Top

ഗൗരി ലങ്കേഷ് എന്തുകൊണ്ട് കൊല്ലപ്പെട്ടു?; ഒരു യുവ എഞ്ചിനീയറുടെ ആത്മീയന്വേഷണം ഭീകരവാദത്തിലേക്ക് എത്തിയ വഴി

പ്രതികളെ ചോദ്യം ചെയ്യലില്‍ ഏറ്റവും ദുഷ്‌കരം അമോല്‍ കാലെയുടേതായിരുന്നെന്ന് എസ്‌ഐടി വ്യക്തമാക്കുന്നുണ്ട്.

5 Sep 2022 5:38 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഗൗരി ലങ്കേഷ് എന്തുകൊണ്ട് കൊല്ലപ്പെട്ടു?; ഒരു യുവ എഞ്ചിനീയറുടെ ആത്മീയന്വേഷണം ഭീകരവാദത്തിലേക്ക് എത്തിയ വഴി
X

ബെംഗളുരു: 2017 സെപ്റ്റംബര്‍ അഞ്ചിന് രാത്രിയാണ് ബെംഗളുരു നഗരത്തെ നടുക്കികൊണ്ട് മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടു എന്ന വാര്‍ത്ത മാധ്യമങ്ങള്‍ പുറത്തു വിട്ടത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ തീവ്ര ഹിന്ദുത്വത്തിന്റേയും ജാതി വിവേചനത്തിന്റേയും രൂക്ഷ വിമര്‍ശകയായിരുന്നതാണ് ഭീകരവാദികള്‍ ഗൗരിയുടെ ജീവനെടുക്കാന്‍ കാരണമായതെന്ന കണ്ടെത്തലുണ്ടായി.

തീവ്രഹിന്ദുത്വ സംഘടനകളുമായി ബന്ധമുള്ളവരെ പൊലീസ് പിടികൂടി. അമോല്‍ കാലെ എന്ന യുവാവാണ് മുഖ്യപ്രതി. പരശുറാം വാഗ്മൊറെ, അമിത് ദെഗ്‌വെകര്‍, സുജിത് കുമാര്‍, ഗണേഷ് മിസ്‌കിന്‍, അമിത് ബഡ്ഡി, ഭരത് കുരനെ, എച്ച് എല്‍ സുരേഷ്, രാജേഷ് ബംഗേര, സുധന്‍വ ഗൊന്ദലെകര്‍, ശരത് കലാസ്‌കര്‍, മോഹന്‍ നായക്, വാസുദേവ് സൂര്യവംശി, മനോഹര യാദവെ, ശ്രീകാന്ത് പങ്കാര്‍കര്‍, നവീന്‍ കുമാര്‍, റിഷികേശ് ദ്യോദികര്‍, വികാസ് പാട്ടീല്‍ എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.

പൂനെയിലെ ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ മെക്കാനിക്കല്‍ എഞ്ചിനീയര്‍ ആയി ജോലി ചെയ്തു വരികയായിരുന്നു 23കാരനായ അമോല്‍ കാലെ. പൂണെയിലെ ഒരു ശിവക്ഷേത്രത്തില്‍ അമോല്‍ പ്രാര്‍ത്ഥനാ യോഗത്തിന് പോയിരുന്നു. അവിടെ വെച്ച് അയാള്‍ ഒരു ദമ്പതികളെ കണ്ടുമുട്ടി. ഹിന്ദുമതത്തേക്കുറിച്ചും പുരാണങ്ങളേക്കുറിച്ചും തുടങ്ങിയ സംഭാഷണങ്ങള്‍ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തേക്കുറിച്ചും പ്രയോഗത്തേക്കുറിച്ചുമുള്ള ആഴമേറിയ ചര്‍ച്ചകള്‍ക്ക് വഴിമാറി. 2003ല്‍ അമോല്‍ കാലെ ജോലി ഉപേക്ഷിച്ചു. പൂര്‍ണ ആത്മീയ ഹിന്ദു ജീവിതം സ്വീകരിക്കാന്‍ തീരുമാനിച്ചുകൊണ്ടായിരുന്നു ഇത്. അമോല്‍ ആത്മീയതയെക്കുറിച്ചുള്ള പുസ്തകങ്ങള്‍ വില്‍ക്കാന്‍ തുടങ്ങി. സത് സംഗ് എന്ന മത പരിപാടികളില്‍ പരമാവധി പങ്കെടുത്തു. ആക്രമണോത്സുക ഹിന്ദുത്വത്തെ പ്രോത്സാഹിപ്പിക്കുന്ന വിദ്വേഷ പ്രസംഗങ്ങളുടെ കേള്‍വിക്കാരനായി. അമോലിന്റെ ആത്മീയ അന്വേഷണ യാത്ര ചെന്നെത്തിയത് അക്രമത്തിന്റെ പാതയിലാണ്.

