
ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത' യിലെ പുതിയ ഗാനം എത്തി. 'കണ്മണീ നീ' എന്ന വരികളോടെ ആരംഭിക്കുന്ന ഗാനം രചിച്ചത് ദീപിക കാർത്തിക്ക് കുമാറും ആലപിച്ചത് പ്രദീപ് കുമാറുമാണ്. ഝാനു ചന്റർ ആണ് ഈ ഗാനത്തിന് ഈണം നൽകിയത്. ശിവം, സെൽമണി സെൽവരാജ് എന്നിവരാണ് ഗാനത്തിൻ്റെ അഡീഷണൽ വരികൾ രചിച്ചത്. സെൽവമണി സെൽവരാജ് രചിച്ചു സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചിരിക്കുന്നത് ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ്. ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ചിത്രം നവംബർ 14 ന് ആഗോള റിലീസായെത്തും. 'ദ ഹണ്ട് ഫോർ വീരപ്പൻ' എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സീരീസ് ഒരുക്കി ശ്രദ്ധ നേടിയ തമിഴ് സംവിധായകൻ ആണ് സെൽവമണി സെൽവരാജ്.
ദുൽഖർ സൽമാൻ, നായിക ഭാഗ്യശ്രീ ബോർസെ എന്നിവർ അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രങ്ങളുടെ പ്രണയ നിമിഷങ്ങൾ ആണ് ഈ ഗാനത്തിലൂടെ അവതരിപ്പിക്കുന്നത്. ഇരുവരും തമ്മിലുള്ള സ്നേഹവും ഇവരുടെ ബന്ധത്തിൻ്റെ ആഴവും ഗാനത്തിൻ്റെ മനോഹരമായ വരികളിലൂടെ പ്രേക്ഷകരിലേക്ക് എത്തിച്ചിരിക്കുന്നു. ചിത്രത്തിൽ നിന്ന് നേരത്തെ പുറത്ത് വന്ന ആദ്യ ഗാനവും മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.
ദുൽഖർ സൽമാന്റെ ജന്മദിനത്തിന് പുറത്തു വന്ന, ചിത്രത്തിന്റെ ടീസറിനും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ദുൽഖർ സൽമാൻ എന്ന നടന്റെ ഗംഭീര അഭിനയ മുഹൂർത്തങ്ങൾ നിറഞ്ഞ ചിത്രമായിരിക്കും "കാന്ത" എന്ന സൂചനയാണ് ടീസർ നൽകിയത്. രണ്ട് വലിയ കലാകാരൻമാർക്കിടയിൽ സംഭവിക്കുന്ന ഈഗോ ക്ലാഷിന്റെ കഥയാണ് ചിത്രം പറയുന്നത്. ദുൽഖർ, സമുദ്രക്കനി എന്നിവരാണ് ആ കലാകാരന്മാരായി എത്തുന്നത്. പ്രണയം, ഈഗോ, കല, വൈകാരികത എന്നിവയിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത് എന്നും ടീസർ കാണിച്ചു തരുന്നു. റാണ ദഗ്ഗുബതി ആണ് ചിത്രത്തിലെ മറ്റൊരു നിർണ്ണായക വേഷം അവതരിപ്പിക്കുന്നത്.
1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് കാന്തയുടെ കഥ അവതരിപ്പിക്കുന്നത്. ഒരുപിടി മികച്ച ചിത്രങ്ങൾ മലയാളത്തിൽ നിർമ്മിച്ചിട്ടുള്ള വേഫേറർ ഫിലിംസ് നിർമ്മിക്കുന്ന ആദ്യ അന്യഭാഷാ ചിത്രം കൂടിയാണ് 'കാന്ത'. തമിഴിൽ ഒരുക്കിയ ഈ ചിത്രം മലയാളം, തെലുങ്കു, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും. ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന ചിത്രം കൂടിയാണ് "കാന്ത". ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നതും വേഫറെർ ഫിലിംസ് തന്നെയാണ്.
ഛായാഗ്രഹണം- ഡാനി സാഞ്ചസ് ലോപ്പസ്, സംഗീതം- ഝാനു ചന്റർ, എഡിറ്റർ- ലെവെലിൻ ആന്റണി ഗോൺസാൽവേസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് - സായ് കൃഷ്ണ ഗഡ്വാൾ, സുജയ് ജയിംസ്, ലൈൻ പ്രൊഡ്യൂസർ - ശ്രാവൺ പലപർത്തി, കലാസംവിധാനം- രാമലിംഗം, വസ്ത്രാലങ്കാരം- പൂജിത തടികൊണ്ട, അർച്ചന റാവു, ഹർമൻ കൗർ, സൗണ്ട് ഡിസൈൻ - ആൽവിൻ റെഗോ, സഞ്ജയ് മൗര്യ, അഡീഷണൽ തിരക്കഥ - തമിഴ് പ്രഭ, വിഎഫ്എക്സ് - ഡെക്കാൺ ഡ്രീംസ്, ഡിഐ കളറിസ്റ്റ് - ഗ്ലെൻ ഡെന്നിസ് കാസ്റ്റിഞൊ, പബ്ലിസിറ്റി ഡിസൈൻ - എയ്സ്തെറ്റിക്ക് കുഞ്ഞമ്മ, ടൂ സിഡ്, പിആർഒ- ശബരി.
New song from Dulquer Salmaan's film 'Kaantha' released