
കൊച്ചി: സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡിനായുള്ള എച്ച്എംടിയുടെയും എന്‍എഡിയുടെയും ഭൂമി കൈമാറി കിട്ടിയതായി മന്ത്രി പി രാജീവ്. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട തടസ്സം പൂര്‍ണമായും മാറ്റാന്‍ സാധിച്ചതിനാല്‍ ഇനി റോഡ് നിര്‍മാണം ഉടന്‍ ആരംഭിക്കും. റോഡിനായുള്ള ഭൂമി പദ്ധതി നിര്‍വ്വഹണ ഏജന്‍സിയായ റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്‍പ്പറേഷന് കൈമാറിക്കഴിഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ നടത്തിയ നിരന്തരമായ ഇടപെടലിന്റെ ഫലമായാണ് റോഡ് നിര്‍മാണത്തിനുള്ള വഴിയൊരുങ്ങിയതെന്നും മന്ത്രി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.
സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡ് നിര്‍മാണത്തിലെ രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുന്ന എച്ച്എംടി മുതല്‍ എന്‍എഡി വരെയുള്ള ഭാഗത്തിനാണ് എച്ച്എംടി ആന്‍ഡ് എന്‍എഡി ഭൂമി ആവശ്യമായി വന്നത്. എച്ച്എംടി ഭൂമിക്ക് സുപ്രീംകോടതി നിര്‍ദേശപ്രകാരം 37.90 കോടി രൂപയും എന്‍എഡി ഭൂമിക്ക് കേന്ദ്ര പ്രതിരോധ മന്ത്രാലയം കണക്കാക്കിയ 23.11 കോടി രൂപയും സംസ്ഥാന സര്‍ക്കാര്‍ നല്‍കിയാണ് ഭൂമിഏറ്റെടുത്തതെന്ന് മന്ത്രി പറഞ്ഞു.
എച്ച്എംടി-എന്‍എഡി ഭാഗത്തെ റോഡ് നിര്‍മാണത്തിനായി ഡിഎസ്ഒആര്‍ 2018 പ്രകാരം 17.31 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായും മന്ത്രി വ്യക്തമാക്കി. സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഡിഎസ്ഒആര്‍ 2021 നിലവില്‍ വന്നതിനാല്‍ പുതുക്കിയ ഭരണാനുമതി സര്‍ക്കാരിന്റെ പരിഗണയിലാണ്. അത് ലഭ്യമായ ശേഷം ഈ ഭാഗത്തിന്റെ ടെണ്ടര്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കും. എന്‍എഡി-മഹിളാലയം ഭാഗത്തിന്റെയും വീതി കൂട്ടി നിര്‍മിക്കുന്ന എന്‍എഡി തൊരപ്പ് റോഡിന്റെയും ടെണ്ടറും ഡിസംബറില്‍ പുറപ്പെടുവിക്കും. 6.5 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള എന്‍എഡി മഹിളായാളം ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തീകരണത്തിലേക്ക് എത്തുകയാണ്. ഈ ഭാഗത്തെ ഭൂമി ഏറ്റെടുക്കുന്നതിന് 569.34 കോടി രൂപ കിഫ്ബി നേരത്തെ അനുവദിച്ചിരുന്നു. 529 കൈവശ വസ്തുക്കളില്‍ 244 അവാര്‍ഡുകള്‍ പാസാക്കി. ഇരുമ്പനം മുതല്‍ നെടുമ്പാശ്ശേരി വരെ 25.7 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡ് പദ്ധതി, കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതും കൊച്ചി വിമാനത്താവളത്തിലേക്ക് എളുപ്പത്തില്‍ എത്താന്‍ സൗകര്യമൊരുക്കുന്നതുമായ പാതയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Minister p rajeev reaction on seaport-airport road project