Top

തിരുപ്പൂരിലെ ശിശുഭവനിൽ ഭക്ഷ്യവിഷബാധ; മൂന്ന് കുട്ടികൾ മരിച്ചു, 11 പേർ ആശുപത്രിയിൽ

6 Oct 2022 1:10 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തിരുപ്പൂരിലെ ശിശുഭവനിൽ ഭക്ഷ്യവിഷബാധ; മൂന്ന് കുട്ടികൾ മരിച്ചു, 11 പേർ ആശുപത്രിയിൽ
X

തിരുപ്പൂർ: തമിഴ്നാട് തിരുപ്പൂരിലെ ശിശുഭവനിൽ ഭക്ഷ്യവിഷബാധയെത്തുടർന്ന് മൂന്നു കുട്ടികൾ മരിച്ചു. ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട 11 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുപ്പൂരിലെ വിവേകാനന്ദ സേവാലയയിലെ താമസക്കാരായ കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

ബുധനാഴ്ച രാത്രി കുട്ടികൾ ഇഡ്ഡലിയും പൊങ്കലും കഴിച്ചതിനെത്തുടർന്ന് ചില അസ്വസ്ഥതകൾ അനുഭവപ്പെട്ടിരുന്നു. ഇതേത്തുടർന്ന് ശിശുഭവനിലെ ജീവനക്കാർ ഇവർക്ക് മരുന്ന് നൽകിയിരുന്നു. ശേഷം ഉച്ചഭക്ഷണത്തിനും അത്താഴത്തിനും വിളമ്പിയ ഭക്ഷണവും കുട്ടികൾക്ക് കഴിക്കാൻ കഴിഞ്ഞില്ല. വ്യാഴാഴ്ച രാവിലെ പ്രഭാത ഭക്ഷണം കഴിച്ചതോടെയാണ് കുട്ടികളുടെ ആരോഗ്യനില മോശമായതെന്നും ചില കുട്ടികൾ ബോധരഹിതരായതെന്നുമാണ് വിവരം.

സേവാലയയിലെ 15 വിദ്യാർത്ഥികളിൽ രണ്ടുപേർ ഇന്ന് രാവിലെ ഹോസ്റ്റലിലും മറ്റൊരാൾ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയുമാണ് മരിച്ചത്. 10നും 14നും ഇടയിൽ പ്രായമുള്ളവരാണ് മരിച്ചത്. സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഭക്ഷണ സാമ്പിളുകൾ അന്വേഷണത്തിനായി അയച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. നിലവിൽ ചികിത്സയിലുളള കുട്ടികളുടെ ആരോഗ്യനില മെച്ചപ്പെട്ടതായും ഉദ്യോഗസ്ഥർ പറഞ്ഞു.

STORY HIGHLIGHTS: Three children die of suspected food poisoning in Tiruppur

Next Story