18ാം പിറന്നാളിന് ഉയരം കുറവുള്ള മനുഷ്യരെ കൊണ്ട് 'തമാശ പരിപാടികള്‍'; ലമീൻ യമാലിനെതിരെ രൂക്ഷ വിമര്‍ശനം

ഞായറാഴ്ച്ച ബാഴ്‌സലോണയിൽ നിന്നും 50 കിലോമീറ്ററപ്പുറം സ്ഥിതി ചെയ്യുന്ന ഒലിവെല്ല എന്ന ചെറിയ ടൗണിൽ വെച്ച് നടന്ന പാർട്ടിയിൽ യൂട്യൂബർമാർ, ഇൻഫ്‌ളുവൻസേഴ്‌സ്, ബാഴ്സലോണ ടീം അംഗങ്ങൾ എന്നിവരെല്ലാം പങ്കെടുത്തിരുന്നു

dot image

18ാം പിറന്നാളിന് നടത്തിയ പാർട്ടിയിൽ വിവാദത്തിലായി ബാഴ്‌സലോണ യുവ സൂപ്പർതാരം ലമീൻ യമാൽ. പ്രൈവറ്റ് പാർട്ടിയിൽ ഉയരം കുറഞ്ഞ മനുഷ്യരെ ആഘോഷങ്ങൾക്കായി കൊണ്ടുവന്നതാണ് വിവാദമായത്. ലമീൻ യമാലിനെതിരെ അന്വേഷണം വേണമെന്ന് സ്‌പെയിൻ പ്രോസിക്യൂട്ടറിനോട് സ്‌പെയിനിന്റെ മിനിസിറ്റ്രി ഓഫ് സോഷ്യൽ റൈറ്റ്‌സ് ആവശ്യപ്പെട്ടു.

ഞായറാഴ്ച്ച ബാഴ്‌സലോണയിൽ നിന്നും 50 കിലോമീറ്ററപ്പുറം സ്ഥിതി ചെയ്യുന്ന ഒലിവെല്ല എന്ന ചെറിയ ടൗണിൽ വെച്ച് നടന്ന പാർട്ടിയിൽ യൂട്യൂബർമാർ, ഇൻഫ്‌ളുവൻസേഴ്‌സ്, ബാഴ്സലോണ ടീം അംഗങ്ങൾ എന്നിവരെല്ലാം പങ്കെടുത്തിരുന്നു. ഇവിടെയാണ് അതിഥികളെ സന്തോഷിപ്പിക്കുന്നതിന് വേണ്ടി പൊക്കം കുറഞ്ഞ മനുഷ്യരുമെത്തിയത്.

21ാം നൂറ്റാണ്ടിൽ ഒരിക്കലും അംഗീകരിക്കാൻ സാധിക്കാത്ത പ്രവൃത്തിയാണ് ഇതെന്നാണ് അസോസിയേഷൻ ഓഫ് പീപ്പിൾ വിത്ത് അക്കോണ്ട്രോപ്ലാസിയ ആൻഡ് അദർ സ്‌കെലെറ്റൽ ഡിസ്പ്ലാസിയസ് ഇൻ സ്‌പെയിൻ (ADEE) സംഭവത്തെ കുറിച്ച് പറഞ്ഞത്. താരത്തിനെതിരെ ഇവർ നിയമപരമായി പരാതി നൽകിയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

സമൂഹത്തിന്റെ നീതിയെ തന്നെ ബാധിക്കുന്ന തരത്തിലുള്ള പ്രവൃത്തിയാണ് ഇതെന്നും വിവേചനപരമായ ഇത്തരം കാര്യങ്ങൾക്കെതിരെ കർശനമായ നിയമനടപടി തന്നെ വേണമെന്നും ADEE പറയുന്നു.

എന്നാൽ പരിപാടിയിൽ പങ്കെടുത്ത ഒരാൾ യമാലിനെ പ്രതിരോധിച്ച് രംഗത്തെത്തിയിട്ടുണ്ട്. 'ഞങ്ങളെ ആരും അനാദരിച്ചില്ലെന്നും വളരെ സമാധാനത്തോടെയാണ് ഞങ്ങൾ ജോലി ചെയ്തത്' എന്നാണ് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത കലാകാരൻ പറഞ്ഞത്. സ്പാനിഷ് റേഡിയോ സ്‌റ്റേഷനായ RAC1നോടാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.

'ഇത്രയും പ്രചാരണം എന്തിനാണ് എന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഞങ്ങൾ സാധാരണക്കാരാണ്, തികച്ചും നിയമപരമായ രീതിയിൽ, ഞങ്ങൾക്ക് ഇഷ്ടമുള്ളത് ചെയ്യുന്നവരാണ്. ഞങ്ങൾ എന്റർടെയ്നർമാരായി പ്രവർത്തിക്കുന്നു. ഞങ്ങളുടെ ശാരീരികാവസ്ഥ കാരണം അങ്ങനെ ചെയ്തുകൂടെന്നുണ്ടോ?,' അദ്ദേഹം റേഡിയോയിൽ പറഞ്ഞു. പ്രൈവറ്റ് വൃത്തങ്ങളിൽ നടക്കുന്ന കാര്യങ്ങളെ കുറിച്ച് ഒന്നും പറയാൻ സാധിക്കില്ലെന്നാണ് വിഷയത്തിൽ ബാഴ്‌സലോണ ക്ലബ്ബിന്റെ പ്രതികരണം.

Content Highlights- Barcelona superstar Lamine Yamal is facing trouble following his 18th birthday celebration

dot image
To advertise here,contact us
dot image