'ക്രൂരമായി അക്രമിച്ചു, വസ്ത്രം വലിച്ചു കീറി, വയറ്റിൽ ലാത്തികൊണ്ട് കുത്തി'; പൊലീസിനെതിരെ ആശമാര്‍

കേരളത്തില്‍ എത്തിയ രാഷ്ട്രപതി ഈ ജനാധിപത്യവിരുദ്ധതകള്‍ കാണണമെന്നും ആശാ പ്രവര്‍ത്തകര്‍

'ക്രൂരമായി അക്രമിച്ചു, വസ്ത്രം വലിച്ചു കീറി, വയറ്റിൽ ലാത്തികൊണ്ട് കുത്തി'; പൊലീസിനെതിരെ ആശമാര്‍
dot image

തിരുവനന്തപുരം: പൊലീസിനെതിരെ ഗുരുതര ആരോപണവുമായി ആശ പ്രവര്‍ത്തകര്‍. ക്രൂരമായി ആക്രമിച്ചതിന് ശേഷമാണെന്ന് പൊലീസ് വാഹനത്തിൽ കയറ്റിയതെന്ന് ആശ പ്രവര്‍ത്തകര്‍ ആരോപിച്ചു. സമര നേതാവ് എസ് മിനിയുടെ വസ്ത്രങ്ങള്‍ വലിച്ചു കീറിയെന്നും വയറ്റിൽ ലാത്തി കൊണ്ട് കുത്തിയെന്നും ആശാ പ്രവര്‍ത്തക പറഞ്ഞു.

കേരളത്തില്‍ എത്തിയ രാഷ്ട്രപതി ഈ ജനാധിപത്യവിരുദ്ധതകള്‍ കാണണമെന്നും ആശാ പ്രവര്‍ത്തകര്‍ പറഞ്ഞു. ക്ലിഫ് ഹൗസ് സമരം തത്കാലം അവസാനിപ്പിച്ചതായി സമര നേതാവ് വി കെ സദാനന്ദൻ വ്യക്തമാക്കി. മുഖ്യമന്ത്രിയെ നേരിൽ കാണുമെന്നും തൊട്ടടുത്ത ദിവസം തന്നെ സമയം അനുവദിക്കാമെന്ന് അറിയിക്കുന്നുവെന്നും സദാനന്ദൻ പറഞ്ഞു. അറസ്റ്റ് ചെയ്ത 19 സമരസമിതി നേതാക്കളെ വിട്ടയക്കുമെന്ന് ഉറപ്പ് കിട്ടിയതായും സദാനന്ദൻ വ്യക്തമാക്കി.

മുഖ്യമന്ത്രി പിണറായി വിജയനെ കാണണമെന്ന് ആവശ്യപ്പെട്ട് ക്ലിഫ് ഹൗസിന് മുന്നില്‍ നടത്തിയ ആശ പ്രവര്‍ത്തകരുടെ സമരത്തില്‍ പൊലീസുമായി ഉന്തും തള്ളുമുണ്ടായിരുന്നു. നാല് മണിക്കൂറോളം നീണ്ടുനിന്ന സമരത്തില്‍ നിന്നും യുഡിഎഫ് സെക്രട്ടറി സി പി ജോണിനെയും എസ് മിനി, എം എ ബിന്ദു, ഗിരിജ, ജിതിക, മീര എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ആശ പ്രവര്‍ത്തകരുടെ ജനറേറ്റര്‍, സൗണ്ട് ബോക്‌സ്, മൈക്ക് ഉള്‍പ്പെടെ പിടിച്ചെടുത്തിരുന്നു. ഉന്തും തള്ളിനുമിടയില്‍ കന്റോണ്‍മെന്റ് ഇന്‍സ്‌പെക്ടര്‍ പ്രജീഷ് ശശിക്കും വനിതാ സെല്ലിലെ എഎസ്‌ഐ ഷംലക്കും പരിക്കേറ്റിട്ടുണ്ട്. അതേസമയം പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് നാളെ പ്രതിഷേധ ദിനം സംഘടിപ്പിക്കാനാണ് ആശമാരുടെ നീക്കം. ക്ലിഫ് ഹൗസിന് മുന്നിലെ സമരം അവസാനിപ്പിക്കില്ലെന്നും ആശമാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഓണറേറിയം വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം നല്‍കുക, പെന്‍ഷന്‍ നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ആശമാര്‍ നടത്തുന്ന സമരം എട്ട് മാസമായിരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് ഇന്ന് ക്ലിഫ് ഹൗസിന് മുന്നില്‍ ആശമാര്‍ മാര്‍ച്ച് നടത്തിയത്. പിഎംജി ജംഗ്ഷനില്‍ നിന്ന് ക്ലിഫ് ഹൗസ് വരെയായിരുന്നു പ്രതിഷേധം.

Content Highlights: Asha workers says Kerala Police attack them in Cliff house march

dot image
To advertise here,contact us
dot image