ഒരു ജീവന്റെ പ്രശ്‌നമാണ്: നിമിഷപ്രിയയുടെ മോചനത്തിന് പ്രധാനമന്ത്രി നേരിട്ട് ഇടപെടണമെന്ന് കെ സി വേണുഗോപാല്‍

നാലുദിവസം മാത്രമാണ് ഇനി മുന്നിലുളളതെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കൂടുതല്‍ കാര്യക്ഷമമായി വിഷയത്തെ കാണണമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു

dot image

കൊല്ലം: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് ഇടപെടണമെന്ന് കെസി വേണുഗോപാല്‍ എം പി. നാലുദിവസം മാത്രമാണ് ഇനി മുന്നിലുളളതെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കൂടുതല്‍ കാര്യക്ഷമമായി വിഷയത്തെ കാണണമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. അടിയന്തരമായി സംസ്ഥാന മന്ത്രിതല സംഘം പ്രധാനമന്ത്രിയെ കാണണമെന്നും ഒരു ജീവന്റെ പ്രശ്‌നമാണ് എന്ന പരിഗണനയില്‍ മുഖ്യമന്ത്രി കൂടുതല്‍ ഗൗരവത്തോടെ ഈ വിഷയം കൈകാര്യം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, നിമിഷപ്രിയയുടെ മോചന വിഷയത്തില്‍ പ്രതികരിക്കാന്‍ കേന്ദ്രസർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. നിമിഷപ്രിയയുടെ മോചനത്തിന് കഴിയുന്നതെല്ലാം ചെയ്യുമെന്നാണ് നേരത്തെ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ വധശിക്ഷയുമായി ബന്ധപ്പെട്ട തീരുമാനം വന്നതിനു പിന്നാലെ വിഷയത്തില്‍ പ്രതികരണമുണ്ടായിട്ടില്ല. മോചനത്തിനുളള പണം എത്രയാണെങ്കിലും നല്‍കാന്‍ നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ തയ്യാറാണ്. കേന്ദ്രസര്‍ക്കാര്‍ അതിനുവേണ്ടി പണം ചിലവാക്കേണ്ടതില്ല. പക്ഷെ നയതന്ത്ര തലത്തില്‍ ബ്ലഡ് മണിയുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കാന്‍ വഴിയൊരുക്കണമെന്നാണ് ആവശ്യം ഉയരുന്നത്.

യെമനുമായി ഇന്ത്യയ്ക്ക് നയതന്ത്ര ബന്ധമില്ലാത്തതാണ് നിലവിലെ പ്രതിസന്ധി. ഇറാന്‍ പോലെ യെമനുമായി നയതന്ത്ര ബന്ധമുളള രാജ്യങ്ങളുമായി ഇക്കാര്യത്തില്‍ സംസാരിക്കാന്‍ ഇന്ത്യയ്ക്ക് കഴിയും. കേന്ദ്രം ആ വഴി ഉപയോഗിക്കണമെന്നാണ് ആവശ്യം. മോചനവുമായി ബന്ധപ്പെട്ട് ഇതുവരെ സ്വീകരിച്ച നിലപാടുകള്‍ തിങ്കളാഴ്ച്ച സുപ്രീംകോടതിയില്‍ കേന്ദ്രം വ്യക്തമാക്കുമെന്നാണ് സൂചന.

നിമിഷപ്രിയക്കായി ഇടപെടണം എന്നാവശ്യപ്പെട്ട് പാര്‍ലമെന്റ് അംഗങ്ങളായ കെ രാധാകൃഷ്ണന്‍, ജോണ്‍ ബ്രിട്ടാസ്, കൊടിക്കുന്നില്‍ സുരേഷ്, എന്നിവരും ചാണ്ടി ഉമ്മന്‍ എംഎല്‍എ, കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല, കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി എന്നിവരും രംഗത്തെത്തിയിരുന്നു. യെമന്‍ പൗരന്‍ തലാല്‍ അബ്ദു മഹ്ദി കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്നാണ് റിപ്പോർട്ട്. 2017 മുതൽ യെമനിലെ ജയിലിൽ കഴിയുകയാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷപ്രിയ.

Content Highlights: KC Venugopal urges Prime Minister Narendra Modi to intervene directly for Nimishapriya's release

dot image
To advertise here,contact us
dot image