ഭർത്താവിനൊത്ത് ഒന്നിച്ച് സിനിമയിൽ ജോലി ചെയ്യുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്; പ്രഗതി ഷെട്ടി

ജീവിതത്തിൽ പല കാര്യങ്ങളിലും ഞാൻ നോ പറയും. സിനിമയിൽ അദ്ദേഹം സംവിധായകനാണ്. ഞാൻ നോ പറയാറില്ല

ഭർത്താവിനൊത്ത് ഒന്നിച്ച് സിനിമയിൽ ജോലി ചെയ്യുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്; പ്രഗതി ഷെട്ടി
dot image

ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ് റിഷബ് ഷെട്ടി സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രം കാന്താര. സിനിമയിൽ റിഷബിനൊപ്പം തന്നെ ശ്രദ്ധ നേടിയ വ്യക്തിയാണ് അദേഹത്തിന്റെ ഭാര്യയും സിനിമയുടെ കോസ്റ്റ്യൂം ഡിസൈനറുമായ പ്രഗതി ഷെട്ടി. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണത്തിനിടയിൽ നേരിട്ട വെല്ലുവിളികളെക്കുറിച്ച് പറയുകയാണ് പ്രഗതി. ഭർത്താവിനൊത്ത് ഒന്നിച്ച് സിനിമയിൽ ജോലി ചെയ്യുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്നും തങ്ങൾക്കിടയിൽ സെറ്റിൽവെച്ച് വഴക്കുകൾ ഉണ്ടായിട്ടുണ്ടെങ്കിലും ഈഗോയെക്കാൾ വലുതാണ് ഈ സിനിമ എന്ന് ഞങ്ങൾക്ക് രണ്ടുപേർക്കും അറിയാമെന്നും പ്രഗതി ഷെട്ടി കൂട്ടിച്ചേർത്തു. എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'ഭർത്താവിനൊത്ത് ഒരു സിനിമയിൽ ഒന്നിച്ച് ജോലി ചെയ്യുന്നത് അൽപ്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. തീർച്ചയായും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകും. പക്ഷേ ഞങ്ങൾ പരസ്പരം മനസ്സിലാക്കും. ഞങ്ങൾ ചിലപ്പോൾ തർക്കിക്കും, പക്ഷേ അവസാനം ഒരു ധാരണയിലെത്തും. ഞങ്ങളുടെ ഈഗോയെക്കാൾ വലുതാണ് ഈ സിനിമ എന്ന് ഞങ്ങൾക്ക് രണ്ടുപേർക്കും അറിയാം. അടുത്ത ദിവസം 500 വസ്ത്രം ആവശ്യമാണെന്ന് അദ്ദേഹം എന്നോട് പറയും അത് എങ്ങനെ സാധിക്കും എന്ന് ഞാൻ ചോദിക്കും. പക്ഷേ ഞാൻ ഒരിക്കലും നോ എന്ന് പറയില്ല. കാന്താര പോലെ ദിവ്യമായൊരു സിനിമയിൽ ജോലി ചെയ്യുമ്പോൾ ആരോടും നോ എന്ന് പറയാൻ തോന്നില്ല. ജീവിതത്തിൽ പല കാര്യങ്ങളിലും ഞാൻ നോ പറയും. സിനിമയിൽ അദ്ദേഹം സംവിധായകനാണ്. ഞാൻ നോ പറയാറില്ല. ഞാൻ നോ പറയില്ലെന്ന് അദ്ദേഹത്തിനും അറിയാം,' പ്രഗതി പറഞ്ഞു.

Also Read:

അതേസമയം കാന്താര 2 കേരളത്തിൽ ഉൾപ്പെടെ വമ്പൻ കളക്ഷൻ ആണ് നേടുന്നത്. ആഗോളതലത്തിൽ 1000 കോടിയിലേക്ക് കുറഞ്ഞ ദൂരം മാത്രമേ സിനിമയ്ക്കുള്ളൂ. 2022ൽ റിഷഭ് ഷെട്ടിയുടെ സംവിധാനത്തിൽ റിലീസ് ചെയ്ത് വൻ വിജയം നേടിയ കന്നഡ ചിത്രമാണ് കാന്താര. കന്നഡയിൽ ഇറങ്ങിയ ചിത്രം പിന്നീട് മികച്ച അഭിപ്രായം നേടിയതിനെ തുടർന്ന് വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റി എത്തുകയായിരുന്നു. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും റിഷഭിനെ തേടിയെത്തിയിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് സിനിമ കേരളത്തിൽ എത്തിച്ചത്.

Content Highlights: Pragati Shetty shares her experience of working with her husband in the film kantara

dot image
To advertise here,contact us
dot image