ഗൗരി ലങ്കേഷ് വധത്തിന്റെ ബുദ്ധി കേന്ദ്രം അമോല്‍ കാലെ ആണെന്നാണ് പ്രത്യേക അന്വേഷണ സംഘം ചൂണ്ടിക്കാണിക്കുന്നത്. 'ആരെങ്കിലും ഹിന്ദുമതത്തെ അവഹേളിക്കുന്ന രീതിയില്‍ എന്തെങ്കിലും പറഞ്ഞാല്‍ ഞാന്‍ വല്ലാതെ അസ്വസ്ഥനാകും. അത്തരക്കാര്‍ക്കെതിരെ അക്രമാസക്തമായ നടപടിയെടുക്കുന്നതിനെക്കുറിച്ച് എനിക്ക് ചിന്തയുണ്ടാകും' ഗൗരി ലങ്കേഷ് വധക്കേസില്‍ എസ്‌ഐടി സമര്‍പ്പിച്ച 10,000 പേജുള്ള കുറ്റപത്രത്തില്‍ അമോല്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതായി രേഖപ്പെടുത്തിയിരിക്കുന്നു.

യുക്തിവാദികളായ നരേന്ദ്ര ധബോല്‍കര്‍, ഗോവിന്ദ് പന്‍സാരെ കെ എസ് ഭഗവാന്‍ എന്നിവരെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയിലും അമോല്‍ കാലെക്ക് പങ്കുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍. ജയില്‍ മുറിയില്‍ മന്ത്രങ്ങള്‍ ഉരുവിട്ടിരുന്നെന്നും ചോദ്യം ചെയ്തപ്പോള്‍ ഉത്തരം നല്‍കാന്‍ വിസമ്മതിച്ചെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. പ്രതികളെ ചോദ്യം ചെയ്യലില്‍ ഏറ്റവും ദുഷ്‌കരം അമോല്‍ കാലെയുടേതായിരുന്നെന്ന് എസ്‌ഐടി വ്യക്തമാക്കുന്നുണ്ട്.ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നതിന് മുന്നേ പൂണെയില്‍ കുടുംബത്തോടൊപ്പം താമസിക്കുന്ന ഒരു സാധാരണ യുവ എഞ്ചിനീയര്‍ മാത്രമായിരുന്നു അമോല്‍. പുതിയ കൂട്ടുകാരിലൂടെ അമോല്‍ സനാതന്‍ സന്‍സ്ത സ്ഥാപകന്‍ ജയന്ത് ബാലാജി അതാവ്‌ലെ 1995ല്‍ പ്രസിദ്ധീകരിച്ച 'ക്ഷാത്ര ധര്‍മ്മ സാധന' ഉള്‍പ്പെടെയുള്ള പുസ്തകങ്ങള്‍ വായിക്കാന്‍ തുടങ്ങി. ഈ പുസ്തകം സമൂഹത്തെ 'ദുര്‍ജനം', 'സാധക്' എന്നിങ്ങനെ രണ്ട് ഭാഗങ്ങളായി തിരിച്ച് കാണിക്കുന്നു. 'ദുഷ്‌കൃത്യങ്ങള്‍' ചെയ്യുന്നവര്‍ 'ദുര്‍ജന്‍', 'ഹൈന്ദവ പാത പിന്തുടരുന്നവര്‍' 'സാധക്' ഗണത്തില്‍ പെട്ട വ്യക്തികളും.
രാഷ്ട്രദ്രോഹികള്‍, ദേശദ്രോഹികള്‍, ധര്‍മ്മദ്രോഹികള്‍ (ധര്‍മ്മത്തിനും മതത്തിനുമെതിരെ പ്രവര്‍ത്തിക്കുന്നവര്‍) എന്നിങ്ങനെ ദുര്‍ജനങ്ങല്‍ വലവിധമുണ്ട്. ജയന്ത് ബാലാജി അതാവ്‌ലെ ഒരു ഹിപ്‌നോട്ടിസ്റ്റായിരുന്നു. 'ദുര്‍ജന്‍' വിഭാഗത്തില്‍ പെട്ട വ്യക്തിയുടെ മനസിലുള്ള 'ദുഷ്ട ഊര്‍ജമാണ്' അവരെ മതത്തിനും രാജ്യത്തിനുമെതിരെ വഞ്ചന ചെയ്യാന്‍ പ്രേരിപിപ്പിക്കുന്നതെന്ന് അതാവ്‌ലെ വാദിച്ചു. പുസ്തകം പറയുന്നത് ദുഷ്ടശക്തി ഇല്ലാതാക്കാനുള്ള ഏക മാര്‍ഗം ദുര്‍ജന വ്യക്തികളെ കൊല്ലുക എന്നതാണ്. അല്ലാത്തപക്ഷം അവര്‍ സാധകന്മാരെ കൊന്ന് ഇവിടെ അവരുടെ അസുരരാജ്യം സ്ഥാപിക്കുമെന്നും പുസ്തകം പറയുന്നു. ഈ 'ക്ഷാത്ര ധര്‍മ്മ സാധന' എന്ന പുസ്തകമാണ് അമോല്‍ കാലെയെന്ന ചെറുപ്പക്കാരന്റെ ജീവിതം മാറ്റിമറിച്ചത്.

