ഫോണുകളില്ല, അതിരുകളില്ലാത്ത സൗഹൃദകാഴ്ചകള്‍; ഇൻഫോസിസ് കാൻ്റീനിലെ 90കളിലെ ദൃശ്യങ്ങൾ എന്ന നിലയിലുള്ള വീഡിയോ വൈറൽ

ഒരു കൂട്ടം യുവ ഐടി പ്രൊഫഷണലുകൾ വിശ്രമ സമയത്ത് സംസാരിക്കുന്നതും ചിരിക്കുന്നതും ഈ വീഡിയോയിൽ വ്യക്തമാണ്

ഫോണുകളില്ല, അതിരുകളില്ലാത്ത സൗഹൃദകാഴ്ചകള്‍; ഇൻഫോസിസ് കാൻ്റീനിലെ 90കളിലെ ദൃശ്യങ്ങൾ എന്ന നിലയിലുള്ള വീഡിയോ വൈറൽ
dot image

ജോലി സ്ഥലത്തെ ഭക്ഷണ ഇടവേളകളുടെ ​ഗൃഹാതുരത ഉണർ‌ത്തുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഒരുമിച്ചിരുന്ന് സംസാരിച്ചിരുന്ന ഭക്ഷണം പങ്കിട്ട് കഴിച്ചിരുന്ന ജോലി സ്ഥലത്തെ ഇടവേളകൾ നമ്മുടെ ജീവിത പരിസരത്ത് നിന്ന് മറഞ്ഞിട്ട് രണ്ട് പതിറ്റാണ്ടോളമാകുന്നു. ഇപ്പോൾ ജോലി സ്ഥലത്തെ ഇത്തരം ഇടവേളകളിൽ പരസ്പരം സംസാരിക്കാതെ മൊബൈൽ ഫോണിലേയ്ക്ക് തലപൂഴ്ത്തിയിരിക്കുന്നവരെ മാത്രമാകും ജോലി സ്ഥലങ്ങളിൽ ഭൂരിപക്ഷവും കാണാൻ സാധിക്കുകയുള്ളു. ഇന്ന് ജോലി സ്ഥലങ്ങളിലെ ഭൂരിപക്ഷം ക്യാൻ്റീനുകളിലും വിശ്രമമുറികളിലും കഥ ഇതുതന്നെയാവും.

ഈ പശ്ചാത്തലത്തിലാണ് 1990കളിൽ ബെം​ഗളൂരുവിലെ കാൻ്റീനിൽ നിന്ന് പകർത്തിയതെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ സോഷ്യൽ മീഡയിൽ വൈറലാകുന്നത്. '1990കളിൽ ബാം​ഗ്ലൂരിലെ ഇൻഫോസിസ് കാന്റീനിൽ നിന്നുള്ള ദൃശ്യങ്ങൾ. ഇതിലെ മിക്കവാറും എല്ലാവരും ഒരുപക്ഷേ കോടീശ്വരന്മാരോ ഇന്ന് വിദേശത്ത് സ്ഥിരതാമസമാക്കിയിരിക്കുന്നവരോ ആകാം' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെയ്ക്കപ്പെട്ടിരിക്കുന്നത്. ഒരു കൂട്ടം യുവ ഐടി പ്രൊഫഷണലുകൾ വിശ്രമ ഇടവേളയുടെ സമയത്ത് സംസാരിക്കുന്നതും ചിരിക്കുന്നതും ഈ വീഡിയോയിൽ വ്യക്തമാണ്. ഇപ്പോൾ പങ്കുവെയ്ക്കപ്പെട്ടിരിക്കുന്ന വീഡിയോയുടെ ആധികാരികത വ്യക്തമല്ല. പക്ഷെ ഐടി ജീവനക്കാർ അടക്കം ഇത് വ്യാപകമായി ഷെയർ ചെയ്യുന്നുണ്ട്.

നാല് ദശലക്ഷത്തിലധികം പേരാണ് ഇതിനകം ഈ വീഡിയോ കണ്ടിരിക്കുന്നത്. നിരവധി പ്രതികരണങ്ങളും ഈ വീഡിയോയുടെ ഭാ​ഗമായി വന്നിട്ടുണ്ട്. 'എത്ര മികച്ചത്! എല്ലാവരും റിലാക്സ്ഡ് ആണ്. കാണപ്പെടുന്നു. എല്ലാവരും. കൈകളിൽ ഫോണും ഇല്ല. എല്ലാ ഉയർന്ന മധ്യവർഗത്തിനും പ്രതീക്ഷ ഉണ്ടായിരുന്ന സുവർണ്ണ ദിനങ്ങൾ' എന്നായിരുന്നു ഒരു ഉപയോക്താവ് കുറിച്ചത്. 'സാങ്കേതിക വിപ്ലവത്തിൻ്റെ രൂപീകരണത്തിലേക്കുള്ള ഒരു നേർക്കാഴ്ചയാണിത്' എന്നായിരുന്നു മറ്റൊരു ഉപയോക്താവ് കുറിച്ചത്.

1981-ൽ എൻ ആർ നാരായണ മൂർത്തിയും ആറ് സഹസ്ഥാപകരും ചേർന്ന് സ്ഥാപിച്ച ഇൻഫോസിസ് ജീവനക്കാ‍ർക്ക് സ്റ്റോക്ക് ഓപ്ഷനുകൾ അവതരിപ്പിച്ച ആദ്യകാല ഇന്ത്യൻ സ്ഥാപനങ്ങളിൽ ഒന്നാണ്. 'സോഫ്റ്റ്‌വെയർ സേവന പ്രതിഭകളുടെ ആഗോള ലക്ഷ്യസ്ഥാനമായി ഇന്ത്യ ഉയർന്നുവരുന്നതിന് കാരണമായ ചില പ്രധാന മാറ്റങ്ങൾക്ക് ഞങ്ങൾ ഉത്തേജനം നൽകിയെന്ന്' അവരുടെ ഔദ്യോ​ഗിക വെബ്സൈറ്റിൽ ഇൻഫോസിസ് അവകാശപ്പെടുന്നുണ്ട്. നാസ്ഡാക്കിൽ ലിസ്റ്റുചെയ്ത ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ ഐടി കമ്പനിയാണ് ഇൻഫോസിസ്.

Content Highlights: Old video of Infosys canteen shows IT life in 1990s, leaves internet nostalgic

dot image
To advertise here,contact us
dot image