
മുന്നറിയിപ്പ് അവഗണിച്ച് ഒമ്പത് മാസം പ്രായമുള്ള കുഞ്ഞുമായി മലകയറിയ മാതാപിതാക്കൾക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം. ലിത്വാനിയൻ ദമ്പതികളാണ് പ്രതികൂല കാലാവസ്ഥയും മുന്നറിയിപ്പും അവഗണിച്ച് ഒമ്പത് മാസം പ്രായമുള്ള കുഞ്ഞുമായി മലകയറാൻ ശ്രമിച്ചത്. പോളണ്ടിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ മൗണ്ട് റൈസിയിലായിരുന്നു മാതാപിതക്കൾ അപകടകരമായ സാഹസിക ദൗത്യത്തിന് തുനിഞ്ഞത്.
സുരക്ഷാ ഉപകരണങ്ങളൊന്നുമില്ലാതെ, തണുത്തുറഞ്ഞ കൊടുമുടി കയറാനുള്ള അവരുടെ ശ്രമം അപകടകരമായി മാറുകയായിരുന്നു. മലകയറ്റം തുടരാനാവാത്ത ഇവർക്ക് കുഞ്ഞുമായി താഴേയ്ക്ക് ഇറങ്ങാൻ കഴിയാതെ വന്നതോടെ പർവത ഗൈഡ് കുട്ടിയെ രക്ഷിക്കാനെത്തുകയും സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റുകയുമായിരുന്നു. ഇവർ മലകയറാൻ എത്തുമ്പോൾ മൗണ്ട് റൈസിയിലെ സ്ഥിതിഗതികൾ വഷളായിരുന്നു. എന്നിട്ടും ഗൈഡുകളുടെയും രക്ഷാപ്രവർത്തകരുടെയും ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ അവഗണിച്ച് ദമ്പതികൾ മുന്നോട്ട് പോകുകയായിരുന്നു.
എന്തായാലും അപകടമൊന്നും സംഭവിക്കാതെ കുട്ടിയെയും മാതാപിതാക്കളെയും രക്ഷാപ്രവർത്തകർ സുരക്ഷിത സ്ഥാനത്തെത്തിച്ചു. എന്നാൽ ഇവരുടെ അപകടകരമായ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ മാതാപിതാക്കൾക്കെതിരെ പ്രതിഷേധവും വിമർശനവും ഉയർന്നു. കുഞ്ഞിനെ അപകടത്തിലാക്കുന്ന നിലയിലുള്ള മാതാപിതാക്കളുടെ അശ്രദ്ധയെ ചോദ്യം ചെയ്ത് നിരവധി ആളുകളാണ് രംഗത്ത് വന്നത്.
'ചില മാതാപിതാക്കൾ കുട്ടികളുടെ സുരക്ഷയെ അപകടത്തിലാക്കി ഇത്രയും അപകടകരമായ ഒരു തീരുമാനം എടുക്കുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാൻ പ്രയാസമാണ്. ഒരു കുഞ്ഞിനെ അപകടപ്പെടുത്താതെ പ്രകൃതിയെ ആസ്വദിക്കാൻ എണ്ണമറ്റ വഴികളുണ്ട്' എന്നായിരുന്നു ഒരു സോഷ്യൽ മീഡിയ ഉപയോക്താവ് എക്സിൽ കുറിച്ചത്.
Content Highlights: Lithuanian Couple defies warnings, climbs frozen peak in Poland with 9-month-old baby