
ഇന്ത്യൻ വംശജരുടെ സ്വപ്ന രാജ്യമാണ് യുഎസ്. നിരവധി ഇന്ത്യക്കാരാണ് യുഎസിലേക്ക് കുടിയേറിയിരിക്കുന്നത്. ഇന്ത്യൻ ടെക്കികളും ഡോക്ടർമാരുമാണ് ഇതിൽ കൂടുതൽ. കുടുംബവുമായും അല്ലാതെയും പോയവർ നിരവധിയുണ്ട്. എന്നാൽ യുഎസിലെ ജീവിതം അത്ര സുഖകരമല്ല എന്നും പക്ഷെ ഇന്ത്യയിലേക്ക് തിരിച്ചുപോകാതിരിക്കാൻ തനിക്ക് ഒരുപാട് കാരണങ്ങളുണ്ട് എന്നും പറയുകയാണ് ഒരു കണ്ടന്റ് ക്രിയേറ്റർ.
ഫാക്ച്വൽ അനിൽ ഇൻ ആക്ച്വൽ യുഎസ് എന്ന കണ്ടന്റ് ക്രിയേറ്ററാണ് രസകരമായ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയിൽ വീട്ടുജോലികൾ ചെയ്തുകൊണ്ടിരിക്കുമ്പോൾ ഇദ്ദേഹത്തിന് പൊടുന്നനെ അമർഷവും ദേഷ്യവും തോന്നുകയാണ്. എന്ത് ജീവിതമാണിത് എന്ന് തോന്നുകയാണ്.
പൊടുന്നനെ അനിൽ മുൻപിലുള്ള ഒരു ചിത്രം നോക്കുന്നു. അതിൽ ഇന്ത്യയിലേക്ക് എന്തുകൊണ്ട് തിരിച്ചുപോകേണ്ട എന്നതിന് ചില കാരണങ്ങൾ എഴുതിയിട്ടുണ്ട്. ആ കാരണങ്ങൾ ഇങ്ങനെയാണ്. മലിനീകരണം, മോശം അടിസ്ഥാന സൗകര്യങ്ങൾ, ജോലിഭാരം, കടം, തൊഴിലില്ലായ്മ, കുറഞ്ഞ കൂലി, ഉയർന്ന ജീവിതച്ചെലവ്, ജീവിത നിലവാരം എന്നവയാണവ. ഇന്ത്യയിൽ ഒരു സാധാരണ പൗരൻ അനുഭവിക്കേണ്ടിവരുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണ് എന്നും അവിടെ നിന്നാൽ രക്ഷയില്ല എന്നും അനിൽ രസകരമായി പറഞ്ഞുതരുന്നുണ്ട്.
നിരവധി കമന്റുകളാണ് അനിലിന്റെ വീഡിയോയ്ക്ക് താഴെ വരുന്നത്. അനിൽ പറയുന്നത് സത്യമാണ് എന്നും ഇന്ത്യക്ക് പുറത്ത് ജീവിക്കുന്നയാൾക്ക് എങ്ങനെയാണ് നമ്മുടെ സർക്കാരുകൾ നമ്മളെ കബളിപ്പിച്ചത് എന്ന് മനസിലാകുമെന്നുമാണ് ഒരു യൂസർ പറയുന്നത്. ഇന്ത്യയിൽ ഈ പ്രശ്നങ്ങൾ കാലാകാലമായി ഉള്ളതാണെന്നും ചിലർ പറയുന്നു. എന്നാൽ ഏറ്റവും നല്ല ജീവിതം സ്വന്തക്കാരുടെ ഒപ്പം ഉള്ളതാണെന്നും ഇന്ത്യ തന്നെയാണ് ഇപ്പോഴും മികച്ചത് എന്ന് പറയുന്നവരുമുണ്ട്.
Content Highlights: man shares why he wont leave us to india with reasons