

ഇന്ത്യയും ഇസ്രയേലും ചേർന്ന നടപ്പിലാക്കാൻ ഉദ്ദേശിച്ച ഒരു രഹസ്യ സൈനിക നീക്കത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് CIA മുൻ ഉദ്യോഗസ്ഥനായ റിച്ചാർഡ് ബാർലോ. പാകിസ്താന്റെ കഹുത ആണവ കേന്ദ്രത്തെ ലക്ഷ്യമിട്ട് 1980കളുടെ തുടക്കത്തിലാണ് ഇത്തരമൊരു രഹസ്യ പദ്ധതി നടപ്പാക്കാനുള്ള ശ്രമങ്ങള്‍ നടന്നത്. ഇസ്ലാമാബാദിന്റെ ആണവ ലക്ഷ്യങ്ങളെ ഇല്ലാതാക്കുമായിരുന്ന ആ നീക്കം പല പ്രശ്‌നങ്ങൾക്കുമുള്ള പരിഹാരമായേനെയെന്നും ബാർലോ ചൂണ്ടിക്കാട്ടുന്നു. അന്നത്തെ ഇന്ത്യൻ സർക്കാർ ഈ നീക്കം നടത്താൻ വിസമ്മതിച്ചത് മോശം നിലപാടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.
1980കളിൽ പാകിസ്താൻ രഹസ്യമായി ആണവ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന സമയത്ത് അമേരിക്കൻ ഇന്റലിജൻസ് ഏജൻസിയിൽ കൗണ്ടർപ്രോലിഫെറേഷൻ ഓഫീസറായി പ്രവർത്തിക്കുകയായിരുന്നു ബാർലോ. ഇന്റലിജൻസ് സർക്കിളിൽ നിന്നും തനിക്ക് ഇതിനെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിരുന്നെന്നും എന്നാൽ ആ കാലയളവിൽ സർക്കാർ സേവനത്തിൽ നിന്നും പുറത്തായിരുന്നതിനാൽ ഇതിന്‍റെ ഭാഗമാകാൻ തനിക്ക് സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു. '1982 മുതൽ 1985വരെ സർക്കാരിന്റെ പ്രവർത്തനങ്ങളുടെ ഭാഗമല്ലാത്തതിനാൽ, ഇതിനെ കുറിച്ച് ഞാൻ അറിഞ്ഞിരുന്നുവെങ്കിലും അതിലേക്ക് കൂടുതൽ ശ്രദ്ധിക്കുവാനോ അതിന്റെ ഭാഗമാകാനോ കഴിഞ്ഞില്ല, മാത്രമല്ല ആ ഉദ്യമം നടന്നതുമി'ല്ലെന്ന് അദ്ദേഹം വിശദീകരിച്ചു. 'ഇന്ദിരാ ഗാന്ധി ആ തീരുമാനം നടപ്പിലാക്കാൻ അനുവദിക്കാത്തത് മോശമായി പോയി, ഇല്ലായിരുന്നെങ്കിൽ നിരവധി പ്രശ്‌നങ്ങൾക്ക് പരിഹാരമായേനെ' എന്നും ബാർലോ കൂട്ടിച്ചേർത്തു.

പാകിസ്താന്റെ കാഹുത യുറേനിയം എൻറിച്ച്‌മെന്റ് പ്ലാന്റിൽ ഇന്ത്യയും ഇസ്രയേലും ചേർന്ന് വ്യോമാക്രമണം നടത്താനാണ് പദ്ധതിയിട്ടെന്നാണ് പല റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത്. ഇസ്രയേൽ കടുത്ത എതിരാളിയായി കാണുന്ന ഇറാന് പാകിസ്താൻ ആയുധങ്ങൾ വികസിപ്പിച്ചും നിർമിച്ചും നൽകുന്നത് പ്രതിരോധിക്കാനായിരുന്നു ഈ ആക്രമണപദ്ധതിയെന്നാണ് പറയപ്പെടുന്നത്. ഈ ആക്രമണ പദ്ധതിയെ അമേരിക്കയും എതിർത്തിരുന്നു എന്നാണ് ബാർലോ വ്യക്തമാക്കുന്നത്.
അന്നത്തെ കാലത്ത് അമേരിക്കൻ പ്രസിഡൻ്റായിരുന്ന റൊണാൾഡ് റീഗൻ്റെ നേതൃത്വത്തിലുള്ള ഭരണകൂടം ഇസ്രയേൽ നടത്താനൊരുങ്ങിയ ഇത്തരമൊരു ആക്രമണത്തെ ശക്തമായി എതിർത്തിട്ടുണ്ടാവുമെന്നും അതിന് കാരണം സോവിയറ്റ് യൂണിയനെതിരെ അഫ്ഗാനിസ്ഥാനിൽ അമേരിക്ക നടത്തിയിരുന്ന അപ്രഖ്യാപിത യുദ്ധമാകാമെന്നും മുൻ സിഐഎ ഉദ്യോഗസ്ഥൻ പറയുന്നു. അന്ന് പാകിസ്താൻ അറ്റോമിക് എനർജി മിഷൻ മേധാവിയായിരുന്ന മുനീർ അഹമ്മദ് ഖാനടക്കം അമേരിക്കയുടെ അന്നത്തെ സാഹചര്യത്തെ മുതലെടുക്കുകയും ആണവ പ്രവർത്തനങ്ങള്‍ക്കുള്ള സഹായം നൽകുന്നതിൽ വീഴ്ച വരുത്തിയാല്‍ അത് അഫ്ഗാനിസ്ഥാനിലെ സഹകരണത്തെ അപകടലാക്കുമെന്ന് സ്റ്റീഫൻ സൊളാർസ് എന്ന യുഎസ് ജനപ്രതിനിധിക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തുവെന്നാണ് ബാർലോ പറയുന്നത്. അതായത് മുജാഹ്ദ്ദീന് പാകിസ്താൻ നൽകി വന്ന പിന്തുണ അവസാനിപ്പിക്കുമെന്ന ഭീഷണി മുന്നിൽ നിർത്തിയായിരുന്നു പാകിസ്താൻ്റെ നീക്കമെന്നാണ് ബാർലോ പറയുന്നത്.
Content Highlights: Former CIA officer about Indira Gandhi's stance on attacking Pak Nuclear site