നവകേരള സദസ്സിൽ പങ്കെടുത്ത ഹൈദരലി തങ്ങളുടെ മരുമകന് പാര്ട്ടിയുമായി ബന്ധമില്ല: മുസ്ലിം ലീഗ്

'പാണക്കാട് കുടുംബവുമായുള്ള വിവാഹ ബന്ധം മുൻനിർത്തി ഇയാൾ നവകേരള സദസ്സിൽ പങ്കെടുത്തത് വലിയ സംഭവമാക്കി മാറ്റുന്നത് സിപിഐഎമ്മിൻ്റെ അൽപത്തം'

dot image

മലപ്പുറം: നവകേരള സദസ്സിന്റെ പ്രഭാത ഭക്ഷണയോഗത്തിൽ പങ്കെടുത്ത ഹസീബ് തങ്ങൾക്ക് മുസ്ലിം ലീഗുമായി ഒരു ബന്ധവുമില്ലെന്ന് ലീഗ് പ്രാദേശിക നേതൃത്വം. ഹസീബ് തങ്ങൾക്ക് മുസ്ലിം ലീഗിൻ്റെ പ്രാഥമിക അംഗത്വം പോലുമില്ലെന്നും പ്രാദേശിക നേതൃത്വം വ്യക്തമാക്കി. പാണക്കാട് കുടുംബവുമായുള്ള വിവാഹ ബന്ധം മുൻനിർത്തി, ഇയാൾ നവകേരള സദസ്സിൽ പങ്കെടുത്തത് വലിയ സംഭവമാക്കി മാറ്റുന്നത് സിപിഐഎമ്മിൻ്റെ അൽപത്തമാണെന്ന് മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മറ്റി പ്രസിഡന്റ് കെ ഇബ്രാഹിം ഹാജിയും ജനറൽ സെക്രട്ടറി പി വി സമദും പ്രസ്താവനയിലൂടെ അറിയിച്ചു.

മുസ്ലിം ലീഗിൻ്റെ സമുന്ന നേതാവായിരുന്ന പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകളുടെ ഭർത്താവ് ഹസീബ് തങ്ങൾ നേരത്തെ തിരൂരിലെ നവകേരള സദസ്സിൻ്റെ പ്രഭാതഭക്ഷണ യോഗത്തിൽ പങ്കെടുത്തിരുന്നു. വികസനത്തിൻ്റെ കാര്യത്തിൽ വ്യക്തിപരമായി രാഷ്ട്രീയം കാണുന്നില്ലെന്നായിരുന്നു പ്രഭാതഭക്ഷണ യോഗത്തിന് ശേഷം ഹസീബ് തങ്ങൾ റിപ്പോർട്ടർ ടിവിയോട് പ്രതികരിച്ചത്. വികസനകാര്യത്തിൽ സർക്കാരുമായി സഹകരിക്കും. വികസന വിഷയങ്ങൾ പറയാനാണ് നവകേരള സദസ്സിൽ പങ്കെടുത്തത്. തിരൂരിൻ്റെ വിവിധ പ്രശ്നങ്ങൾ അറിയിച്ചുവെന്നും ഹസീബ് തങ്ങൾ വ്യക്തമാക്കിയിരുന്നു. മുസ്ലിം ലീഗ് ഭാരവാഹിയല്ലെന്നും എന്നാൽ മുസ്ലിം ലീഗുകാരനാണെന്നും ഹസീബ് തങ്ങൾ പറഞ്ഞിരുന്നു. മുസ്ലിം ലീഗിൽ എം കെ മുനീറുമായി ഏറ്റവും അടുപ്പം പുലർത്തുന്ന പാണക്കാട് കുടുംബാംഗമായാണ് ഹസീബ് തങ്ങൾ അറിയപ്പെടുന്നത്.

ഹൈദരലി ശിഹാബ് തങ്ങളുടെ മരുമകനും കോൺഗ്രസിൻ്റെ ഡിസിസി അംഗവും തിരൂരിലെ നവകേരള സദസ്സിൽ

നവകേരള സദസ്സ് ബഹിഷ്കരിക്കണമെന്നും സഹകരിക്കുന്നവർക്കെതിരെ കർശന നിലപാട് സ്വീകരിക്കുമെന്നാണ് മുസ്ലിം ലീഗ് നിലപാട്. കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലയിൽ നവകേരള സദസ്സിൻ്റെ പ്രഭാതഭക്ഷണ സദസ്സിൽ പങ്കെടുത്ത് പ്രാദേശിക നേതാക്കളെ മുസ്ലിം ലീഗ് സസ്പെൻഡ് ചെയ്തിരുന്നു. അതിനാൽ തന്നെ നവകേരള സദസ്സിലെ ഹസീബ് തങ്ങളുടെ പ്രാതിനിധ്യം പാണക്കാട് കുടുംബത്തിനും തലവേദനയാകുമെന്ന് വിലയിരുത്തലുകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് പ്രദേശിക നേതൃത്വത്തിൻ്റെ നിലപാട് പുറത്ത് വന്നിരിക്കുന്നത്.

dot image
To advertise here,contact us
dot image