Top

എഞ്ചിനിൽ തീ, സ്പൈസ് ജെറ്റ് വിമാനം അടിയന്തരമായി തിരിച്ചിറക്കി; പക്ഷിക്കൂട്ടം ഇടിച്ചതെന്ന് സൂചന, വീഡിയോ

ഞായറാഴ്ച്ച ഉച്ചയ്ക്ക് 12.30നാണ് പാട്നയിൽ നിന്ന് 185 യാത്രക്കാരുമായി സ്പൈസ് ജെറ്റിന്റെ ബോയിങ് 737-800 ഡെൽഹിയിലേക്ക് പറന്നുയർന്നത്

19 Jun 2022 10:07 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എഞ്ചിനിൽ തീ, സ്പൈസ് ജെറ്റ് വിമാനം അടിയന്തരമായി തിരിച്ചിറക്കി; പക്ഷിക്കൂട്ടം ഇടിച്ചതെന്ന് സൂചന, വീഡിയോ
X

പാട്നയിൽ നിന്ന് ഡെൽഹിയിലേക്ക് പുറപ്പെട്ട സ്പൈസ് ജെറ്റ് വിമാനം അടിയന്തരമായി തിരിച്ചിറക്കി. വിമാനത്തിന്റെ എഞ്ചിനിൽ തീപിടിച്ചതിനെ തുടർന്നാണ് അടിയന്തര നീക്കം. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെല്ലാം സുരക്ഷിതരാണ്. എഞ്ചിനിൽ തീപിടിച്ചതായി വ്യക്തമായതോടെ പൈലറ്റ് വിമാനം പാട്ന വിമാനത്താവളത്തിൽ തിരിച്ചിറക്കുകയായിരുന്നു.

ഞായറാഴ്ച്ച ഉച്ചയ്ക്ക് 12.30നാണ് പാട്നയിൽ നിന്ന് 185 യാത്രക്കാരുമായി സ്പൈസ് ജെറ്റിന്റെ ബോയിങ് 737-800 ഡെൽഹിയിലേക്ക് പറന്നുയർന്നത്. എന്നാൽ ടേക്ക് ഓഫിന് പിന്നാലെ എഞ്ചിനിൽ തീപിടിച്ചു. ഇതോടെ അടിയന്തരമായി തിരിച്ചിറക്കുകയായിരുന്നു. അതേസമയം നാട്ടുകാരാണ് വിമാനത്തിന്റെ ഇടതു ഭാ​ഗത്ത് തീപിടിച്ചതായി വിമാനത്താവള അധികൃതരെ അറിയിച്ചതെന്നും റിപ്പോർട്ടുകളുണ്ട്. ടേക്ക് ഓഫിന് പിന്നാലെ ഇടതു ഭാ​ഗത്ത് തീ കണ്ട പ്രദേശവാസികൾ വിമാനത്താവള അധികൃതരെ അറിയിക്കുകയും വിമാനം തിരിച്ചിറക്കുകയുമായിരുന്നുവെന്നുമാണ് റിപ്പോർട്ട്.

വിമാനത്തിന്റെ എഞ്ചിൻ ഫാൻ ബ്ലേഡുകൾ തകർന്ന നിലയിലാണെന്ന് പാട്‌ന ജില്ലാ മജിസ്‌ട്രേറ്റ് ചന്ദ്രശേഖർ സിങ് പറഞ്ഞു. ടേക്ക് ഓഫിന് പിന്നാലെ എഞ്ചിനിൽ പക്ഷി ഇടിച്ചെന്ന് സൂചന പൈലറ്റിന് ലഭിച്ചിരുന്നുവെന്നാണ് സ്പൈസ് ജെറ്റിന്റെ വിശദീകരണം. പക്ഷി ഇടിച്ചെന്ന സൂചന ലഭിച്ചതോടെ പൈലറ്റ് മുൻകരുതൽ‌ നടപടിയെന്ന നിലയിൽ എഞ്ചിൻ ഓഫ് ചെയ്തു. പിന്നീട് വിമാനം തിരിച്ചിറക്കിയെന്നും സ്പൈസ് ജെറ്റ് വിശദീകരണത്തിൽ‌ പറയുന്നു. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും എൻജിനിലെ മൂന്ന് ഫാൻ ബ്ലേഡുകൾ തകർന്നിട്ടുണ്ടെന്നും സ്‌പൈസ് ജെറ്റ് വ്യക്തമാക്കിയിട്ടുണ്ട്.

STORY HIGHLIGHTS: SpiceJet flight emergency landing in Patna

Next Story