
ജീവിതത്തിലെ അന്ധകാരത്തെ അകറ്റി പ്രത്യാശയുടെ വെളിച്ചം കൊണ്ടുവരുന്ന ദിനമായാണ് ദീപാവലി ആഘോഷിക്കുന്നത്. ഈ ദീപാവലി ദിനത്തില്‍ അതിനെ അക്ഷരാര്‍ത്ഥത്തില്‍ അന്വർത്ഥമാക്കിയിരിക്കുകയാണ് മുംബൈ പൊലീസ്. കളവ് പോയ മൊബൈല്‍ ഫോണുകള്‍ തിരികെ നല്കി കൊണ്ട് മുംബൈ പൊലീസ് 800 ഓളം ആളുകളുടെ ജീവിതത്തിലാണ് വെളിച്ചം പകര്‍ന്നത്.
നഷ്ടപ്പെട്ടതും മോഷ്ടിക്കപ്പെട്ടതുമായ വിലപിടിപ്പുള്ള വസ്തുക്കള്‍ കണ്ടെത്തി ഉടമകള്‍ക്ക് തിരികെ നല്കാന് ലക്ഷ്യമാക്കി ഡിസിപി സോണ്‍ 6ന് കീഴിലുള്ള സമര്‍പ്പിത ക്യാംപെയിന്റെ ഭാഗമായാണ് മുംബൈ പൊലീസിന്റെ ഈ നീക്കം. പ്രത്യേക ദീപാവലി റിട്ടേണ്‍ സമ്മാനം എന്ന ക്യാപ്ഷനോടെ മുംബൈ പൊലീസ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റിന് താഴെ മികച്ച പ്രതികരണങ്ങളാണ് വരുന്നത്.
പോസ്റ്റിന് താഴെ നിരവധി പേര് നന്ദിയും സ്നേഹവും അറിയിച്ച് രംഗത്തെത്തി. സൂപ്പര്‍ബ് മൂവെന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. നമ്മുടെ ധീരരായ ഹീറോകള്‍ക്ക് സല്യൂട്ട് എന്ന് മറ്റൊരാള്‍ കമന്റ് ചെയ്യുന്നു. അതേസമയം, മറ്റൊരാള്‍ തനിക്ക് ഇതുവരെ നഷ്ടമായ ഫോണ്‍ കിട്ടിയില്ലായെന്നും അടുത്ത ദീപാവലി വരെ കാത്തിരിക്കണോ എന്നും ചോദിച്ചു.
'മുംബൈക്കാരുടെ ജീവിതത്തില്‍ സന്തോഷം നിറയ്ക്കുന്ന നഷ്ടപ്പെട്ടതും മോഷ്ടിക്കപ്പെട്ടതുമായ വസ്തുക്കള്‍ കണ്ടെത്തി തിരികെ നല്‍കുന്നതിനുള്ള സമര്‍പ്പിത കാമ്പെയ്നിന്റെ ഭാഗമായി ഡിസിപി സോണ്‍ 6, ഇന്ന് വീണ്ടെടുത്ത വിലപിടിപ്പുള്ള വസ്തുക്കള്‍ അവയുടെ യഥാര്‍ത്ഥ ഉടമകള്‍ക്ക് കൈമാറി' പോസ്റ്റില്‍ പറയുന്നു.
Content Highlights- Diwali surprise by Mumbai Police returning over 800 stolen phones to their owners