
ട്വിറ്റര്‍ മുന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ചിരാഗ് അഗ്രവാളും ഇലോണ്‍ മസ്‌കിന്റെ എക്‌സും തമ്മിലുള്ള നിയമതര്‍ക്കങ്ങള്‍ ഒത്തുതീര്‍പ്പില്‍ എത്തിയതായി സൂചനകള്‍. ട്വിറ്റര്‍(എക്‌സ്) ഏറ്റെടുത്തതിന് പിന്നാലെ പരാഗ് അഗ്രവാള്‍ അടക്കം നാല് ഉയര്‍ന്ന ഉദ്യോഗസ്ഥരെ മസ്‌ക് പിരിച്ചുവിട്ടിരുന്നു.
തങ്ങള്‍ക്ക് പിരിച്ചുവിടല്‍ ഡെപ്പോസിറ്റ് തുക(severance payments) നല്‍കിയിട്ടില്ലെന്ന് കാണിച്ച് ഇവര്‍ 128 മില്യണ്‍ ഡോളര്‍(1136 കോടി) ആവശ്യപ്പെട്ടുകൊണ്ട് കേസ് ഫയല്‍ ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട നിയമനടപടികളാണ് ഇപ്പോള്‍ ഒത്തുതീര്‍പ്പിലേക്ക് എത്തിയിരിക്കുന്നത്.
പരാഗ് അഗ്രവാളിനൊപ്പം ട്വിറ്ററിന്റെ മുന്‍ ടോപ് ലീഗല്‍ ആന്റ് പോളിസി ഒഫീഷ്യലായ വിജയ ഗദ്ദേ, മുന്‍ ചീഫ് ഫിനാഷ്യല്‍ ഓഫീസര്‍ നെഡ് സെഗാള്‍, മുന്‍ ജനറല്‍ കൗണ്‍സില്‍ ഷീന്‍ എഡ്‌ജെറ്റ് എന്നിവരാണ് കേസ് ഫയല്‍ ചെയ്തിരുന്നത്.
ഒത്തുതീര്‍പ്പിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. എന്നാല്‍ മസ്‌കും എക്‌സും പരാഗ് അഗ്രവാളിൻ്റെയും മറ്റുള്ളവരുടെയും ആവശ്യങ്ങള്‍ അംഗീകരിച്ചു എന്നാണ് വരുന്ന വിവരം. 'ഇരു പാര്‍ട്ടികളും ഒത്തുതീര്‍പ്പിലേക്ക് എത്തിച്ചേര്‍ന്നിട്ടുണ്ട്. അതിന്റെ ഭാഗമായുള്ള കാര്യങ്ങളില്‍ ചിലത് വൈകാതെ തന്നെ നടപ്പിലാകും,' എന്നാണ് അഭിഭാഷക സംഘത്തിലെ ഒരാളെ ഉദ്ധരിച്ച് വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അടുത്തിടെ 6000 മുന്‍ ട്വിറ്റര്‍ എംപ്ലോയീസ് നല്‍കിയ 500 മില്യണ്‍ ഡോളറിന്റെ മറ്റൊരു കേസും എക്‌സ് കമ്പനി ഒത്തുതീര്‍പ്പിലെത്തിച്ചിരുന്നു. പിരിച്ചുവിടല്‍ ഡെപ്പോസിറ്റ് തുക നല്‍കാത്തത് തന്നെയായിരുന്നു ഇവരുടെയും പ്രശ്‌നം.
2022ലാണ് ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുക്കുകയും എക്‌സ് ആയി പുനര്‍നാമകരണം ചെയ്യുകയും ചെയ്തത്. ഇതിന് തൊട്ടുപിന്നാലെ ആയിരക്കണക്കിന് തൊഴിലാളികളെ കൂട്ടമായി പിരിച്ചുവിട്ടിരുന്നു. തുടര്‍ന്ന് മസ്‌ക് തൊഴില്‍ നിയമങ്ങളും തൊഴിലാളി അവകാശങ്ങളും ലംഘിച്ചുവെന്ന് കാണിച്ച് നിരവധി പേരാണ് കോടതികളെ സമീപിച്ചത്.
Content Highlights: Elon Musk and X company reaches a settlement in Parag Agrawal's 128 million dollar lawsuit