റീല്‍സെടുക്കാന്‍ ആഡംബരക്കാറുമായി ബീച്ചില്‍; മണലില്‍ താഴ്ന്ന കാര്‍ ഒടുവില്‍ പുറത്തെടുത്തത് ക്രെയിന്‍ ഉപയോഗിച്ച്

വാഹനം മണലില്‍ താഴ്ന്നതോടെ മുന്നോട്ടോ പുറകോട്ടോ നീക്കാനാകാത്ത സ്ഥിതിയായി. ഇതോടെ ക്രെയിന്റെ സഹായത്തില്‍ കാര്‍ ഉയര്‍ത്തിയെടുക്കുകയായിരുന്നു.

റീല്‍സെടുക്കാന്‍ ആഡംബരക്കാറുമായി ബീച്ചില്‍; മണലില്‍ താഴ്ന്ന കാര്‍ ഒടുവില്‍ പുറത്തെടുത്തത് ക്രെയിന്‍ ഉപയോഗിച്ച്
dot image

റീല്‍സിന് വേണ്ടി എന്ത് റിസ്‌കെടുക്കാനും മടിയില്ലാത്ത അവസ്ഥയിലാണ് കാര്യങ്ങള്‍. പ്രശസ്തി മോഹിച്ച് റീല്‍സിന് വേണ്ടിയെടുക്കുന്ന ഇത്തരം സാഹസങ്ങള്‍ ചിലപ്പോഴെങ്കിലും അപകടത്തില്‍ കലാശിച്ചത് വാര്‍ത്തകളായിട്ടുണ്ട്. അക്കൂട്ടത്തില്‍ ഏറ്റവും പുതിയ വാര്‍ത്തയാണ് സൂറത്തിലെ ഡുമാസ് ബീച്ചിലിറക്കിയ മെഴ്‌സിഡസ് സെഡാനുണ്ടായ ദുര്‍വിധി.

വാഹനങ്ങള്‍ പ്രവേശിക്കുന്നതിന് വിലക്കുള്ള ബീച്ചാണ് സൂറത്തിലെ ഡുമാസ്. എന്നാല്‍ ഇതെല്ലാം മറികടന്ന് റീല്‍സ് ചിത്രീകരണത്തിനായി ഒരാള്‍ കടലിലേക്ക് ആഡംബര മെഴ്‌സിഡസ് കാര്‍ ഇറക്കുകയായിരുന്നു. വാഹനം മണലില്‍ താഴ്ന്നതോടെ മുന്നോട്ടോ പുറകോട്ടോ നീക്കാനാകാത്ത സ്ഥിതിയായി. ഇതോടെ ക്രെയിന്റെ സഹായത്തില്‍ കാര്‍ ഉയര്‍ത്തിയെടുക്കുകയായിരുന്നു.

സംഗതി അറിഞ്ഞ് പൊലീസും സംഭവസ്ഥലത്തെത്തി. കാര്‍ ഉടമയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്. നിയമനടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കാനായി റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ ശുപാര്‍ശ ചെയ്യുമെന്ന് അസിസ്റ്റന്റ് കമ്മിഷണര്‍ ദീപ് പറഞ്ഞു. സംഭവത്തില്‍ കാറിനുണ്ടായ കേടുപാടുകള്‍ ചൂണ്ടിക്കാട്ടി ഉടമ ഇന്‍ഷുറന്‍സ് കമ്പനിയെ സമീപിക്കുകയാണെങ്കില്‍ ക്ലെയിം നിഷേധിക്കാനും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

വാഹനങ്ങള്‍ പ്രവേശിക്കുന്നതിന് നിരോധനമുണ്ടെങ്കിലും നിയമലംഘനം നടത്തി ബീച്ചില്‍ വാഹനങ്ങളെത്തുക പതിവാണെന്ന് സമീപവാസികള്‍ പറയുന്നു. പലപ്പോഴും വാഹനങ്ങള്‍ മണലില്‍ പൂണ്ടുപോകുന്നത് ഇവിടെ പതിവുമാണ്. വേലിയേറ്റത്തെ തുടര്‍ന്നും മഴയ്ക്ക് ശേഷവും ബീച്ചില്‍ വാഹനങ്ങളുമായെത്തുന്നത് അപകടമാണെന്നും ബന്ധപ്പെട്ടവര്‍ അറിയിക്കുന്നു. ഇത്തരത്തില്‍ മാധ്യമശ്രദ്ധ നേടുന്ന രണ്ടാമത്തെ കേസാണ് ഇത്. കഴിഞ്ഞ ജൂലായിലും സമാനമായ കേസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Content Highlights: Mercedes Stuck On Gujarat Beach, Case Filed

dot image
To advertise here,contact us
dot image