ബിക്കിനി ധരിച്ച് വിദേശ വനിത ഗംഗയിൽ സ്‌നാനം ചെയ്തു! വിമർശിച്ചും അനുകൂലിച്ചും വാദം, വീഡിയോ വൈറൽ

വ്യക്തി സ്വാതന്ത്ര്യവും സംസ്‌കാരവുമായി ബന്ധപ്പെടുത്തി രണ്ടു വിഭാഗമായി തിരിഞ്ഞാണ് ചർച്ചകൾ ഉയരുന്നത്

ബിക്കിനി ധരിച്ച് വിദേശ വനിത ഗംഗയിൽ സ്‌നാനം ചെയ്തു! വിമർശിച്ചും അനുകൂലിച്ചും വാദം, വീഡിയോ വൈറൽ
dot image

ഋഷികേശിലെ ലക്ഷ്മൺ ഝുലയിൽ ബിക്കിനി ധരിച്ച് സ്‌നാനം ചെയ്ത് വിദേശവനിത. സംഭവത്തിന്റെ ദൃശ്യങ്ങൾ വൈറലായതോടെ സംഭവത്തെ വിമർശിച്ചും അനുകൂലിച്ചും രണ്ട് വിഭാഗങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. വ്യക്തി സ്വാതന്ത്ര്യവും സംസ്‌കാരവുമായി ബന്ധപ്പെടുത്തി രണ്ടു വിഭാഗമായി തിരിഞ്ഞാണ് വീഡിയോയ്ക്ക് താഴെ കമന്റുകൾ വരുന്നത്.

ഗംഗ നദിയുടെ തീരത്ത് നിൽക്കുന്ന ഒരു യുവതിയെ കാണിച്ചുകൊണ്ടാണ് ദൃശ്യങ്ങൾ ആരംഭിക്കുന്നത്. ഇവർ ബിക്കിനിയാണ് അണിഞ്ഞിരിക്കുന്നത്. കഴുത്തിൽ ഒരു പൂ മാലയും അണിഞ്ഞിട്ടുണ്ട്. കൈകൂപ്പി പ്രാർത്ഥിച്ച് മാല വെള്ളത്തിലേക്ക് ഇട്ട് ഇവർ ഗംഗയിൽ മുങ്ങി, ശേഷം നീന്താൻ ആരംഭിച്ചു. ഈ വീഡിയേയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത്. ഇന്ത്യയിലെ പ്രധാനപ്പെട്ട, പുണ്യമായി കണക്കാക്കപ്പെടുന്ന നദിയുടെ പവിത്രതയെ അനാദരിക്കുന്ന പ്രവർത്തിയാണിതെന്നാണ് ഒരുവിഭാഗത്തിന്റെ വാദം. എന്നാൽ വിദേശവനിതയുടെ ഉദ്ദേശം മോശമല്ലെന്നും പുരുഷന്മാർ അടിവസ്ത്രം മാത്രം ധരിച്ച് കുളിക്കുന്നതിൽ പ്രശ്‌നമില്ലെങ്കിൽ പിന്നെ ഇവിടെ പ്രശ്‌നമെന്തിനാണെന്നും മറ്റുചിലരും ചോദിക്കുന്നുണ്ട്.

ഇന്ത്യൻ പാരമ്പര്യത്തിന് വിരുദ്ധമാണ് ഇവരുടെ പ്രവർത്തിയെന്നാണ് പക്ഷേ ഭൂരിഭാഗം പേരുടെയും കണ്ടെത്തൽ. മതപരമായ വികാരത്തെ ഹനിക്കുന്നതാണ് ഇത്തരം പ്രവർത്തിയെന്നും ചിലർ പറയുന്നു. ആരും ഇവരെ തടയാൻ ശ്രമിക്കാത്തത് എന്താണെന്ന ചോദ്യവും ചിലർ ഉന്നയിക്കുന്നുണ്ട്.

ഋഷികേശിൽ കാലങ്ങളായി ആയിരക്കണക്കിന് വിദേശികളാണ് സന്ദർശനം നടത്തുന്നത്. സന്ദർശകരായി എത്തുന്നവർ പ്രാദേശികമായ രീതിക്ക് വിപരീതമായി പ്രവർത്തിക്കുന്നത് ഇത്തരം വിവാദങ്ങൾക്ക് തിരികൊളുത്തുമെന്നും ചിലർ പറയുന്നു. ഗംഗയെ വെറുമൊരു നദിയായല്ല, ദൈവമായാണ് കാണുന്നതെന്നും സംസ്‌കാരത്തിന്റെയും മതത്തിന്റെയും അടയാളമായി കാണുന്ന ഗംഗാനദിയെ ബഹുമാനിക്കണമെന്നും ഉപദേശിക്കുന്നുണ്ട് ചിലർ.

Content Highlights: Foriegn Woman wearing Bikkini took Holy Dip in Ganga

dot image
To advertise here,contact us
dot image