
തമിഴ്നാട്ടിലെ കരൂരില്‍ നടന് വിജയ്യുടെ തമിഴക വെട്രി കഴകം(ടിവികെ) പാര്‍ട്ടി റാലിക്കിടെയുണ്ടായ ദുരന്തം രാജ്യത്തെയാകെ ഞെട്ടിച്ചതാണ്. കരൂര്‍ ദുരന്തത്തിന് പിന്നാലെ വിജയ്ക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ടിവികെയുടെ പരിപാടിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 41 പേര്‍ക്കാണ് ജീവന് നഷ്ടമായത്. നിശ്ചയിച്ചതിലും ആറ് മണിക്കൂര്‍ വൈകി വൈകിട്ട് ഏഴ് മണിയോടെയായിരുന്നു വിജയ് പരിപാടിക്ക് എത്തിയത്. ഈ സമയമത്രയും ഭക്ഷണവും വെള്ളവുമില്ലാതെ ആളുകള്‍ കാത്തുനിന്നു. പിന്നാലെയാണ് രാജ്യത്തെ നടുക്കിയ ദുരന്തമുണ്ടായത്. അപകടത്തില്‍ പരിക്കേറ്റവരുടെയും ബന്ധുകളുടെയും നിരവധി പ്രതികരണങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. അത്തരത്തില്‍ ടിവികെ റാലിക്കിടയില്‍ പരിക്കേറ്റ ഒരു കുട്ടിയുടെയും പിതാവിന്റെയും വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഒരേ സമയം കാണികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നതാണ് വീഡിയോ. തമിഴ് ജനതയുടെ അതിരു വിട്ട താരാരാധനയെ പറ്റിയുള്ള ചര്‍ച്ചകള്‍ക്കും വീഡിയോ കാരണമായി.
എന്താണ് വീഡിയോയില്‍ പറയുന്നത് ?
പരിക്കേറ്റ ഒരു കുട്ടിയെയും പിതാവിനെയുമാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. കുട്ടിയുടെ പരിക്കുകള്‍ ടിവികെ റാലിക്കിടയില്‍ ഉണ്ടായതാണെന്നാണ് വീഡിയോയില്‍ പറയുന്നു. വീഡിയോയില്‍ അപകടത്തെ പറ്റിയുള്ള മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ഉത്തരം നല്‍കുകയാണ് പിതാവ്. മകന് ടിവികെ പരിപാടിക്ക് വീട്ടില്‍ പറഞ്ഞിട്ടാണോ പോയതെന്ന ചോദ്യത്തിന് ഇല്ല , ഞങ്ങള്‍ക്കറിയില്ല. എന്റെ അളിയന് ആണ് കൂട്ടികൊണ്ട് പോയത്. ആ കൂട്ടത്തിരക്കില്‍ പെട്ട് ആണ് മകന് ഇങ്ങനെ ആയതെന്ന് പിതാവ് പറയുന്നു. നിങ്ങള്‍ അറിഞ്ഞിരുന്നെങ്കില്‍ പോകേണ്ട എന്നു പറഞ്ഞിട്ടുണ്ടാകുമല്ലേയെന്ന് പിന്നാലെ മാധ്യമ പ്രവര്ത്തകന് ചോദിക്കുന്നു. ഇതിന് മറുപടിയായി 'ഇല്ല വിജയ് വരുമെന്ന് തന്നെ വൈകുന്നേരം ആണ് ഞാന്‍ അറിഞ്ഞത്. അളിയന് നേരത്തെ അറിയാമായിരുന്നു. അത് കൊണ്ട് ആണ് അവന് കൊണ്ട് പോയത് ഞാന്‍ അറിഞ്ഞിരുന്നെങ്കില്‍…………. ഞാനും പോയേനെ ' എന്ന് പിതാവ് മറുപടി നല്കുന്നു. പിതാവിന്റെ മറുപടിക്ക് പിന്നാലെ കുട്ടി ചിരിക്കുന്നതായി വീഡിയോയില്‍ കാണാന്‍ സാധിക്കും. വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്. ഒരേ സമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന വീഡിയോയാണ് ഇതെന്നും ഇനിയും ജനങ്ങള്‍ ദുരന്തത്തില്‍ നിന്ന് പാഠം പഠിച്ചിട്ടില്ലായെന്നും വീഡിയോയില്‍ പറയുന്നു.
സെപ്തംബര്‍ 27 ന് വൈകീട്ടായിരുന്നു രാജ്യത്തെ നടുക്കിയ ദുരന്തമുണ്ടായത്. ടിവികെയുടെ പരിപാടിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 41 പേര്‍ക്കാണ് ജീവന് നഷ്ടമായത്. നിശ്ചയിച്ചതിലും ആറ് മണിക്കൂര്‍ വൈകി രാത്രി ഏഴ് മണിയോടെയായിരുന്നു വിജയ് പരിപാടിക്ക് എത്തിയത്. വിജയ് പ്രസംഗം ആരംഭിച്ച് അല്പസമയം കഴിഞ്ഞപ്പോള്‍ തന്നെ ആളുകള്‍ തളര്‍ന്നുതുടങ്ങി. സ്ഥലത്തുണ്ടായിരുന്ന പൊലീസും ടിവികെ പ്രവര്‍ത്തകരും അടക്കമുള്ളവര്‍ ആളുകളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആദ്യ ദിനം 38 പേരായിരുന്നു മരിച്ചത്.
പിന്നീട് മൂന്ന് പേരുടെ മരണം കൂടി സ്ഥിരീകരിച്ചു. സംഭവത്തിന് പിന്നാലെ വിജയ് ചെന്നൈയിലെ വസതിയിലേക്കാണ് പോയത്. ഈ സമയം തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും മറ്റ് മന്ത്രിമാരും എംഎല്‍എമാരും സംഭവ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപയും പരിക്കേറ്റവരുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപയും സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു.
Content Highlights- Father's reaction to his son's injury during TVK program goes viral