
ഞെട്ടിക്കുന്ന കൊലപാതക വാർത്തയാണ് തമിഴ്‌നാട്ടിലെ തിരുവള്ളൂര്‍ ജില്ലയില്‍ നിന്ന് വരുന്നത്. വിവാഹിതയായ തൻ്റെ മകളെ കാണാനില്ലായെന്ന പിതാവിന്റെ പരാതിയുടെ പിന്നാലെയാണ് അതിക്രൂരമായ ഒരു കൊലപാതകത്തിൻ്റെ കഥ ചുരുളഴിഞ്ഞത്.
തമിഴ്നാട് പുതുപാളയം സ്വദേശിയായ ശ്രീനിവാസൻ തൻ്റെ മകളായ പ്രിയയെ കാണാനില്ലായെന്ന് ചൂണ്ടിക്കാട്ടി പരാതിയുമായി രംഗത്ത് വരിയായിരുന്നു. ഇടയ്ക്ക് വീട്ടില്‍ വരികയും വിളിക്കുകയുമെല്ലാം ചെയ്തിരുന്ന മകളുടെ ഒരു വിവരവും അറിയാത്തതിനെ തുടർന്ന് ശ്രീനിവാസൻ മകൾ താമസിക്കുന്നിടത്ത് എത്തുകയായിരുന്നു. എന്നാല്‍ കൊച്ചുമക്കളുടെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതായിരുന്നു. അമ്മയെ തങ്ങൾ കണ്ടിട്ട് രണ്ട് മാസത്തിലധികമായി എന്നായിരുന്നു ഇവരുടെ മറുപടി. ഇതോടെ സംശയം തോന്നിയ പിതാവ് പൊലീസില്‍ പരാതി നല്‍കി. പ്രിയയുടെ ഭര്‍ത്താവായ സിലംബരസനെ ഉള്‍പ്പടെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു പിതാവിന്റെ പരാതി.
അവസാനമായി തങ്ങളെ കാണാനെത്തിയപ്പോള്‍ സിലംബരസനുമായുള്ള വിവാഹ ബന്ധം വേര്‍പ്പെടുത്തണമെന്ന ആവശ്യം പ്രിയ മാതാപിതാക്കളെ അറിയിച്ചിരുന്നു. എന്നാല്‍ തിരികെ പോകാന്‍ മകളെ തങ്ങള്‍ പ്രേരിപ്പിക്കുകയായിരുന്നുവെന്ന് ശ്രീനിവാസന്‍ വെളിപ്പെടുത്തി. പിന്നാലെ പൊലീസ് സിലംബരസനെ ചോദ്യം ചെയ്തു. അവ്യക്തമായി ഉത്തരങ്ങളും മൊഴിയിലെ പൊരുത്തക്കേടും മനസിലാക്കിയ പൊലീസ് പിടിമുറുക്കിയതോടെ സത്യം പുറത്ത് വന്നു. ഭാര്യക്ക് വിവാഹേതര ബന്ധമുണ്ടോയെന്ന സംശയമുണ്ടായിരുന്നുവെന്നും ഇതിനെ തുടര്‍ന്ന് കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്നും സിലംബരസന്‍ വെളിപ്പെടുത്തി.
പ്രിയയെ ശ്വാസം മുട്ടിച്ച കൊലപ്പെടുത്തിയ ശേഷം ഡ്രമ്മിലാക്കി 3 കിലോമീറ്റര്‍ ദൂരെയുള്ള ശ്മശനാത്തില്‍ കുഴിച്ചിടുകയായിരുന്നുവെന്ന് സിലംബരസന്‍ കുറ്റസമ്മതം നടത്തി. നിലവില്‍ ഇയാള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം കേസില്‍ കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
Content Highlights- missing daughter finally found dead in a drum