെയിനിടിച്ച് തരിപ്പണമായ കാർ, ചിതറിത്തെറിച്ച ജീവനുകൾ! ലോക്കോപൈലറ്റിന്റെ അനുഭവങ്ങളിലൂടെ
dot image

മാരാരിക്കുളം റെയില്‍വെ സ്റ്റേഷന് സമീപം പൂപ്പള്ളിക്കാവ് റെയില്‍വെ ക്രോസില്‍ നേരിടേണ്ടി വന്ന ഒരു അപകടത്തെക്കുറിച്ച് ഓര്‍ത്തെടുക്കുകയാണ് ലോക്കോപൈലറ്റായിരുന്ന ജെ വേണുഗോപാല്‍. മണിക്കൂറില്‍ 90 കിലോമീറ്റര്‍ വേഗതയില്‍ പാഞ്ഞുവരുന്ന ട്രെയിന്‍ ഓടിച്ചുവരുമ്പോള്‍ ഒരു ടാറ്റ ഇന്‍ഡിക്ക കാര്‍ വരുന്നത് കണ്ടു. ഹോണടിക്കുമ്പോള്‍ സാധാരണ വണ്ടി നിര്‍ത്തുന്നതാണ് പതിവ്. എന്നാല്‍ കാറ് നിർത്താതെ റെയില്‍വെ ക്രോസിലേക്ക് കടക്കുന്നതാണ് കണ്ടത്. ട്രെയിനിന്റെ വേഗത കുറയ്ക്കാന്‍ പരമാവധി ശ്രമിച്ചു. എമര്‍ജൻസി ബ്രേക്ക് വരെ പെട്ടെന്ന് ഉപയോഗിച്ചു എന്നാല്‍ വലിയ വേഗതയില്‍ വന്ന ട്രെയിൻ പെട്ടെന്ന് നിർത്താനായില്ല. വണ്ടി ഇടിക്കുമെന്നത് ഉറപ്പായി, കാര്‍ യാത്രികരുടെ ശ്രദ്ധ നേടാന്‍ ഹോണടിച്ചു. പക്ഷേ..

അപ്പോഴേക്കും കാറിന്റെ മുൻഭാഗം ഉള്‍പ്പെടെ പകുതി ഭാഗത്തോളം റെയില്‍വെ ലൈന്‍ ക്രോസ് ചെയ്തിരുന്നു. യാത്രികരെ കാണാന്‍ കഴിഞ്ഞില്ല. ട്രെയിൻ നിമിഷങ്ങൾക്കുള്ളിൽ കാറില്‍ ശക്തമായി ഇടിച്ചു. മുകളിലേക്ക് തെറിച്ച കാര്‍ പോസ്റ്റിലിടിച്ച് കറങ്ങി തെറിച്ചുപോകുന്ന കാഴ്ചയാണ് കണ്ടത്. സംഭവത്തിന് പിന്നാലെ തലയില്‍ കൈയും വച്ച് മരവിച്ചിരുന്നു പോയി. ചേര്‍ത്തല സ്വദേശിയായ സഹലോക്കോപൈലറ്റ് പുറത്തേക്ക് ഇറങ്ങി അപകടത്തില്‍പ്പെട്ടവരുടെ അടുത്തേക്ക് പോയി. കരുത്തേറിയ എഞ്ചിനിലിടിച്ച് തെറിച്ച കാറിലുണ്ടായിരുന്നത് നാലു പേരായിരുന്നു. ചളുങ്ങി തവിടുപൊടിയായ നിലയിലായിരുന്ന കാറിൽ ഉണ്ടായിരുന്ന മൂന്നു പേര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കാറിൻ്റെ മുന്നിലിരുന്ന ഒരു യുവതിക്ക് മാത്രമാണ് ജീവനുണ്ടായിരുന്നത്. പിന്നീട് അവരും മരണത്തിന് കീഴടങ്ങി.

വേണുഗോപാലിന്‍റെ വാക്കുകളിലൂടെ...

