
നമ്മുടെ ജീവിതശൈലി ആരോഗ്യത്തെ വളരെയധികം സ്വാധീനിക്കുന്നുണ്ട്. അതില്‍ പ്രധാനമാണ് കഴിക്കുന്ന ഭക്ഷണങ്ങളും. നാം രുചിയോടുകൂടി ആസ്വദിച്ച് കഴിക്കുന്ന പല ഭക്ഷണങ്ങളും ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കുന്നവയാണ്. അത്തരത്തില്‍ കാന്‍സര്‍ സാധ്യതവര്‍ധിപ്പിക്കുന്ന മൂന്ന് ഭക്ഷണവസ്തുക്കള്‍ ഇവയാണ്.
അള്‍ട്രാ പ്രോസസ് ഫുഡ് അതായത് സംസ്‌കരിച്ച ഭക്ഷണങ്ങള്‍. (പ്രധാനമായും ഉപ്പ്, എണ്ണ, പഞ്ചസാര എന്നിവ അടങ്ങിയതും രാസസംസ്‌കരണത്തിന് വിധേയമായതുമായ ഭക്ഷണം). ഉദാഹരണമായി ടിന്നിലടച്ച ഭക്ഷണങ്ങള്‍.ചിപ്സും ബിസ്‌ക്കറ്റും, ഇന്‍സ്റ്റന്റ് നൂഡില്‍സ്, ഫിസി ഡ്രിങ്കുകള്‍, ഫ്രോസണ്‍ ഡിന്നറുകള്‍ ഇവയിലെല്ലാം ശുദ്ധീകരിച്ച സ്റ്റാര്‍ച്ച്, വിലകുറഞ്ഞ പഞ്ചസാര, ഗുണനിലവാരമില്ലാത്ത എണ്ണകള്‍, രുചിയും ഘടനയും ഉണ്ടാകാന്‍ ചേര്‍ത്തിട്ടുളള പ്രിസര്‍വ്വേറ്റീവുകള്‍ എന്നിവ അടങ്ങിയതാണ്. ഈ ഭക്ഷണങ്ങള്‍ രക്തത്തിലെ പഞ്ചസാരയേയും ഇന്‍സുലിനേയും ഉത്തേജിപ്പിക്കുകയും കുടലിലെ സൂക്ഷ്മാണുക്കളെ അസ്വസ്ഥമാക്കുകയും വന്‍കുടലിനും പാന്‍ക്രിയാസിനും കരളിനും സമ്മര്‍ദ്ദമുണ്ടാക്കുകയും കാന്‍സറിന് കാരണമാകുകയും ചെയ്യും.
മദ്യം ഒരു പ്രാവശ്യം കഴിക്കുമ്പോള്‍ അത് അസറ്റാള്‍ഡിഹൈഡ് ആയി മാറുന്നു. ഇത് ഡിഎന്‍എയെ നശിപ്പിക്കുകയും അവയുടെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുകയും ചെയ്യുന്ന പ്രതിപ്രവര്‍ത്തന ഘടകമാണ്. കരള്‍, വന്‍കുടല്‍, പാന്‍ക്രിയാസ് എന്നിവയില്‍ കാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യത മദ്യം വര്‍ധിപ്പിക്കുന്നു. മദ്യം ഉപയോഗിക്കുന്നവര്‍ അതിൻ്റെ അളവ് കുറയ്ക്കുകയും രാത്രി കിടക്കുന്നതിന് മുന്‍പുള്ള മദ്യപാനം ഒഴിവാക്കുകയോ അളവ് പരിമിതപ്പെടുത്തുകയോ ചെയ്യേണ്ടതാണ്.
സംസ്‌കരിച്ച മാംസങ്ങള്‍, ബേക്കണ്‍, ഹാം, സോസേജുകള്‍, ഹോട്ട് ഡോഗ്, സ്ലൈസുകള്‍, ഉണക്കിയതും പുകകൊണ്ട് ഉണക്കിയതുമായ ഭക്ഷണങ്ങള്‍ ഇവ കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്നു. സംസ്‌കരിച്ച മാംസം ഉണക്കുമ്പോള്‍ ഉണ്ടാകുന്ന നൈട്രേറ്റുകളും ദഹനനാളത്തില്‍ കാന്‍സര്‍ ഉണ്ടാക്കുന്ന സംയുക്തങ്ങള്‍ നിര്‍മ്മിക്കുന്നു.സംസ്‌കരിച്ച ഭക്ഷണം വന്‍കുടല്‍ കാന്‍സറിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു.
ധാന്യങ്ങള്‍, പയറുവര്‍ഗ്ഗങ്ങള്‍, പച്ചക്കറികള്‍ , പഴങ്ങള്‍, മുട്ട , മത്സ്യം , തൈര് എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. അതുപോലെ സംസ്‌കരിച്ച ഭക്ഷണത്തിന് പകരം നാടന്‍ കോഴി, മത്സ്യം പനീര്‍, ബീന്‍സ് അല്ലെങ്കില്‍ പയര്‍ എന്നിവയും ഉള്‍പ്പെടുത്താം. മദ്യം സ്ഥിരമായി ഉപയോഗിക്കാതെ അതിന് ഒരു പരിധി നിശ്ചയിക്കുക. ആഴ്ചയില്‍ ഒരിക്കലോ മറ്റോ കുറഞ്ഞ അളവില്‍ കഴിക്കാന്‍ ശ്രമിക്കുക.
Content Highlights :Health experts warn about foods that increase cancer risk