

ജോലിക്ക് സമയത്തിന് കയറുക എന്നതും ജോലിസമയം തീരുന്നതിന് മുൻപേ ഓടിച്ചാടി ഇറങ്ങാതിരിക്കുക എന്നതും ഒരു മര്യാദയാണ്. കൃത്യമായ സമയക്രമം പാലിക്കുക എന്നത് ഒരു വ്യക്തി പൊതുജീവിതത്തിൽ പാലിക്കേണ്ട കാര്യങ്ങളാണ്. അവ അച്ചടക്കത്തിന്റെയും മികച്ച വ്യക്തിത്വത്തിന്റെയും സൂചനകൾ കൂടിയാണ്. എന്നാൽ അഞ്ച് മിനുട്ട് നേരത്തെ ഇറങ്ങുന്നതൊന്നും വലിയ തെറ്റല്ല. ചില കമ്പനികൾ ഇങ്ങനെ ഇറങ്ങിയാൽ പോലും ജീവനക്കാരോട് കയർക്കാറുണ്ട്. അങ്ങനെയൊരു സംഭവമാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
യുഎസ് ആസ്ഥാനമായുള്ള ഒരു ഇന്ത്യൻ കമ്പനിയുടെ എച്ച് ആർ, അവരുടെ ജീവനക്കാരനയച്ച ഒരു സന്ദേശമാണ് ഇപ്പോൾ പ്രചരിക്കുന്നത്. ജോലി സമയം 6.30നാണ് അവസാനിക്കുക എന്നിരിക്കെ നാല് മിനുട്ട് മുൻപ് ലോഗ് ഔട്ട് ചെയ്തതാണ് എച്ച് ആർ ചോദ്യം ചെയ്തത്. എനിക്ക് ഈ ജോലി രാജി വെക്കാൻ തോന്നുന്നു എന്ന് പറഞ്ഞുകൊണ്ടാണ് യുവാവ് ഈ ചാറ്റ് പങ്കുവെയ്ക്കുന്നത്.
എന്തുകൊണ്ടാണ് നേരത്തെ ലോഗ് ഔട്ട് ചെയ്തത് എന്ന് എച്ച് ആർ ചോദിക്കുമ്പോൾ താൻ വെറും നാല് മിനുട്ട് ബാക്കിനിൽക്കെയല്ലേ ചെയ്തത് എന്ന് യുവാവ് പറയുന്നുണ്ട്. മാത്രമല്ല താൻ നേരത്തെ ലോഗ് ഇൻ ചെയ്തിരുന്നുവെന്നും യുവാവ് പറയുന്നു.
എന്നാൽ ഇതിന് എച്ച് ആർ നൽകിയ മറുപടിയാണ് രസകരം. ജോലി നേരത്തെ തീർന്നാലും നേരത്തെ ഇറങ്ങാൻ പാടില്ല എന്നും ഷിഫ്റ്റ് അവസാനിക്കുന്ന സമയത്ത് മാത്രമേ ലോഗ് ഔട്ട് ചെയ്യാൻ പാടുകയുള്ളു എന്നുമാണ് എച്ച് ആർ പറയുന്നത്. പലരും അങ്ങനെയാണ് ചെയ്യുന്നത് ഇന്നത്തെ എച്ച് ആർ പറയുന്നുണ്ട്. മാത്രമല്ല, താൻ നേരത്തെ ജോലിക്ക് കയറിയിരുന്നു എന്ന് യുവാവ് പറഞ്ഞപ്പോൾ ഇനി അങ്ങനെ ചെയ്യേണ്ടതില്ല എന്നും നിരവധി പേർ നേരത്ത ലോഗ് ഇൻ ചെയ്ത് സമയമായ ശേഷമേ ലോഗ് ഔട്ട് ചെയ്യുന്നുള്ളു എന്നുമാണ് എച്ച് ആർ പറയുന്നത്. ഷിഫ്റ്റ് സമയം കർശനമായി പാലിക്കണമെന്നും എല്ലാവരും അങ്ങനെയാണ് ചെയ്യുന്നത് എന്നും എച്ച് ആർ പറയുന്നുണ്ട്.
നിരവധിപേരാണ് യുവാവിന്റെ ഈ പോസ്റ്റിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. പലരും എച്ച് ആറിനെ അനുകൂലിക്കുകയാണ് ചെയ്യുന്നത്. തങ്ങൾ ജോലി ചെയ്ത കമ്പനികളിലും ഇത്തരം നിയമങ്ങൾ ഉണ്ടായിരുന്നുവെന്നും ചില കമ്പനികളിൽ ഓഡിറ്റ് വരുമ്പോൾ ഇത്തരം സമയങ്ങൾ ഒരു പ്രശ്നമാകാറുണ്ടെന്നും ചിലർ പറയുന്നുണ്ട്. എന്നാൽ ഒരു കൂട്ടർ ഈ കർശന സമയ നിബന്ധനകളെ എതിർക്കുന്നുമുണ്ട്.
Content Highlights: man shares note on how hr asked him not to log out before time