വീട് വൃത്തിയാക്കുമ്പോൾ മറന്നുപോകുന്ന അഞ്ച് ഇടങ്ങൾ; ഇവ അണുക്കളുടെ ഹോട്ട്‌സ്‌പോട്ടുകൾ

വീട്ടിലെ ശ്രദ്ധിക്കപ്പെടാത്ത ഇടങ്ങൾ അണുക്കളുടെ ആവാസകേന്ദ്രമായി മാറുകയും രോഗങ്ങൾ പരക്കാൻ കാരണമാകുകയും ചെയ്യുന്നു

വീട് വൃത്തിയാക്കുമ്പോൾ മറന്നുപോകുന്ന അഞ്ച് ഇടങ്ങൾ; ഇവ അണുക്കളുടെ ഹോട്ട്‌സ്‌പോട്ടുകൾ
dot image

നമ്മുടെ വീടുകളിൽ അഴുക്ക് ഒളിഞ്ഞിരിക്കുന്ന ഇടങ്ങൾ അറിയാമോ? ശുചിമുറി, അടുക്കളയിൽ പത്രം കഴുകുന്ന സ്ഥലം തുടങ്ങിയ ഇടങ്ങൾ മാത്രമാണോ അണുക്കളുടെ ആവാസ ഇടങ്ങൾ? എന്നാൽ അങ്ങനെ അല്ല.

അണുക്കൾ ഒളിച്ചിരിക്കുന്ന, നമ്മുടെ ശ്രദ്ധ എത്താത്ത, ശുചിയാണ് എന്ന് നമ്മൾ തെറ്റിധരിച്ചിരിക്കുന്ന ഇടങ്ങൾ ആണവ. അത് ഏതെല്ലാം എന്നല്ലേ.

Cleaning house

അടുക്കളയിലെ സ്പോഞ്ച്

പാത്രം കഴുകാൻ ഉപയോഗിക്കുന്ന സ്പോഞ്ച് അല്ലെങ്കിൽ തുണി, അത് അണുവിമുക്തമാണ് എന്നാണോ കരുതുന്നത്. എന്നാൽ അല്ല. ഏറ്റവും കൂടുതൽ അണുക്കൾ സഹവസിക്കുന്ന ഒരിടമാണ് ഇവ. പത്രം കഴുകുമ്പോൾ ഭക്ഷ്യവസ്തുക്കൾ ഈ സ്പോഞ്ചിന്റെ അല്ലെങ്കിൽ തുണിയുടെ ഇഴകളിൽ പറ്റിപ്പിടിച്ചിരിക്കും. അതുപോലെ സോപ്പിന്റെ അംശങ്ങളും. മാത്രവുമല്ല ഏറ്റവും കൂടുതൽ ഈർപ്പം തിങ്ങിനിൽക്കുന്ന ഒരു വസ്തുകൂടിയാണ് ഇവ. ഇത് അണുക്കൾക്ക് സ്വസ്ഥമായി വളരാനുള്ള സാഹചര്യം ഒരുക്കുന്നു.

ഈ സ്പോഞ്ച് അണുവിമുക്തമാക്കാൻ എന്തുചെയ്യാം? ഇതിനായി ആദ്യം ചെയ്യേണ്ടത് പാത്രം കഴുകാൻ ഉപയോഗിക്കുന്ന വസ്തുക്കൾ 15 ദിവസം കൂടുമ്പോൾ മാറ്റുക എന്നതാണ്. രണ്ടാമതായി നനഞ്ഞ സ്പോഞ്ച് അല്ലെങ്കിൽ തുണി 1-2 മിനിറ്റ് നേരം മൈക്രൊവേവ് ചെയ്യുകയോ വെള്ളത്തിൽ ഇട്ട് തിളപ്പിക്കുകയോ ചെയ്യുക. ഇത് ബാക്റ്റീരിയകളെ ഉന്മൂലനം ചെയ്യുന്നതിന് സഹായിക്കും. കൂടാതെ ഓരോ തവണയും ഇവ ഉപയോഗിച്ചത്തിന് ശേഷം ഉണക്കാൻ ശ്രമിക്കുക. ഇതെല്ലാം ചെയ്യുക വഴി ഒരു പരിധിവരെ പാത്രം കഴുകുന്ന വസ്തുക്കളെ അണുവിമുക്തമാക്കാൻ സഹായിക്കും.