ആ അപകടം ജീവിച്ചിരിക്കുന്ന കാലത്തോളം എല്ലാ രാത്രികളെയും വേട്ടയാടുന്ന ഓര്‍മയാണ്. അന്ന് അടുത്ത റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി തണുത്ത വെള്ളത്തില്‍ മുഖം കഴുകി. മാധ്യമപ്രവര്‍ത്തകരുടെ മുഖത്ത് പോലും നോക്കാതെ മുന്നോട്ട് നടക്കുമ്പോള്‍ നെഞ്ചില്‍ ഒരു കനം അനുഭവപ്പെട്ടിരുന്നു. അപകടങ്ങള്‍ ട്രെയിന്‍ ഡ്രൈവര്‍മാര്‍ക്ക് നല്‍കുന്ന ആഘാതം ചെറുതല്ല. 100 അപകടങ്ങള്‍ കണ്ടാലും 101-ാമത്തേതിന് വീണ്ടും ഹൃദയം നുറുങ്ങും. മാരാരിക്കുളത്തെ അപകടം മനുഷ്യ സഹജമായി ഒരു തരത്തിലും ഒഴിവാക്കാന്‍ കഴിയുമായിരുന്നില്ല. അത്ര വേഗത്തില്‍ വരുന്ന ട്രെയിന്‍ എമര്‍ജന്‍സി ബ്രേക്ക് അപ്ലൈ ചെയ്താല്‍ പോലും നില്‍ക്കുകയുമില്ല. ആ നാല് പേര്‍ മരണത്തിലേക്ക് പാഞ്ഞടുക്കുന്നതാണ് ഞങ്ങള്‍ കണ്ടത്. കാറില്‍ ജര്‍മനിയില്‍ നിന്ന് വന്ന ഒരു ഭാര്യയും ഭര്‍ത്താവും മറ്റ് രണ്ട് പേരുമായിരുന്നു ഉണ്ടായിരുന്നത്. കേരളത്തില്‍ നിന്നും ഒരു കുഞ്ഞിനെ ദത്തെടുത്ത് ജര്‍മനിയിലേക്ക് തിരിച്ചു പോകാനായിരുന്നു ആ ദമ്പതികള്‍ ഇവിടെ എത്തിയത്.

അപകടം നടക്കുന്ന ദിവസം ദമ്പതികളിലെ ഭാര്യയ്ക്ക് കലശലായ വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയില്‍ പോകാനായി അവർ ടാക്‌സി വിളിക്കുകയായിരുന്നു. അപ്പോഴാണ് ഹോട്ടല്‍ റിസപ്ഷനിസ്റ്റായ പെണ്‍കുട്ടി ടൗണിലേക്ക് പോകാനായി ഇറങ്ങിയത്. ആശുപത്രിയും ടൗണില്‍ ആയതിനാല്‍ ആ പെണ്‍കുട്ടി കൂടി കാറില്‍ കയറി. യാത്രാമദ്ധ്യേ വഴിയില്‍ ട്രെയിന്‍ ഉടന്‍ വരുമെന്ന മുന്നറിയിപ്പുമായി കാവൽക്കാരനുള്ള ലെവൽ ക്രോസ് അടച്ചിരുന്നു. ഇനി എന്ത് ചെയ്യും എന്ന് ചിന്തയിലിരിക്കെയാണ് സമീപത്തുണ്ടായിരുന്ന ഒരാള്‍ ഈ പ്രദേശത്തിനപ്പുറത്ത് കാവൽക്കാരനില്ലാത്ത ലെവല്‍ ക്രോസ് ഉണ്ടെന്ന വിവരം പറയുന്നത്. എങ്കില്‍ ആ വഴി പോകാമെന്ന് തീരുമാനിച്ച അവര്‍ അവിടേക്ക് വണ്ടി തിരിച്ചു. അവര്‍ കാവൽക്കാരനില്ലാത്ത ലെവല്‍ ക്രോസിലെത്തിയപ്പോള്‍ ദൂരെ നിന്ന് തീവണ്ടി ഹോണ്‍ മുഴക്കിക്കൊണ്ട് വരുന്നുണ്ടായിരുന്നു. പെട്ടെന്ന് ലെവല്‍ ക്രോസ് കടക്കാമെന്ന നിർഭാഗ്യകരമായ അവരുടെ തീരുമാനം എല്ലാം മാറ്റിമറിച്ചു. അത് ദൂരെ നിന്നും ട്രെയിന്‍ വളരെ പെട്ടെന്ന് അടുത്തെത്തി. അപ്പോഴേക്കും കാര്‍ പാളത്തിലേക്ക് കടന്നിരുന്നു. പിന്നീട് ഒന്നും ചിന്തിക്കാനുള്ള നേരമുണ്ടായിരുന്നില്ല. കണ്ണടച്ച് തുറക്കും മുന്‍പ് വലിയ ശബ്ദത്തോടെ ട്രെയിനും കാറും കൂട്ടിയിടിച്ചു. ആ കാറിലുണ്ടായിരുന്ന നാല് ജീവനുകള്‍ പൊലിഞ്ഞു.

എല്ലാ ലോക്കോപൈലറ്റുമാര്‍ക്കും പറയാന്‍ ഇത്തരത്തില്‍ ഒരു കഥയുണ്ടാവണമെന്നില്ല. പക്ഷേ എനിക്ക് നിര്‍ഭാഗ്യവശാല്‍ ജീവിതകാലം മുഴുവന്‍ വേദനിക്കാനുള്ള ഒരു അനുഭവം അന്നുണ്ടായിയെന്ന് പറഞ്ഞാണ് വേണുഗോപാല്‍ തന്‍റെ അനുഭവം പറഞ്ഞവസാനിപ്പിച്ചത്.

Content Highlight; Heart breaking Experiences of a Loco Pilot

dot image
To advertise here,contact us
dot image