

ഹിന്ദുമത വിശ്വാസിയായ ഭാര്യ എന്നെങ്കിലും ക്രൈസ്തവ മതം സ്വീകരിക്കുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്ന അമേരിക്കൻ വൈസ് പ്രസിഡൻ്റ് ജെ ഡി വാൻസിന്റെ വാക്കുകൾ വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചത്. ജെ ഡി വാൻസ് മതപരിവർത്തനം നടത്താൻ ശ്രമിക്കുന്നു എന്ന രീതിയിൽ വ്യാപകമായ പ്രതികരണങ്ങളാണ് ഇതിന് പിന്നാലെ ഉയർന്നത്. ഇന്ത്യൻ വംശജയായ ഹിന്ദുമത വിശ്വാസത്തിൽ വളർന്നുവന്ന ഉഷയാണ് ജെ ഡി വാൻസിന്റെ ജീവിതപങ്കാളി. ഇപ്പോൾ ഈ വിമർശനങ്ങൾക്ക് രൂക്ഷമായ ഭാഷയിൽ മറുപടി നൽകിയിരിക്കുകയാണ് ജെ ഡി വാൻസ്. തനിക്കെതിരെ വരുന്നത് അറപ്പുളവാക്കുന്ന കമന്റുകളാണെന്ന് അദ്ദേഹം എക്‌സിൽ നടത്തിയ പ്രതികരണത്തിൽ പറഞ്ഞു.
ജീവിതത്തിൽ തനിക്ക് ലഭിച്ച ഏറ്റവും വലിയ അനുഗ്രഹമാണ് തന്റെ ഭാര്യയെന്നും അവർ താൻ കാണുന്ന പോലെ ലോകത്തെ കണ്ടിരുന്നെങ്കിലെന്ന ആഗ്രഹം മാത്രമാണ് പങ്കുവെച്ചതെന്നുമാണ് ജെ ഡി വാൻസ് പറയുന്നത്. ഉഷ ക്രിസ്ത്യൻ വിശ്വാസിയല്ലെന്നും അങ്ങനെ മതം മാറാൻ ആലോചിക്കുന്നില്ലെന്നും ഈ കുറിപ്പിൽ ജെ ഡി വാൻസ് വ്യക്തമാക്കി. ക്രിസ്ത്യാനികൾ തങ്ങളുടെ വിശ്വാസത്തെ കുറിച്ച് സംസാരിക്കുന്നതിനെ മോശമായി ചിത്രീകരിക്കുന്നവർക്കാണ് അജണ്ടയുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'എന്തൊരു വൃത്തികെട്ട കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. എന്റെ മിശ്ര വിവാഹത്തെ കുറിച്ച് ഒരാൾ ഒരു ചോദ്യം ചോദിച്ചപ്പോഴാണ് ഞാൻ ഇതേകുറിച്ച് സംസാരിച്ചത്. ഞാനൊരു പൊതു പ്രവർത്തകനാണ്. ആളുകൾക്ക് എന്റെ ജീവിതത്തെ കുറിച്ചറിയാൻ കൗതുകം ഉണ്ടായിരിക്കും. അതുകൊണ്ട് ഞാൻ അത്തരം ചോദ്യങ്ങളെ അവഗണിക്കാൻ ഉദ്ദേശിക്കുന്നില്ല.
What a disgusting comment, and it's hardly been the only one along these lines.
— JD Vance (@JDVance) October 31, 2025
First off, the question was from a person seemingly to my left, about my interfaith marriage. I'm a public figure, and people are curious, and I wasn't going to avoid the question.