ഗോവ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹിന്ദുത്വ തീവ്രവാദ ഗ്രൂപ്പാണ് അതാവ്‌ലെയുടെ സനാതന്‍ സന്‍സ്ത. 1990ല്‍ ഒരു ചാരിറ്റബിള്‍ ട്രസ്റ്റായിട്ടാണ് സന്‍സ്ത സ്ഥാപിതമായത്. ഗോവ, പോണ്ടയിലുള്ള ആശ്രമത്തിലെ പ്രവര്‍ത്തനങ്ങളില്‍ സന്‍സ്ത രഹസ്യാത്മകത നിലനിര്‍ത്തി. 2007നും 2009നും ഇടയില്‍ മഹാരാഷ്ട്രയിലെയും ഗോവയിലെയും പൊതുസ്ഥലങ്ങളില്‍ നടന്ന നാല് വ്യത്യസ ബോംബ് സ്‌ഫോടനങ്ങളില്‍ സന്‍സ്തയുടെ അംഗങ്ങള്‍ അറസ്റ്റിലായിട്ടുണ്ട്.

മഹാരാഷ്ട്ര, ഗോവ, കര്‍ണാടക സര്‍ക്കാരുകള്‍ 2011ല്‍ സനാതന്‍ സന്‍സ്തയെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ഒരു നീണ്ട പരാതി നല്‍കിയിരുന്നു. നിരോധിക്കണമെന്ന ആവശ്യം കേന്ദ്രം തള്ളി. സനാതന്‍ സന്‍സ്ത പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. അടുത്ത ആറ് വര്‍ഷത്തിനിടെ പ്രമുഖ മതേതര ചിന്തകരായ നരേന്ദ്ര ധബോല്‍കര്‍, ഗോവിന്ദ് പന്‍സാരെ, ഗൗരി ലങ്കേഷ്, എംഎം കല്‍ബുര്‍ഗി എന്നീ നാല് പേരുടെ കൊലയില്‍ പ്രധാന കുറ്റാരോപിതരായി സന്‍സ്ത അംഗങ്ങളുടെ പേര് ഉയര്‍ന്നുവന്നു.
സനാതന്‍ സന്‍സ്ത ആശ്രമത്തിലെ അന്തേവാസിയായിരുന്നു അമിത് ദേഗ്‌വേക്കര്‍ എന്ന പ്രദീപ് മഹാജന്‍. 2008ല്‍ മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗില്‍ നടന്ന ഒരു മത പരിപാടിയില്‍ വെച്ച് ദേഗ്‌വേക്കര്‍ അമോല്‍ കാലെയെ കണ്ടുമുട്ടി. ശേഷം ഇരുവരും ഒരുമിച്ച് മത പരിപാടികളില്‍ പങ്കെടുക്കുന്നത് തുടര്‍ന്നു. ഈ കാലഘട്ടത്തിലാണ് അമോല്‍ സനാതന്‍ സന്‍സ്തയുടെ ശാഖയായി കണക്കാക്കപ്പെടുന്ന 'ഹിന്ദു ജനജാഗ്രതി സമിതി'യുടെ സജീവ അംഗമായി മാറുന്നത്. സന്‍സ്തയുടെ മുഖപത്രമായ 'സനാതന്‍ പ്രഭാതി'ന്റെ എഡിറ്റര്‍ ശശികാന്ത് റാണെയേയും അമോല്‍ കാലെ പരിചയപ്പെട്ടു.

