

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ആരാണ് സൂപ്പർസ്റ്റാർ എന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേ കാണൂ, ഡാൻസ് കളിക്കുന്ന ഹസ്‌കി. വിശാൽ നായകനായ തമിഴ് ചിത്രം വെടിയിലെ 'ഇച്ച് ഇച്ച്' എന്ന പാട്ടിന് ചുവടുവെക്കുന്ന ഹസ്‌കി ഇൻസ്റ്റഗ്രാമിൽ തകർത്താടുകയാണ്. തമിഴ്, തെലുങ്ക്, മലയാളം പേജുകളെല്ലാം ഹസ്‌കിയുടെ ഡാൻസിന് പിന്നാലെയാണ്.
ഇത്രയും നാളും വൈറലാകുന്ന ഹസ്‌കി ഡാൻസ് എവിടെ നിന്നാണ്, ആരാണ് തുടങ്ങിയത് എന്ന് ആർക്കുമറിയില്ലായിരുന്നു. എന്നാലിപ്പോൾ ആളെ കണ്ടെത്തി കഴിഞ്ഞു. മലയാളിയായ അർജുനാണ് ഈ ഹസ്‌കി ഡാൻസിന് പുറകിലെ ബുദ്ധികേന്ദ്രം. ഡാൻസ് ചെയ്യുന്ന ഹസ്‌കിയുടെ എഐ വീഡിയോ നേരത്തെ തന്നെ സമൂഹമാധ്യമങ്ങളിൽ ഉണ്ടായിരുന്നെങ്കിലും അതിന് ഇച്ച് ഇച്ച് എന്ന പാട്ട് നൽകിയതും ഇപ്പോൾ വൈറലാക്കിയതും താനാണെന്ന് അർജുൻ പറയുന്നു.
വൈക്കം സ്വദേശിയായ അർജുൻ ദ ഇംപാക്ട് ഷോ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഹസ്‌കി ഡാൻസ് ക്രിയേറ്റ് ചെയ്ത അനുഭവവും പിന്നാമ്പുറകഥകളും പങ്കുവെച്ചിരിക്കുന്നത്. താനാണ് ഈ വൈറൽ വീഡിയോക്ക് പിന്നിലെന്ന് വെളിപ്പെടുത്താൻ ആദ്യം ആഗ്രഹമില്ലായിരുന്നെന്ന് അർജുൻ പറയുന്നു.
'മനസ് മടുത്തിരുന്ന ഒരു സമയത്ത് ഡിസ്ട്രാക്ഷന് വേണ്ടി എന്തെങ്കിലും ചെയ്യാമെന്ന് ആലോചിച്ചിരുന്നു. പിന്നീട് മനസൊക്കെ ഓക്കെ ആയ സമയത്ത് ഇൻസ്റ്റഗ്രാമിൽ ഹസ്‌കിയുടെ ഈ ഡാൻസ് വീഡിയോ കണ്ടത്. ഹസ്‌കി ഡാൻസ് ഡെയ്‌ലി എന്ന ഒരു പേജ് ക്രിയേറ്റ് ചെയ്ത് എല്ലാ ദിവസം ഓരോ വീഡിയോ പോസ്റ്റ് ചെയ്താലോ എന്ന് ആലോചിക്കുകയായിരുന്നു. എല്ലാ ദിവസവും വീഡിയോസ് പോസ്റ്റ് ചെയ്യുന്ന ഇൻസ്റ്റാ പേജുകളുടെ മാതൃകയിൽ ഒരെണ്ണം തുടങ്ങിയാലോ എന്നായിരുന്നു ആലോചന.
ഹസ്‌കി ഡാൻസ് ക്രിയേറ്റ് ചെയ്തത് ഞാനല്ല. അത് നേരത്തെ ടിക് ടോക്കിലും മറ്റും ഉണ്ടായിരുന്നു. ആ ഡാൻസിന് 'ഇച്ച് ഇച്ച്' എന്ന പാട്ടിലെ ആ ഭാഗം ചേരുമെന്ന് എനിക്ക് തോന്നി. അങ്ങനെ അത് ചേർത്ത് വീഡിയോ അപ്‌ലോഡ് ചെയ്തു. ടിക് ടോക് നിർത്തിയെങ്കിലും ആ വീഡിയോസ് പലതും ഇൻസ്റ്റഗ്രാമിൽ ഇപ്പോഴും ലഭ്യമാണ്. ഇപ്പോൾ ക്രിഞ്ചായി തോന്നുന്ന ആ വീഡിയോസിനെ റോസ്റ്റ് ചെയ്യുന്ന രീതിയിൽ ഡാൻസിംഗ് ഹസ്‌കിയെ പ്ലേസ് ചെയ്താണ് വീഡിയോ ഇറക്കിയത്.
വെറുതെ ഒരു രസത്തിനാണ് ഇങ്ങനെ വീഡിയോ ചെയ്യാൻ തുടങ്ങിയത്. പക്ഷെപ്രതീക്ഷിക്കാത്തവിധം ഈ വീഡിയോസിന് റീച്ച് ലഭിച്ചു. ഒരു ദിവസം 20 K വ്യൂ മാത്രമുണ്ടായിരുന്ന വീഡിയോസ് അടുത്ത ദിവസം ഉറക്കമെണീറ്റ് നോക്കുമ്പോഴേക്കും 1 മില്യൺ നേടിയിരുന്നു. ഫോളോവേഴ്‌സും 1000 കടന്നു. അതു കണ്ടപ്പോൾ ആവേശമായി. കൂടുതൽ വീഡിയോസ് പോസ്റ്റ് ചെയ്യാൻ തുടങ്ങി. ഒരു ദിവസം പല സമയത്തായി 16 വീഡിയോസ് പോലും പോസ്റ്റ് ചെയ്തിട്ടു,' അർജുൻ പറയുന്നു.
ഒരാഴ്ചക്കുള്ളിലാണ് ഡാൻസിംഗ് ഹസ്‌കിയും ഇച്ച് ഇച്ച് പാട്ടും സമൂഹമാധ്യമങ്ങളിൽ തരംഗമായത്. വെടിയുടെ സംഗീത സംവിധായകനായ വിജയ് ആന്റണിയും ഹസ്‌കിക്കൊപ്പം ഡാൻസ് ചെയ്യുന്ന വീഡിയോയുമായി എത്തിയിരുന്നു.
Content Highlights: Viral Husky dance video is created by a Malayali