
ഇറച്ചികടക്കാരൻ അമിതമായി ഡിസ്‌കൗണ്ട് നൽകിയതിന് ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ചയാൾക്ക് പത്തരവർഷം തടവ് ശിക്ഷ വിധിച്ച് കോടതി. ഭാര്യയും കച്ചവടക്കാരനും തമ്മിൽ വിവാഹേതര ബന്ധമുണ്ടെന്ന സംശയത്തിലായിരുന്നു അതിക്രമം. വടക്കൻ ചൈനയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നതെന്ന് സൗത്ത് ചൈന മോർണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
നിനജിയാങ് പ്രവിശ്യയിലെ ജില്ലാ ജനകീയ കോടതിയാണ് വിധി പ്രഖ്യാപിച്ചത്. ഇക്കഴിഞ്ഞ മാർച്ചിലാണ് പ്രതി സുവോ ഭാര്യ സാവോയെ ആക്രമിച്ചത്. വീട്ടിലെ ലിവിങ് റൂമിൽ വച്ചാണ് ഭാര്യയെ സുവോ അതിക്രൂരായി കുത്തിയത്. ഇവരുടെ കട്ടിന് സമീപമുള്ള ഡ്രോയറിൽ സൂക്ഷിച്ചിരുന്ന തടിയുടെ പിടിയുള്ള കത്തിയെടുത്ത് തുടരെ തുടരെ നിരവധി തവണയാണ് സാവോയെ പ്രതി കുത്തിയത്. ഗുരുതരമായി പരിക്കേറ്റ സാവോ പക്ഷേ ഭർത്താവിനോട് ക്ഷമിക്കാനാണ് തീരുമാനിച്ചത്. എന്നാൽ കൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് കോടതി ശിക്ഷ വിധിക്കുകയും ചെയ്തു.
30 വർഷമായി സന്തോഷമായാണ് ജീവിച്ചതെന്നും അതിനിടയിൽ വലിയ പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നുമാണ് സാവോ പ്രതികരിച്ചത്. അതേസമയം തനിക്കെത്ര തവണ കുത്ത് കിട്ടിയെന്നത് ഓർമയില്ലെന്നും അവർ പറയുന്നു. പണമൊന്നും ധൂർത്തടിക്കാത്ത എല്ലാം കുടുംബത്തിന് വേണ്ടി ചിലവഴിച്ചയാളാണ് ഭർത്താവെന്നും, തന്റെ മകനും ചെറുമകനും വേണ്ടി കൂടിയാണ് അദ്ദേഹത്തോട് ക്ഷമിക്കാൻ തയ്യാറായതെന്നും സാവോ പറയുന്നു. മാത്രമല്ല നഷ്ടപരിഹാരം വാങ്ങാനും സാവോ തയ്യാറായില്ല. അസാധാരണമായ ഒരു കാര്യത്തിന്റെ പേരിൽ നടന്ന അതിക്രമം എന്ന തരത്തിൽ ചൈനയിലും വിദേശരാജ്യങ്ങളിലും ഈ സംഭവം വലിയ ശ്രദ്ധനേടിയിരുന്നു.
Content Highlights: Man stabbed his wife over butcher gave her hefty discount