റഫാലിൽ പറന്ന് ദ്രൗപതി മുർമു; വൈറലായി ഓപ്പറേഷൻ സിന്ദൂറിൽ പിടികൂടിയെന്ന് പാകിസ്താൻ അവകാശപ്പെട്ട ശിവാംഗി സിംഗ്

ഓപ്പറേഷൻ സിന്ദൂറിനിടെ റഫാല്‍ വിമാനം പറത്തിയ പൈലറ്റുമാരെ പിടികൂടിയെന്ന വ്യാജ ആരോപണം പാകിസ്താൻ ഉന്നയിച്ചിരുന്നു

റഫാലിൽ പറന്ന് ദ്രൗപതി മുർമു; വൈറലായി ഓപ്പറേഷൻ സിന്ദൂറിൽ പിടികൂടിയെന്ന് പാകിസ്താൻ അവകാശപ്പെട്ട ശിവാംഗി സിംഗ്
dot image

രാഷ്ട്രപതി ദ്രൗപതി മുർമു റഫാല്‍ യുദ്ധവിമാനത്തിൽ പറന്നത് വാ‍ർത്തകളിൽ ഇടംപിടിച്ചിരിക്കുകയാണ്. അംബാലയിൽ എയർഫോഴ്സ് സ്റ്റേഷനിൽ നിന്നായിരുന്നു രാഷ്ട്രപതി റഫാലിൽ സഞ്ചരിച്ചത്. ഇന്ത്യയുടെ രണ്ട് ഫൈറ്റർ ജെറ്റുകളിൽ പറന്ന ആദ്യ രാഷ്ട്രപതി എന്ന ബഹുമതിയും ഇതോടെ ദ്രൗപതി മുർമു സ്വന്തമാക്കിയിരിക്കുകയാണ്. നേരത്തെ സുഖോയ് 30 MKIയിലും ദ്രൗപതി മുർമു സഞ്ചരിച്ചിരുന്നു. 17-ാം സ്ക്വാഡ്രണിൻ്റെ കമാൻഡിം​ഗ് ഓഫീസർ ക്യാപ്റ്റൻ അമിത് ​ഗെഹാനി പറത്തിയ റാഫേൽ വിമാനത്തിലായിരുന്നു അംബാലയിൽ നിന്നും ദ്രൗപതി മുർമു പറന്നുയ‌‍ർന്നത്.

എന്നാൽ റഫാലിൽ പറക്കുന്നതിന് മുന്നോടിയായി രാഷ്ട്രപതിയ്‌ക്കൊപ്പം നിന്ന് ഇന്ത്യയുടെ ആദ്യ റഫാൽ വനിതാ പൈലറ്റ് പോസ് ചെയ്ത ഫോട്ടോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഓപ്പറേഷൻ സിന്ദൂറിനിടെ റഫാൽ വിമാനം പറത്തിയ പൈലറ്റുമാരെ പിടികൂടിയെന്ന വ്യാജ ആരോപണം പാകിസ്താൻ ഉന്നയിച്ചിരുന്നു. അന്ന് പിടികൂടിയെന്ന് പാകിസ്താൻ അവകാശപ്പെട്ട പൈലറ്റിനൊപ്പം രാഷ്ട്രപതി ദ്രൗപതി മുർമു പോസ് ചെയ്ത ഫോട്ടോയാണ് വലിയ ശ്രദ്ധ പിടിച്ച് പറ്റിയിരിക്കുന്നത്. ഇന്ത്യൻ വ്യോമസേനയുടെ ഗോൾഡൻ ആരോസ് സ്ക്വാഡ്രണിലെ അംഗമായ സ്ക്വാഡ്രൺ ലീഡർ ശിവാംഗി സിംഗ് രാഷ്ട്രപതിയ്‌ക്കൊപ്പം നിൽക്കുന്ന ഫോട്ടോയാണ് വൈറലായിരിക്കുന്നത്.