Kitchen sponge

റിമോട്ടുകൾ

ടിവി, ഫാൻ എന്നിവയുടെ റിമോട്ടുകൾ എത്ര തവണ നിങ്ങൾ കൈയിൽ എടുക്കാറുണ്ട്? അവ തീർത്തും ശുചിയാണ് എന്നായിരിക്കും മിക്കവരും കരുതുന്നത്. എന്നാൽ അങ്ങനെ അല്ല. നല്ലൊരു ശതമാനം അണുക്കൾക്കും അഭയം കൊടുക്കുന്ന ഒരിടമാണ് റിമോട്ടുകൾ. ഫീക്കൽ ബാക്ടീരിയ, ജലദോഷം പോലെയുള്ള രോഗങ്ങൾക്ക് കാരണമാകുന്ന കോൾഡ് വൈറസ് തുടങ്ങിയവയാണ് പ്രധാനമായും റിമോട്ടുകളിൽ കാണപ്പെടുന്നത്.

റിമോട്ടുകൾ അണുവിമുക്തമാക്കാൻ ചെയ്യേണ്ടത് രണ്ട് കാര്യങ്ങൾ മാത്രം. ഒന്ന് അണുനാശിനി ഉപയോഗിച്ച് റിമോട്ടുകൾ നിത്യവും തുടക്കുക. രണ്ട് റിമോട്ടുകൾ ഉപയോഗിക്കുന്നതിന് മുൻപും ശേഷവും കൈകൾ നന്നായി കഴുകുക.

TV remote usage

സ്വിച്ചുകളും വാതിൽ പിടികളും

ലൈറ്റിന്റെ സ്വിച്ചുകൾ ഒരു ദിവസത്തിൽ എത്ര തവണ ഉപയോഗിക്കാറുണ്ട് എന്ന് ചോദിച്ചാൽ ആർക്കും വ്യക്തമായ ഒരു ധാരണ കാണില്ല. അതുപോലെ വാതിൽ പിടികളുടെ കാര്യവും. ദിവസത്തിൽ എത്ര തവണ വാതിൽ അടക്കാനും തുറക്കാനും വാതിൽ പിടികൾ ഉപയോഗിക്കുന്നു! എന്നാൽ ഇവയിൽ ആയിരക്കണക്കിന് അണുക്കൾ ഉണ്ട് എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? സ്വിച്ചുകളിളും വാതിൽ പിടികളിളും അണുനാശിനി ഉപയോഗിക്കുക. വീട് വൃത്തിയാക്കുമ്പോൾ ദിവസേന എന്ന പോലെ ഇവയും വൃത്തിയാക്കാൻ മറക്കരുത്.

Using door handles and switches

ടൂത്ത് ബ്രഷ് ഹോൾഡർ

ആരോഗ്യ പരിരക്ഷണത്തിന്റെ ഭാഗമായാണ് ടൂത്ത് ബ്രഷ് ഉപയോഗിക്കുന്നത്. എന്നാൽ അത് വെച്ചിരിക്കുന്ന സ്ഥലം അണുവിമുക്തമാണോ? അല്ല എന്നാണ് ഗവേഷണങ്ങൾ പറയുന്നത്. ബാക്റ്റീരിയകൾക്ക് സുഖമായി കഴിയാൻ സാധിക്കുന്ന ഇടമാണത്രെ ടൂത്ത് ബ്രഷ് ഹോൾഡറുകൾ. ഇവയിൽ ഈർപ്പം ഉണ്ടാകാതെ സൂക്ഷിക്കുകയാണ് അണുവിമുക്തമാക്കാൻ ചെയ്യാവുന്ന ഒരേയൊരു പ്രതിവിധി.

Tooth brush holder

വാഷിംഗ് മെഷീൻ റബ്ബർ സീൽ

വസ്ത്രം കഴുകാൻ ഉപയോഗിക്കുന്ന വാഷിംഗ് മെഷീൻ വൃത്തിയാക്കാറുണ്ടോ? ഇല്ലെങ്കിൽ അതും അണുക്കളുടെ ആവാസകേന്ദ്രമായി മാറും. ഓരോ തവണ വസ്ത്രം കഴുകിക്കഴിയുമ്പോൾ മെഷീന്റെ റബ്ബർ സീലിൽ അഴുക്കും സോപ്പിന്റെ അംശവും കൂടാതെ ഈർപ്പവും നിലനിൽക്കും. ഇത് ഫംഗസ് വളരാനുള്ള സാധ്യത വർധിപ്പിക്കുന്നു.

cleaning washing machine

ഓരോ തവണയും വാഷിംഗ് മെഷീൻ ഉപയോഗിച്ച ശേഷം റബ്ബർ സീൽ ഉണങ്ങിയ തുണി ഉപയോഗിച്ച് വൃത്തിയാക്കണം. മാസത്തിൽ ഒരിക്കൽ ചൂടുവെള്ളത്തിൽ വിനാഗിരി ചേർത്ത് മെഷീൻ നന്നായി കഴുകുകയും ചെയ്യുന്നത് അണുക്കളെ അകറ്റാൻ സഹായിക്കും.

Content Highlights: There are five secret places inside houses where germs hide and spread diseases.

dot image
To advertise here,contact us
dot image