Top

'കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണം'; 2020ലെ കലാപം ആവര്‍ത്തിക്കരുതെന്ന് അമിത് ഷാ നിര്‍ദ്ദേശം നല്‍കിയതായി ആഭ്യന്തര വകുപ്പ്

ഡല്‍ഹി പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരുമായി അമിത് ഷാ സംസാരിച്ചു

18 April 2022 10:35 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണം; 2020ലെ കലാപം ആവര്‍ത്തിക്കരുതെന്ന് അമിത് ഷാ നിര്‍ദ്ദേശം നല്‍കിയതായി ആഭ്യന്തര വകുപ്പ്
X

ന്യൂഡല്‍ഹി: ഹനുമാന്‍ ജയന്തിയോട് അനുബന്ധിച്ചുണ്ടായ അക്രമസംഭവവുമായി ബന്ധപ്പെട്ട കേസില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിര്‍ദേശം. ഡല്‍ഹി പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരുമായി അമിത് ഷാ സംസാരിച്ചു. അന്വേഷണത്തില്‍ ഒരു തെറ്റും വരുത്തരുതെന്നും നിര്‍ദേശം നല്‍കി.

ഹനുമാന്‍ ജയന്തി ഘോഷയാത്രയ്ക്കിടെ ഡല്‍ഹിയിലെ ജഹാംഗീര്‍പുരിയില്‍ അക്രമം നടന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഡല്‍ഹി പൊലീസ് കമ്മീഷണര്‍ രാകേഷ് അസ്താനയുമായി സംസാരിച്ചത്. സംഘര്‍ഷവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഒരു തെറ്റും വരുത്തരുതെന്ന് പൊലീസിന് നിര്‍ദേശം നല്‍കി. 2020ലെ ഡല്‍ഹി കലാപം ആവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്നും കുറ്റാരോപിതര്‍ക്കെതിരെ സ്വീകരിക്കുന്ന നടപടി മാതൃകാപരമായിരിക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടതായി ആഭ്യന്തര വകുപ്പ് അറിയിച്ചു.

അതേസമയം, അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേരുള്‍പ്പടെ 23 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റ് പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണെന്ന് രാകേഷ് അസ്താന പറഞ്ഞിരുന്നു. കുറ്റക്കാരെന്ന് കണ്ടെത്തുന്ന ഏതൊരു വ്യക്തിക്കെതിരെയും അവരുടെ മതവും സമുദായവും പരിഗണിക്കാതെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ജഹാംഗീര്‍പുരിയില്‍ വര്‍ഗീയ സംഘര്‍ഷത്തിന് കാരണമായ ശോഭാ യാത്ര മതിയായ അനുമതിയില്ലാതെയാണ് നടത്തിയതെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

STORY HIGHLIGHTS: On Jahangirpuri Violence Amit Shah Asks Police To Take Strict Action

Next Story