

പത്തനംതിട്ട: അടൂരിൽ സിപിഐ സ്ഥാനാർത്ഥി പ്രിജി ശശിധരന്റെ പേരിനെ ചൊല്ലി വിമർശന മുന്നയിച്ച കോൺഗ്രസ് നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് മറുപടിയുമായി എഐവൈഎഫ് ജില്ലാ സെക്രട്ടറി എസ് അഖിൽ. ഒരു സ്ത്രീ അച്ഛന്റേയും ഭർത്താവിന്റെയും പേരുകൾ ചേർത്ത് ഉപയോഗിക്കുന്നത് കേരള സമൂഹത്തിൽ അത്ഭുതമല്ലെന്നും അതിനെ രാഷ്ട്രീയ കുപ്രചരണമായി വളച്ചൊടിക്കുന്നത് രാഷ്ട്രീയ ദാരിദ്ര്യത്തിന്റെ തെളിവാണെന്നും അഖിൽ ഫേസ്ബുക്കിൽ കുറിച്ചു.
കണ്ണൻ എന്നുള്ളത് പ്രിജിയുടെ ഭർത്താവിന്റെയും ശശിധരൻ എന്നത് പ്രിജിയുടെ അച്ഛന്റെയും പേരാണ്. ഉയർത്തുന്നത് വ്യാജ ആരോപണങ്ങളാണെന്നും അഖിൽ വ്യക്തമാക്കി. ഈ വിഷയത്തിൽ പ്രതികരിക്കാൻ വന്നിരിക്കുന്ന ശ്രീനാദേവി ആദ്യം സ്വന്തം രാഷ്ട്രീയ ധാർമികതയെക്കുറിച്ച് സമൂഹത്തോട് വിശദീകരിക്കേണ്ടതുണ്ടെന്നും വ്യാജ വിലാസത്തിൽ വോട്ട് ചേർത്ത് തെരഞ്ഞെടുപ്പിനെ നേരിട്ട ആളാണ് ശ്രീനാദേവി എന്ന കാര്യം പൊതുസമൂഹം മറന്നിട്ടില്ലെന്നും അഖിൽ ആരോപിച്ചു.
അടൂർ നിയോജക മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി പ്രിജി കണ്ണൻ എന്ന പേരിനെ ചുറ്റിപ്പറ്റി ചിലർ സൃഷ്ടിക്കാൻ ശ്രമിക്കുന്ന വിവാദങ്ങൾ കാണുമ്പോൾ ഒരു കാര്യം വ്യക്തമാണ് സത്യത്തേക്കാൾ പ്രചാരണം അവർക്ക് പ്രധാനമാണെന്ന് അഖിൽ പറയുന്നു. കേരളം മുഴുവൻ അറിയുന്ന വ്യാജപ്രചാരണങ്ങളുടെ മുഖമായി മാറിയ രാഹുൽ മാങ്കൂട്ടത്തിലിന് ഇടതുപക്ഷത്തിനെതിരെ പിന്തുണ നൽകിയ വ്യക്തിയാണ് ശ്രീനാദേവി. ഇപ്പോൾ അവർ ചോദ്യം ചെയ്യാൻ ശ്രമിക്കുന്നത് ഒരു പെൺകുട്ടിയുടെ പേരിനെയാണ്. 'പ്രിജി ശശിധരൻ'എന്ന പേരിലെ ശശിധരൻ അവരുടെ അച്ഛന്റെ പേരാണ്. 'കണ്ണൻ'എന്നത് വിദ്യാർത്ഥി സംഘടന പ്രവർത്തനകാലത്ത് പരിചയപ്പെട്ട്, പ്രണയിച്ച് വിവാഹം ചെയ്ത അന്നത്തെ എഐഎഎസ്എഫ് നേതാവും ഇന്ന് എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗവുമായ കണ്ണന്റെ പേരുമാണ്. ഒരു സ്ത്രീ തന്റെ അച്ഛന്റെയും ഭർത്താവിന്റെയും പേരുകൾ ചേർത്ത് ഉപയോഗിക്കുന്നത് കേരള സമൂഹത്തിൽ അപൂർവമോ അത്ഭുതമോ അല്ല. അതിനെ രാഷ്ട്രീയ കുപ്രചരണമായി വളച്ചൊടിക്കുന്നത് ദൗർഭാഗ്യകരമായ രാഷ്ട്രീയ ദാരിദ്ര്യത്തിന്റെ തെളിവാണെന്നും അഖിൽ ഫേസ്ബുക്കിൽ കുറിച്ചു.
