അധിനിവേശ വെസ്റ്റ് ബാങ്കിൽ പലസ്തീൻ വനിതയ്ക്ക് ജൂതകുടിയേറ്റക്കാരൻ്റെ മർദ്ദനം; വീഡിയോ പകർത്തി അമേരിക്കക്കാരൻ

ഇസ്രായേലി കുടിയേറ്റക്കാരൻ 55 വയസ്സുള്ള പലസ്തീൻ കർഷക സ്ത്രീയെ വടികൊണ്ട് അടിച്ച് ബോധരഹിതയാക്കിയെന്നാണ് അമേരിക്കൻ മാധ്യമ പ്രവർത്തകനായ ജാസ്പർ നഥാനിയേൽ വെളിപ്പെടുത്തിയത്

അധിനിവേശ വെസ്റ്റ് ബാങ്കിൽ പലസ്തീൻ വനിതയ്ക്ക്  ജൂതകുടിയേറ്റക്കാരൻ്റെ മർദ്ദനം; വീഡിയോ പകർത്തി അമേരിക്കക്കാരൻ
dot image

അധിനിവേശ വെസ്റ്റ് ബാങ്കിൽ പലസ്തീൻ വനിതയ്ക്ക് നേരെയുള്ള മുഖംമൂടി ആക്രമണത്തിൻ്റെ ദൃശ്യങ്ങൾ പകർത്തി അമേരിക്കൻ മാധ്യമ പ്രവർത്തകൻ. അധിനിവേശ വെസ്റ്റ് ബാങ്കിലെ ടർമസ് അയ്യ ഗ്രാമത്തിലാണ് മുഖംമൂടി ധരിച്ച ഒരു ജൂത കുടിയേറ്റക്കാരൻ പസ്തീൻ വനതിയെ വടികൊണ്ട് ആക്രമിച്ചത്. ആക്രമണത്തിൽ ഇവർക്ക് ഗുരുതരമായി പരിക്കേറ്റു. അമേരിക്കൻ മാധ്യമപ്രവർത്തകനായ ജാസ്പർ നഥാനിയേലാണ് പ്രകോപനമില്ലാതെയുള്ള ആക്രമണത്തിൻ്റെ വീഡിയോ പകർത്തിയത്. ഇസ്രായേലി കുടിയേറ്റക്കാരൻ 55 വയസ്സുള്ള പലസ്തീൻ കർഷക സ്ത്രീയെ വടികൊണ്ട് അടിച്ച് ബോധരഹിതയാക്കിയെന്ന് ജാസ്പർ നഥാനിയേൽ പറഞ്ഞു.

ഒലിവ് കൃഷിയുടെ വിളവെടുക്കാൻ വയലിലേക്ക് പോയ അഫാഫ് അബു ആലിയ എന്ന് വിളിക്കുന്ന ഉമ്മു സാലിഹ് എന്ന സ്ത്രീയാണ് ആക്രമണത്തിന് ഇരയായത്. 'ടർമസ് അയയറിലെ ഒലിവ് വിളവെടുപ്പിന്റെ ആദ്യ ദിവസമായ 2025 ഒക്ടോബർ 19 ന് ഒരു കൂട്ടം കർഷകരെ സായുധരായ കുടിയേറ്റക്കാരുടെ സംഘം നേരിട്ട് ക്രൂരമായി പതിയിരുന്ന് ആക്രമിക്കുന്നു' എന്നായിരുന്നു വീഡിയോ എക്സിൽ പങ്കുവെച്ചു കൊണ്ട് ജാസ്പർ നഥാനിയേൽ കുറിച്ചത്. ഈ ആളുകൾ നാളെ ജയിലിലാകണം. ഈ ഗ്രാമത്തിലെയും പലസ്തീനിലെയും ജനങ്ങളെ സംരക്ഷിക്കേണ്ടതുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അക്രമി ഒരു വലിയ മരത്തടി പോലെ തോന്നിപ്പിക്കുന്ന വടി ആഞ്ഞ് വീശി പലസ്തീനിയൻ വനിതയെ നിരന്തരം അടിക്കുന്നത് വീഡിയോയിൽ കാണാം. ഇസ്രായേലി കുടിയേറ്റക്കാരൻ ആലിയയുടെ തലയിൽ ആവർത്തിച്ച് അടിച്ചതായാണ് നഥാനിയേൽ പറയുന്നത്. ബോധം നഷ്ടപ്പെടുന്നതുവരെ അയാൾ അവളെ വീണ്ടും അടിച്ചുകൊണ്ടിരുന്നു. മസ്തിഷ്ക രക്തസ്രാവത്തെ തുടർന്ന് പിന്നീട് ഈ സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നാണ് പലസ്തീൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇവരെ അവിടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണെന്നാണ് റിപ്പോർട്ട്.

ആക്രമണത്തിൽ മറ്റ് രണ്ട് പേർക്കGX പരിക്കേറ്റതായാണ് റിപ്പോർട്ട്. അതിൽ ഒരാൾ പലസ്തീനിയാണെന്നും മറ്റൊരാൾ വിദേശ പൗരനാണെന്നുമാണ് വിവരം. ഒലിവ് വിളവെടുപ്പ് സമയത്ത് ഇസ്രായേലി കുടിയേറ്റക്കാരുടെ ആക്രമണം പതിവായി നേരിടുന്ന പലസ്തീനികളെ സഹായിക്കാൻ അവിടെയെത്തിയതാണ് വിദേശ പൗരൻ എന്നാണ് റിപ്പോ‍ർട്ട്.

അക്രമണം അവസാനിപ്പിക്കാൻ ഇടപെട്ടെന്നാണ് ഇസ്രയേൽ പ്രതിരോധ സേനയെ ഉദ്ധരിച്ച് ബിബിസി റിപ്പോ‍ർട്ട് ചെയ്യുന്നത്. എന്നാൽ നഥാനിയേൽ അവകാശവാദം തള്ളിക്കളയുകയാണ്. ഇസ്രായേൽ സൈനികർ നേരത്തെ ആക്രമണ സ്ഥലത്ത് ഉണ്ടായിരുന്നുവെന്നും കുടിയേറ്റക്കാർ ആക്രമണം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ഇസ്രായേൽ സൈന്യം ‌അവിടെ നിന്നും പോയെന്നുമാണ് നഥാൻ പറയുന്നത്. ഈ വിഷയത്തിൽ ഇസ്രായേൽ അധികൃതർ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

Content Highlights: Jewish settler attacked A Palestinian woman in the central West Bank's Turmus Ayya village

dot image
To advertise here,contact us
dot image