Top

'യുഎപിഎ മറ്റുള്ളവരെ ദ്രോഹിക്കാനുള്ള ഒരായുധമാണ്'; നിയമം റദ്ദാക്കാന്‍ സ്വകാര്യ ബില്ലുമായി തരൂര്‍

2 April 2022 7:52 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യുഎപിഎ മറ്റുള്ളവരെ ദ്രോഹിക്കാനുള്ള ഒരായുധമാണ്; നിയമം റദ്ദാക്കാന്‍ സ്വകാര്യ ബില്ലുമായി തരൂര്‍
X

ന്യൂഡല്‍ഹി: മറ്റുള്ളവരെ ദ്രോഹിക്കാനുള്ള ആയുധമാണ് യുഎപിഎ എന്ന് ശശി തരൂര്‍ എംപി. യുഎപിഎ നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ച് കൊണ്ടാണ് തരൂര്‍ ഇത്തരം ഒരു പ്രതികരണം നടത്തുന്നത്. യുഎപിഎ പ്രകാരം ചുമത്തപ്പെട്ട കേസുകളില്‍ 56 ശതമാനം പേര്‍ കുറ്റപത്രം പോലും സമര്‍പ്പിക്കപ്പെടാതെ രണ്ട് വര്‍ഷത്തോളം തടവില്‍ കഴിയുന്ന നിലയുണ്ടായി. 66 ശതമാനം കേസുകളില്‍ അക്രമ പ്രവര്‍ത്തനങ്ങളില്ല. 2014ന് ശേഷം ഇത്തരം കേസുകളില്‍ കേവലം 2.4 ശതമാനം പേര് മാത്രമേ ശിക്ഷിക്കപ്പെടുന്നുള്ളൂ എന്നും തരൂര്‍ ചൂണ്ടിക്കാട്ടുന്നു.

വ്യക്തമായ നിയമ പരിരക്ഷ ലഭിക്കാതെ പൗരന്‍മാര്‍ നടപടികള്‍ നേരിടുക എന്നത് നമ്മുടെ ജനാധിപത്യത്തിലുള്ള ഒരു കറയാണെന്നും തരൂര്‍ ചൂണ്ടിക്കാട്ടുന്നു. യുഎപിഎ എന്ന നിയമത്തിന്റെ ദുരുപയോഗത്തെ കുറിച്ച് സുപ്രീം കോടതിയിലെ പല ജഡ്ജിമാരും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. അധികാര ദുര്‍വിനിയോഗത്തിന് വാതില്‍ തുറന്നിട്ടിരിക്കുകയാണ് യുഎപിഎ എന്ന നിയമം. വ്യക്തികളേയും സംഘടനകളേയും തീവ്രവാദികളെന്ന് മുദ്രകുത്താനും അടിച്ചമര്‍ത്താനുള്ള ആയുധമായും യുഎ.പി.എ ഇന്ന് മാറിയിട്ടുണ്ട്. നിയമം മൂലം ജനങ്ങളുടെ മൗലികാവകാശം ലംഘിക്കപ്പെടുന്ന സാഹചര്യമുണ്ടെന്നും അദ്ദേഹം സ്വകാര്യ ബില്ലില്‍ പറയുന്നു.

യുഎപിഎക്ക് എതിരായ ബില്ലിന് പുറമെ പരമ്പരാഗത വിദ്യകളെ സംരക്ഷിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ബില്ലും തരുര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. പരമ്പരാഗത വിദ്യ കൈവശത്താക്കിയവര്‍ക്ക് സംരക്ഷണം നല്‍കുന്നതും പരമ്പരാഗത വിദ്യയുടെ സംരക്ഷണത്തിനായി ഒരു ദേശീയ അതോറിറ്റിക്ക് രൂപം കൊടുക്കണം. അതേസമയം, ഇത്തരം കഴിവുകള്‍ ദുരുപയോഗം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നിലപാട് എടുക്കണമെന്നും തരൂര്‍ ആവശ്യപ്പെടുന്നു.

Content Highlight: Shashi Tharoor introduced a Private Member's Bill to repeal the uapa Act

Next Story