എം ജി കണ്ണൻ എന്ന പേര് ഉച്ചരിക്കാൻ ഇന്ന് കോൺഗ്രസിന് എന്ത് ധാർമിക അവകാശമാണുള്ളതെന്നും അഖിൽ ചോദിച്ചു. അടൂരിന്റെ ജനനേതാവായിരുന്ന എം ജി കണ്ണൻ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ട കാലത്ത് അദ്ദേഹത്തിനും കുടുംബത്തിനും വേണ്ടി കോൺഗ്രസ് നൽകിയ സഹായം എത്രയാണ്?. കോടികൾ കടമായി കയറിയ അവസ്ഥയിൽ കഴിഞ്ഞിരുന്ന ആ കുടുംബത്തിനായി കോൺഗ്രസ് നൽകിയ സഹായത്തിന്റെ തുക പൊതുസമൂഹത്തിന് മുന്നിൽ തുറന്നു പറയാനുള്ള ധൈര്യം അവർക്കുണ്ടോ?. എം ജി കണ്ണൻ അടൂരിന്റെ ജനങ്ങൾ ഹൃദയത്തിൽ ഏറ്റെടുത്ത നേതാവായിരുന്നു. ജീവിതത്തിന്റെ കഠിന സാഹചര്യങ്ങൾക്കിടയിലും വിദ്യാർത്ഥി രാഷ്ട്രീയത്തിലും യുവജന രാഷ്ട്രീയത്തിലും പോരാടി വളർന്ന ഒരാളായിരുന്നു അദ്ദേഹം. അങ്ങനെ തന്നെ വിദ്യാർത്ഥി സംഘടനാകാലം മുതൽ പോരാട്ടങ്ങളിലൂടെ വളർന്നുവന്ന ഒരു യുവ നേതാവാണ് പ്രിജി കണ്ണൻ. സൗകര്യങ്ങളുടെ വഴിയല്ല, ത്യാഗങ്ങളുടെ വഴിയാണ് അവർ നടന്നത്. വളഞ്ഞ വഴികളിലൂടെയോ വ്യാജ വിലാസങ്ങളിലൂടെയോ അധികാരത്തിലേക്ക് എത്തിയവർക്ക് അത്തരമൊരു ജീവിതയാത്ര മനസ്സിലാകാത്തത് സ്വാഭാവികമാണെന്നും അഖിൽ വ്യക്തമാക്കി.
മുൻപ് സ്ഥാനാർത്ഥിയുടെ ഫേസ്ബുക്ക് പ്രൊഫൈലിൽ പേരിനൊപ്പം ശശിധരൻ എന്നായിരുന്നു ചേർത്തിരുന്നതെന്നും അത് പിന്നീട് 'കണ്ണൻ' എന്ന് മാറ്റുകയായിരുന്നുവെന്നുമാണ് ശ്രീനാദേവി കുഞ്ഞമ്മയുടെ ആരോപണം. അന്തരിച്ച കോൺഗ്രസ് നേതാവായിരുന്ന എം ജി കണ്ണന്റെ ഭാര്യ എന്ന തെറ്റിദ്ധാരണ ഉണ്ടാക്കാൻ വേണ്ടിയാണ് പേര് മാറ്റമെന്നും ഇക്കാര്യത്തിൽ സിപിഐക്ക് തെറ്റുപറ്റിയെന്നും ശ്രീനാദേവി കുഞ്ഞമ്മ കുറ്റപ്പെടുത്തിയിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ശ്രീനാദേവി കുഞ്ഞമ്മയുടെ പ്രതികരണം.
Content Highlights: AIYF district secretary S Akhil criticized Sreenadevi Kunjamma on her allegation against CPI candidate Priji Kannan