Second, my… https://t.co/JOzN7WAg3A
'സുവിശേഷമാണ് സത്യമെന്നും അത് മനുഷ്യർക്ക് നന്മയുടെ മാർഗം കാണിക്കുന്നു എന്നുമാണ് ക്രിസ്തീയ വിശ്വാസം പറയുന്നത്. എന്റെ ഭാര്യ എനിക്ക് ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ അനുഗ്രഹമാണ്. അവൾ തന്നെയാണ് എനിക്ക് വിശ്വാസത്തിലേക്ക് തിരിച്ചുവരാനുള്ള പ്രചോദനം നൽകിയത്. എന്റെ ഭാര്യ ക്രിസ്ത്യാനിയല്ല, ക്രിസ്ത്യാനി ആകാനുള്ള ഉദ്ദേശവുമില്ല. പക്ഷെ എല്ലാ മിശ്രവിവാഹങ്ങളിലെയും പങ്കാളികൾ ആഗ്രഹിക്കുന്നത് പോലെ, എന്റെ ഭാര്യയും ഞാൻ കാണുന്നത് പോലെ ലോകത്തെ കാണണമെന്ന് ഞാനും ആഗ്രഹിക്കുന്നുണ്ട്. അത്രമാത്രമേ ഉള്ളു.
അവളെ ഞാൻ എപ്പോഴും സ്‌നേഹിക്കുകയും പിന്തുണക്കുകയും ചെയ്യും. അവളോട് വിശ്വാസത്തെയും ജീവിതത്തെയും തുടങ്ങി എല്ലാത്തിനെ കുറിച്ചും സംസാരിക്കും. കാരണം അവൾ എന്റെ ഭാര്യയാണ്' ജെ ഡി വാൻസ് വ്യക്തമാക്കി.
'ഇപ്പോൾ വന്നുകൊണ്ടിരിക്കുന്ന പ്രതികരണങ്ങൾ ക്രിസ്ത്യാനികളോടുള്ള വിദ്വേഷവും വിരോധവുമാണ് കാണിക്കുന്നത്. ക്രിസ്ത്യാനികൾക്ക് വിശ്വാസമുണ്ട്. ആ വിശ്വാസത്തെ കുറിച്ച് മറ്റുള്ളവരോട് സംസാരിക്കാറുമുണ്ട്. അത് ആ വിശ്വാസരീതികളുടെ ഭാഗമാണ്. അതൊരു സാധാരണമായ കാര്യവുമാണ്. അങ്ങനെയല്ലെന്ന് പറയുന്നവർക്കാണ് അജണ്ടയുള്ളത്,' ജെ ഡി വാൻസ് പറയുന്നു.
കൺസർവേറ്റീവ് സ്റ്റുഡൻസ് ഓർഗനൈസേഷനായ ടേണിങ് പോയിന്റ് യുഎസ്എയുടെ മിസിസിപ്പിയിൽ സംഘടിപ്പിച്ച പരിപാടിയിൽ വെച്ചായിരുന്നു ഇപ്പോൾ വിവാദങ്ങൾക്ക് കാരണമായ പ്രസ്താവന ജെ ഡി വാൻസ് നടത്തിയത്. ഉഷയും തന്നോടൊപ്പം പള്ളിയിലേക്ക് വരാറുണ്ടെന്നും അവൾ ക്രിസ്തീയ വിശ്വാസത്തിലേക്ക് വരണമെന്ന് തീവ്രമായി ആഗ്രഹിക്കുന്നു എന്നുമായിരുന്നു ജെ ഡി വാൻസ് അന്ന് പറഞ്ഞത്. ഉഷ ക്രിസ്തുവിലേക്ക് എത്തിയോ എന്ന ചോദ്യത്തിന് 'എന്റെ ഭാര്യയുടെ വിശ്വാസം എനിക്കൊരു പ്രശ്നമേയല്ലെ' എന്നായിരുന്നു വാൻസിന്റെ പ്രതികരണം. എന്നാൽ മക്കളെ ക്രിസ്തുമത വിശ്വാസികളയായാണ് വളർത്തുന്നതെന്നും വാൻസ് പറയുന്നു. ക്രിസ്ത്യൻ സ്‌കൂളിലാണ് അവർ പഠിക്കുന്നതെന്നും വാൻസ് പറഞ്ഞിരുന്നു.
Content Highlights: J D Vance's new comment about wife Usha and christianity controversy