Top

എന്‍സിബി അന്വേഷണങ്ങള്‍ മാധ്യമശ്രദ്ധ നേടാന്‍ മാത്രം; ആരോപണവുമായി സുശാന്ത് സിങ് കേസിലെ അഭിഭാഷകന്‍

31 Oct 2021 7:16 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എന്‍സിബി അന്വേഷണങ്ങള്‍ മാധ്യമശ്രദ്ധ നേടാന്‍ മാത്രം; ആരോപണവുമായി സുശാന്ത് സിങ് കേസിലെ അഭിഭാഷകന്‍
X

മയക്ക് മരുന്ന് കേസില്‍ ആര്യന്‍ ഖാന്‍ അറസ്റ്റിലായതിന് പിന്നാലെ ഉയര്‍ന്ന വിവാദങ്ങള്‍ക്ക് പിന്നാലെ എന്‍സിബിക്കെതിരെ കുടുതല്‍ ആരോപണങ്ങള്‍. എന്‍സിബിയുടെ അന്വേഷണങ്ങള്‍ വെറും മാധ്യമ ശ്രദ്ധ പിടിച്ചുപറ്റാനുള്ള ശ്രമങ്ങളാണെന്ന് കഴിഞ്ഞ വര്‍ഷം ആത്മഹത്യ ചെയ്ത നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ കേസില്‍ അഭിഭാഷകനായിരുന്ന വികാസ് സിങ്.

ചെറിയ തോതില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്ന അല്ലെങ്കില്‍ കൈവശം വയ്ക്കുന്നവരെ ആണ് എന്‍സിബി ലക്ഷ്യം വെക്കുന്നത്. ഡല്‍ഹിയില്‍ കുട്ടികളടക്കം മയക്കുമരുന്ന് ഉപയോഗിക്കുന്ന പാര്‍ട്ടികള്‍ നടക്കുന്നുണ്ടെന്നും വികാസ് സൂചിപ്പിച്ചു. എന്നാല്‍ അധികാര ശക്തിയുള്ള ആരും ഇല്ലാത്തതുകൊണ്ടാണ് ദല്‍ഹിയില്‍ എന്‍സിബി റെയ്ഡ് സംഘടിപ്പിക്കാത്തതെന്ന് ആര്യന്റെ കേസിനെ പരാമര്‍ശിച്ച് വികാസ് സിങ് വ്യക്തമാക്കി. മയക്കുമരുന്ന് അന്വേഷണങ്ങളില്‍ ബോളിവുഡിനെ മാത്രം ലക്ഷ്യം വെക്കുന്നത് ശരിയായ നടപടിയല്ല. ബോളിവുഡില്‍ മുഴുവന്‍ പേരും മയക്കുമരുന്നിന് അടിമകളാണെന്ന പൊതുധാരണയുണ്ടാക്കാനുള്ള എന്‍സിബി നീക്കം തെറ്റാണെന്നും വികാസ് സി്ങ് വ്യക്തമാക്കി.

സുശാന്ത് സിങ് രജ്പുതിന്റെ ആത്മഹത്യാക്കേസില്‍ മയക്കുമരുന്നുമായി ബന്ധപ്പെട്ട് എന്‍സിബി നടത്തിയ അന്വേഷണങ്ങള്‍ ബോളിവുഡിലെ പ്രമുഖ താരങ്ങളിലേക്ക് നീണ്ടിരുന്നു. പല പ്രമുഖരേയും ചോദ്യം ചെയ്യലിന് വിധേയമാക്കുകയും ചെയ്തിരുന്നു. കേസില്‍ സുശാന്തിന്റെ കാമുകിയും നടിയുമായിരുന്ന റിയാ ചക്രവര്‍ത്തിക്കെതിരെ സുശാന്തിന്റെ പിതാവ് കെകെ സിങിന് വേണ്ടി ഹാജരായത് വികാസ് സിങായിരുന്നു. ആര്യന്‍ ഖാന്റെ അറസ്റ്റില്‍ എന്‍സിബിക്കെതിരെ കടുത്ത ആരോപണങ്ങള്‍ ഉയരുന്നതിനിടെയാണ് വികാസ് സിങും എന്‍സിബിക്കെതിരെ തിരിയുന്നത്.

മുംബൈ മയക്കുമരുന്ന് കേസില്‍ ആര്യന്‍ ഖാന് പിന്തുണയുമായി കൂടുതല്‍ പേര് മുന്നോട്ടുവരികയാണ്. അതേസമയം എന്‍സിബിക്കും സോണല്‍ ഓഫീസര്‍ സമീര്‍ വാങ്കെഡെക്കും എതിരെ ശക്തമായ വിമര്‍ശനങ്ങള്‍ പല കോണില്‍ നിന്നും ഉയരുന്നുണ്ട്.

Next Story