Top

50ഓളം എംഎല്‍എമാരുടെ പിന്തുണയെന്ന് ഷിന്‍ഡെ, ബുക്ക് ചെയ്തത് 70 മുറികള്‍; ജൂണ്‍ 30 വരെ ബുക്കിംഗ് നിര്‍ത്തി റാഡിസണ്‍ ബ്ലൂ ഹോട്ടല്‍

ഗുവാഹത്തി യൂണിവേഴ്‌സിറ്റിക്കും അസം എഞ്ചിനീയറിംഗ് കോളേജ് ക്യാമ്പസിനും അടുത്ത് പ്രശസ്തമായ ദീപോര്‍ തടാകത്തിന് സമീപത്താണ് ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്

26 Jun 2022 10:32 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

50ഓളം എംഎല്‍എമാരുടെ പിന്തുണയെന്ന് ഷിന്‍ഡെ, ബുക്ക് ചെയ്തത് 70 മുറികള്‍; ജൂണ്‍ 30 വരെ ബുക്കിംഗ് നിര്‍ത്തി റാഡിസണ്‍ ബ്ലൂ ഹോട്ടല്‍
X

ഗുവാഹത്തി: മഹാരാഷ്ട്രയിലെ വിമത എംഎല്‍എമാരെ പാര്‍പ്പിച്ചിരിക്കുന്ന അസമിലെ റാഡിസണ്‍ ബ്ലൂ ഹോട്ടല്‍ ജൂണ്‍ 30 വരെ പുതിയ ബുക്കിംഗുകള്‍ സ്വീകരിക്കുന്നില്ല. നേരത്തെ, 28 വരെ വിമത എംഎല്‍എമാര്‍ക്കായി ഹോട്ടല്‍ ബുക്ക് ചെയ്തിരുന്നെങ്കിലും ഇത് 30 വരെ നീട്ടിയിരുന്നു. ഇതോടെയാണ് ഗുവാഹത്തിയിലെ പഞ്ചനക്ഷത്ര ഹോട്ടല്‍ ബുക്കിംഗ് നിര്‍ത്തിവെച്ചിരിക്കുന്നത്.

റാഡിസണ്‍ ബ്ലൂ ഹോട്ടലിന്റെ വെബ്‌സൈറ്റില്‍ ജൂണ്‍ മുപ്പത് വരെ ബുക്ക് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ റൂം ലഭ്യമല്ലെന്നും മറ്റൊരു തീയതി തെരഞ്ഞെടുക്കാനുമാണ് ആവശ്യപ്പെടുന്നത്. എന്നാല്‍ ജൂലായ് ഒന്ന് മുതല്‍ മുറികള്‍ ലഭ്യമാണെന്ന് വെബ്‌സൈറ്റ് പറയുന്നു. ജൂണ്‍ 30 വരെ ഹോട്ടലിന്റെ മാക്‌സിമം കപ്പാസിറ്റിയില്‍ ആളുകളെ അനുവദിച്ചിരിക്കുകയാണെന്ന് ഹോട്ടലുമായി ബന്ധപ്പെട്ടവര്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

കഴിഞ്ഞ 22നാണ് മഹാരാഷ്ട്രയില്‍ അപ്രതീക്ഷിതമായി ഭരണ പ്രതിസന്ധി ഉണ്ടാവുന്നതും ഏക്‌നാഥ് ഷിന്‍ഡെ തനിക്കൊപ്പം നില്‍ക്കുന്ന എംഎല്‍എമാരുമായി അസമിലെ ഗുവാഹത്തിയിലേക്ക് പറക്കുന്നതും. നിലവില്‍ 50 എംഎല്‍എമാരുടെ പിന്തുണയാണ് ഷിന്‍ഡെ ക്യാമ്പ് അവകാശപ്പെടുന്നത്. എന്നാല്‍ ഹോട്ടലിലെ 70 മുറികള്‍ ഷിന്‍ഡെക്കായി ബുക്ക് ചെയ്തിട്ടുണ്ട്. എംഎല്‍എമാര്‍ക്ക് പുറമേ, ഒപ്പമുള്ളവര്‍ക്കും കൂടെയാണ് ഇത്രയും മുറികള്‍ ബുക്ക് ചെയ്തിരിക്കുന്നത്.

ഹോട്ടലില്‍ താമസിക്കാത്ത അതിഥികള്‍ക്ക് നിലവില്‍ റെസ്‌റ്റോറന്റുകളിലേക്കും മറ്റും നിലവില്‍ പ്രവേശനം നല്‍കുന്നില്ല. പുതിയ അതിഥികള്‍ക്ക് കെട്ടിടത്തിലേക്ക് പ്രവേശനം നല്‍കുന്നില്ലെന്ന് ഗുവാഹത്തി പൊലീസിലെ ഉദ്യോഗസ്ഥരും പിടിഐയോട് സ്ഥിരീകരിച്ചു. ഹോട്ടലുമായി ധാരണയുള്ള വിമാന കമ്പനി ജീവനക്കാര്‍ക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്. പൊലീസ്, പാരാ മിലിറ്ററി സേനകള്‍, റിസര്‍വ് ബെറ്റാലിയന്‍ ജവാന്മാര്‍ തുടങ്ങിയവരുടെ കനത്ത സുരക്ഷയും ഹോട്ടലിന് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

2014ലാണ് റാഡിസണ്‍ ബ്ലൂ ഹോട്ടല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. വടക്ക്- കിഴക്കന്‍ സംസ്ഥാനങ്ങളിലെ ആദ്യത്തെ ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ എന്ന പ്രത്യേകത ഗുവാഹത്തി റാഡിസണ്‍ ബ്ലൂവിനുണ്ട്. ഗുവാഹത്തി യൂണിവേഴ്‌സിറ്റിക്കും അസം എഞ്ചിനീയറിംഗ് കോളേജ് ക്യാമ്പസിനും അടുത്ത് പ്രശസ്തമായ ദീപോര്‍ തടാകത്തിന് സമീപത്താണ് ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്.

STORY HIGHLIGHTS: Radisson Blu Guwahati closes new bookings till June 30

Next Story