ഓപ്പറേഷൻ സിന്ദൂറിനിടെ ശിവാം​ഗി സിം​ഗിനെ പിടികൂടിയെന്ന് പാകിസ്താൻ വ്യാജ അവകാശവാദം ഉന്നയിച്ചിരുന്നു. ശിവാംഗി സിംഗിനെ കാണാനില്ലെന്ന് എയർ ചീഫ് മാർഷൽ എ പി സിംഗ് പറയുന്നതായി കാണിക്കുന്ന ഒരു വ്യാജ വീഡിയോയും ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടിരുന്നു. പിഐബി ഫാക്ട് ചെക്ക് "അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമായ വാർത്ത എന്ന വ്യക്തമാക്കി ഈ വ്യാജവാർത്തയെ പൊളിച്ചിരുന്നു. ഓപ്പറേഷൻ സിന്ദൂറിനിടെ മെയ് മാസത്തിൽ പാകിസ്ഥാനിലെയും പാകിസ്ഥാൻ അധിനിവേശ കശ്മീരിലെയും (പി‌ഒ‌കെ) ഒമ്പത് ഭീകരകേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിൽ ശിവാം​ഗി സിം​ഗ് പങ്കാളിയായിരുന്നു.

വാരണാസി സ്വദേശിയായ ശിവാം​ഗി സിം​ഗ് 2017ലാണ് ഇന്ത്യൻ വ്യോമസേനയുടെ രണ്ടാം ബാച്ച് വനിതാ യുദ്ധവിമാന പൈലറ്റായി സേനയുടെ ഭാഗമായത്. കുട്ടിക്കാലത്ത് ന്യൂഡൽഹിയിലെ വ്യോമസേന മ്യൂസിയം സന്ദർശിച്ചതോടെയാണ് പൈലറ്റ് ആകണമെന്ന മോഹം ശിംവാ​ഗി സിം​ഗിനുണ്ടായത്. വാരണാസിയിലെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം, ബനാറസ് ഹിന്ദു സർവകലാശാലയിൽ (ബിഎച്ച്യു) നിന്ന് ബിരുദം നേടിയ അവർ ഹൈദരാബാദിലെ ഇന്ത്യൻ വ്യോമസേന അക്കാദമിയിൽ (എഎഫ്എ) പരിശാലനത്തിനായി ചേർന്നു. 2020ലാണ് ശിവാം​ഗി സിം​ഗ് റഫാൽ യുദ്ധവിമാനം പറത്താൻ യോ​ഗ്യത നേടിയത്. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന യുദ്ധവിമാനങ്ങളിലൊന്നായ മിഗ് -21 ബൈസൺ പറത്തിയിരുന്ന ശിവാം​ഗി സിം​ഗിൻ്റെ റഫാലിലേയ്ക്കുള്ള മാറ്റം ഈ മേഖലയിൽ വർദ്ധിച്ചുവരുന്ന സ്ത്രീ പ്രാതിനിധ്യത്തിൻ്റെ പ്രതീകമായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

പുരുഷാധിപത്യം നിറഞ്ഞ യുദ്ധവിമാന പൈലറ്റുമാരുടെ ഇടയിൽ ശിവാം​ഗി സിംഗിന്റെ ദൃഢനിശ്ചയവും പ്രകടനവും ഇതിനകം ഏറെ ശ്രദ്ധേയമായിട്ടുണ്ട്. ഇന്ത്യൻ വ്യോമസേനയുടെ പരിവർത്തനത്തിന്റെ പ്രതീകമായാണ് അതിനാൽ തന്നെ ശിവാം​ഗി സിം​ഗ് അറിയപ്പെടുന്നത്. ഫ്രാൻസിൽ നടന്ന ഓറിയോൺ 2023 പോലുള്ള അന്താരാഷ്ട്ര അഭ്യാസങ്ങളിൽ അവർ ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു. ഇന്ത്യൻ വ്യോമസേനയുടെ ഭാ​ഗമാകാൻ ആ​ഗ്രഹിക്കുന്ന യുവതികളെ പ്രചോദിപ്പിക്കുന്ന ധീരയായ യുദ്ധവിമാന പൈലറ്റായാണ് ശിവാം​ഗി സിം​ഗ് അറിയപ്പെടുന്നത്.

Content Hghlights: Shivangi Singh who Pakistan claimed was captured in Operation Sindoor went viral with Droupadi Murmu

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us