ഗൗരി ലങ്കേഷ് വധക്കേസിലെ രണ്ട് സുപ്രധാന പ്രതികള്‍ നല്‍കിയ മൊഴികള്‍ യുക്തിവാദികളെയും എഴുത്തുകാരെയും ലക്ഷ്യമിട്ടുള്ള ഈ ഗ്രൂപ്പിനെ ഏകോപിപ്പിച്ചത് ശശികാന്ത് റാണെയാണെന്ന് വെളിപ്പെടുത്തി. 2018ല്‍ ഹൃദയാഘാതം വന്ന് റാണെ മരിച്ചു.

ഹിന്ദു മതം ഭീഷണിയിലാണെന്നും നിയമവ്യവസ്ഥയിലൂടെ നീതി സാധ്യമല്ലെന്നും റാണെ അമോലിനോട് പറഞ്ഞു. ഒരേയൊരു പോംവഴി മതത്തിന് വേണ്ടി പോരാടാന്‍ ഹിന്ദു പുരുഷന്മാരെ സംഘടിപ്പിക്കുക എന്നത് മാത്രമാണന്നും റാണെ വാദിച്ചു. കൂടാതെ മതത്തിന് വേണ്ടി പോരാടാനും ഒരു ഹിന്ദു രാഷ്ട്രം സ്ഥാപിക്കാനും ആളുകളെ റിക്രൂട്ട് ചെയ്തിരുന്ന ബഡേ ഭായിസാബ് എന്ന വീരേന്ദ്ര താവ്‌ഡെയെ റാണെ അമോലിനെ പരിചയപ്പെടുത്തി.

എന്തുകൊണ്ട് ഗൗരി ലങ്കേഷ്?

മാധ്യമപ്രവര്‍ത്തക, ആക്ടിവിസ്റ്റ്, എഴുത്തുകാരി എന്നീ നിലകളില്‍ പ്രശസ്തയായിരുന്ന ഗൗരി ലങ്കേഷ്. 2000ല്‍ പിതാവ് പി ലങ്കേഷിന്റെ മരണത്തേത്തുടര്‍ന്ന് ഇംഗ്ലീഷ് ജേണലിസം മാറ്റിവെച്ച് ലങ്കേഷ് പത്രികയുടെ പത്രാധിപരായി. പ്രശസ്ത കവിയും എഴുത്തുകാരനുമായ പി ലങ്കേഷ് 1980ലാണ് കന്നഡ മാധ്യമായ പത്രിക തുടങ്ങിയത്.

ഗൗരി കൂടുതലും എഴുതിയത് കന്നഡയിലാണ്. ശക്തമായ ഭാഷയിലൂടേയും വലതുപക്ഷത്തിനെതിരെയുള്ള നിര്‍ഭയമായ വിമര്‍ശനത്തിലൂടേയും ഗൗരി ലങ്കേഷ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. ഏകദേശം 10,000ന് മുകളിലായിരുന്നു ഗൗരി ലങ്കേഷ് പത്രികയുടെ സര്‍ക്കുലേഷന്‍. സാമൂഹിക പ്രവര്‍ത്തനവുംം ന്യൂനപക്ഷ അവകാശങ്ങളുടെ സംരക്ഷണത്തിനായി വാദിച്ചും ഗൗരി ലങ്കേഷിനെ കര്‍ണാടകയിലെ ജനപ്രിയ വ്യക്തിയാക്കി. ദലിതര്‍, ആദിവാസികള്‍, ഇടതുപക്ഷക്കാര്‍, മുസ്ലീങ്ങള്‍, ഹിന്ദു വലതുപക്ഷത്തെ എതിര്‍ക്കുന്നവര്‍ എന്നിവരുള്‍പ്പെടെയുള്ള സാമൂഹിക, രാഷ്ട്രീയ ഗ്രൂപ്പുകളെ ഒരുമിച്ച് കൊണ്ടുവരാന്‍ കഴിവുള്ള ഒരു രാഷ്ട്രീയ സംഘാടകയായിരുന്നു ഗൗരി ലങ്കേഷ്.ഗൗരിയുടെ പ്രസംഗത്തിന്റെ ഒരു വീഡിയോയാണ് അമോല്‍ കാലെയുടെ കണ്ണില്‍ അവരെ ഒരു 'ദുര്‍ജന്‍' ആക്കിയത്. മംഗളുരുവില്‍ നടത്തിയ ഒരു പ്രസംഗത്തില്‍ ഗൗരി ഹിന്ദു മതത്തെ 'അനാഥം' എന്ന് വിശേഷിപ്പിച്ചു. 'ആരാണ് ഹിന്ദു മതത്തെ വളര്‍ത്തിയത്? അച്ഛനും അമ്മയും ഇല്ലാത്ത മതമാണിത്. അതില്‍ നല്ല വേദവാക്യങ്ങളില്ല. ഹിന്ദു മതം എന്നൊന്നില്ല. ബ്രിട്ടീഷുകാര്‍ ഇവിടെ വന്നതിനു ശേഷം ഉണ്ടായ കാര്യമാണിത്. ഇതൊരു മതമാണോ?' എന്നിങ്ങനെ ഗൗരി ലങ്കേഷ് ചോദിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

ഗൗരി കൊല്ലപ്പെടുന്നതിന് ഒരു വര്‍ഷം മുമ്പ് അമോല്‍ തന്റെ രഹസ്യ സംഘത്തെ ഈ പ്രസംഗത്തിന്റെ വീഡിയോ ക്ലിപ്പ് കാണിച്ചിരുന്നു. ഹിന്ദു വിരുദ്ധ നിലപാടുകളുടെ പേരില്‍ അവരെ കൊല്ലണമെന്ന് അയാള്‍ സംഘത്തോട് ആഹ്വാനം ചെയ്തതായും പറയപ്പെടുന്നു. 'അവരെ ഇങ്ങനെ സംസാരിക്കുന്നത് തുടരാന്‍ അനുവദിച്ചാല്‍ സമൂഹത്തില്‍ ഹിന്ദുമതത്തെക്കുറിച്ച് മോശമായ അഭിപ്രായം രൂപപ്പെടാന്‍ ഇടയാക്കും,' അമോല്‍ കാലെ പറഞ്ഞതായും വിവരമുണ്ട്.

('ദ ന്യൂസ് മിനുട്ടി'ന് വേണ്ടി പ്രജ്വല്‍ ഭട്ട് തയ്യാറാക്കിയ അന്വേഷണാത്മക വാര്‍ത്താ റിപ്പോര്‍ട്ടിന്റെ ഒന്നാം ഭാഗം, പരിഭാഷ: ഷീബ കെ എസ്)

ആരാണ് ഈ ആളുകള്‍? എപ്പോഴാണ് അമോല്‍ കാലെ ഇവരെ കണ്ടത്? ഗൗരി ലങ്കേഷിന്റെ കൊല ഇവര്‍ ആസൂത്രണം ചെയ്തത് എങ്ങനെ? ഒരു വര്‍ഷത്തോളം എടുത്ത് ഗൗരി ലങ്കേഷിന്റെ വധത്തിന് ഗൂഢാലോചന നടത്തിയോ? ഇപ്പോഴും പിടിക്കപ്പെടാത്ത ആ വ്യക്തിയാര് തുടങ്ങിയ വിവരങ്ങള്‍ അടുത്ത ഭാഗത്തില്‍.

STORY HIGHLIGHTS: Why Gauri Lankesh was assassinated the indoctrination amol kale

Next Story